Greenland: ദേശീയ സുരക്ഷയ്ക്ക് യുഎസിന് ഗ്രീന്‍ലാന്‍ഡ് വേണം; പ്രത്യേക പ്രതിനിധിയെ നിയമിച്ച് ട്രംപ്
Trump's Special Envoy in Greenland: ധാതുസമ്പന്നമായ ആര്‍ട്ടിക് ദ്വീപ് സ്വന്തമാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ കുറിച്ചുള്ള തെളിവാണ് ഇതോടെ പുറത്തുവന്നത്. മികച്ച നയതന്ത്രജ്ഞന്‍ ആയതിനാലാണ് ലാന്‍ഡ്രിയെ പ്രതിനിധിയായി നിയമിച്ചതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡില്‍ ട്രംപ് പ്രത്യേക പ്രതിനിധിയെ നിയമിച്ചു. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപിന്റെ നീക്കം. ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിക്ക് ഗ്രീന്‍ലാന്‍ഡിന്റെ പ്രത്യേക പ്രതിനിധിയായുള്ള അധിക ചുമതല ട്രംപ് നല്‍കി.
ധാതുസമ്പന്നമായ ആര്‍ട്ടിക് ദ്വീപ് സ്വന്തമാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ കുറിച്ചുള്ള തെളിവാണ് ഇതോടെ പുറത്തുവന്നത്. മികച്ച നയതന്ത്രജ്ഞന്‍ ആയതിനാലാണ് ലാന്‍ഡ്രിയെ പ്രതിനിധിയായി നിയമിച്ചതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന്റെ നീക്കത്തിന് പിന്നാലെ ഡെന്മാര്‍ക്ക് യുഎസ് അംബാസഡറെ വിളിച്ചുവരുത്തി.
എവിടെ നിന്നോ ഇപ്പോള്‍ ഒരു പ്രത്യേക പ്രതിനിധി വന്നിരിക്കുന്നു, ഗ്രീന്‍സലാന്‍ഡ് ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് പോലെ, ഇതൊരിക്കലും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്കെ റാസ്മുസ്സെന്‍ പറഞ്ഞു.
എന്നാല്‍ ഡെന്മാര്‍ക്ക് ഗ്രീന്‍ലാന്‍ഡില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ ആരോപണം. ഡെന്മാര്‍ക്ക് ഗ്രീന്‍ലാന്‍ഡില്‍ പണമൊന്നും ചെലവഴിച്ചിട്ടില്ല, അവര്‍ക്കവിടെ സൈനിക സംരക്ഷണവുമില്ല. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെന്മാര്‍ക്ക് അവിടെ ഉണ്ടായിരുന്നുവെന്ന് പറയുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Also Read: Russia-Ukraine: ട്രംപിന്റെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലേ? യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ
അതേസമയം, 57,000 പേരാണ് ഗ്രീന്‍ലാന്‍ഡില്‍ താമസിക്കുന്നത്. മുന്‍ ഡാനിഷ് കോളനിയായ ഗ്രീന്‍ലാന്‍ഡിന് 2009ലെ കരാര്‍ പ്രകാരം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശമുണ്ടെങ്കിലും, അവര്‍ മത്സ്യബന്ധനത്തെയും ഡാനിഷ് സബ്‌സിഡികളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ജനതയുടെ ഭൂരിഭാഗവും ഡെന്മാര്‍ക്കില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും യുഎസിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഈ വര്‍ഷം നടന്ന അഭിപ്രായ സര്‍വ്വേയില്‍ വ്യക്തമാക്കിയതാണ്.