US Winter Storm: ശക്തമായ ശീതക്കാറ്റ്; യുഎസിൽ റദ്ദാക്കിയത് 1800ലേറെ വിമാന സർവീസുകൾ
Winter Storm Hits US Airlines: ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവധിക്കാലമായതിനാൽ സർവീസുകൾ റദ്ദാക്കിയതും വൈകിയതും നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.
ന്യൂയോർക്ക്: അതിശക്തമായ ശീതക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് യുഎസിൽ വ്യോമഗതാഗതം പ്രതിസന്ധിയിൽ (Winter Storm Hits US Airlines). 1,800-ലേറെ വിമാന സർവീസുകളാണ് കടുത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് റദ്ദാക്കിയത്. ഒട്ടനവധി വിമാന സർവീസുകൾ വൈകുകയും ചെയ്തതായാണ് റിപ്പോർട്ട്. അവധിക്കാലമായതിനാൽ സർവീസുകൾ റദ്ദാക്കിയതും വൈകിയതും നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.
1,802 വിമാനങ്ങൾ റദ്ദാക്കിയതായും 22,349 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നതായും വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ALSO READ: മഞ്ഞില്‍ കുളിച്ച് പര്‍വതങ്ങള്‍…സൗദിയില്‍ 30 വര്‍ഷത്തിന് ശേഷം ഇതാദ്യം
അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രാതടസ്സം നേരിട്ട യാത്രക്കാർക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ജെറ്റ്ബ്ലൂ എയർവേയ്‌സ് 225 വിമാനങ്ങൾ റദ്ദാക്കി, ഡെൽറ്റ എയർ ലൈൻസ് 186, റിപ്പബ്ലിക് എയർവേയ്‌സ് 155, അമേരിക്കൻ എയർലൈൻസ് 96, യുണൈറ്റഡ് എയർലൈൻസ് 82 എന്നിങ്ങനെയാണ് റദ്ദാക്കിയ വിമാനങ്ങളുടെ കണക്ക്. ഗ്രേറ്റ് ലേക്ക്സ്, വടക്കൻ മിഡ്-അറ്റ്ലാന്റിക്, തെക്കൻ ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക്, ന്യൂയോർക്ക് സിറ്റി, എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
വെള്ളിയാഴ്ച ഉച്ചയോടെ രാജ്യത്തെ പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ റോഡുമാർഗമുള്ള യാത്രയ്ക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ആളുകൾ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.