യു.എ.ഇയിൽ ജോലി അന്വേഷിക്കുന്നവർ ശ്രദ്ധിക്കുക; വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ തിരിച്ചറിയാൻ 5 വഴികളുമായി അധികൃതർ
How to Spot Fraudulent Job Offers in the UAE: ജോലിക്കായി ശ്രമിക്കുന്നവരോട് ബാങ്ക് അക്കൗണ്ട് തുടങ്ങാനും, സാമ്പത്തിക വിവരങ്ങൾ കൈമാറാനും, പണം ട്രാൻസ്ഫർ ചെയ്യാനും ആവശ്യപ്പെടുന്ന റിക്രൂട്ടർമാരെ പ്രത്യേകം കരുതിയിരിക്കണം. വ്യാജ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടാനും ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താനുമാണ് ഇത്തരം സംഘങ്ങൾ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി
യു.എ.ഇയിൽ ജോലി അന്വേഷിക്കുന്നവർക്കായി സുപ്രധാന മുന്നറിയിപ്പുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെയാണ് മന്ത്രാലയം കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രധാനമായും അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിക്രൂട്ട്മെൻ്റ് നടപടികൾ അവസാനിപ്പിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
ജോലിക്കായി ശ്രമിക്കുന്നവരോട് ബാങ്ക് അക്കൗണ്ട് തുടങ്ങാനും, സാമ്പത്തിക വിവരങ്ങൾ കൈമാറാനും, പണം ട്രാൻസ്ഫർ ചെയ്യാനും ആവശ്യപ്പെടുന്ന റിക്രൂട്ടർമാരെ പ്രത്യേകം കരുതിയിരിക്കണം. വ്യാജ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടാനും ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്താനുമാണ് ഇത്തരം സംഘങ്ങൾ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ തിരിച്ചറിയാനുള്ള വഴികൾ
- ബാങ്ക് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുക: റിക്രൂട്ട്മെൻ്റ് നടപടികളുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥിയുടെ പേരിൽ പുതിയൊരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെടുന്നത് തട്ടിപ്പിൻ്റെ പ്രധാന ലക്ഷണമാണ്.
- ബാങ്ക് വിവരങ്ങൾ ചോദിക്കുക: ഔദ്യോഗികമല്ലാത്ത വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടുന്നത്
- റിക്രൂട്ട്മെൻ്റ് ഫീസ് ഈടാക്കുക: ജോലി ഉറപ്പാക്കുന്നതിനോ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനോ വേണ്ടി റിക്രൂട്ടർ മുൻകൂറായി പണം ആവശ്യപ്പെടുക.
- പണമിടപാടിനായി അക്കൗണ്ട് ഉപയോഗിക്കുക: ഉദ്യോഗാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു നൽകുകയും, പിന്നീട് ആ തുക മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുക.
- മെസ്സേജിംഗ് ആപ്പുകൾ വഴിയുള്ള ആശയവിനിമയം: വാട്സാപ്പ് പോലുള്ള മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ആശയവിനിമയം നടത്താൻ നിർബന്ധിക്കുക. ഒപ്പം തങ്ങളുടെ ഔദ്യോഗിക കോൺടാക്റ്റ് വിവരങ്ങളോ ഓഫീസിൻ്റെ വിശദാംശങ്ങളോ നൽകാൻ തയ്യാറാകാതിരിക്കുക.
ഇത്തരം ആവശ്യങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ ഉടൻ തന്നെ റിക്രൂട്ട്മെൻ്റ് നടപടികൾ നിർത്തിവെക്കണം. ഓഫർ ലെറ്ററിൻ്റെ ആധികാരികത ഉറപ്പുവരുത്താതെ യാതൊരു കാരണവശാലും പണം നൽകാനോ വ്യക്തിഗത വിവരങ്ങൾ കൈമാറാനോ പാടില്ലെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കുന്നു. യു.എ.ഇ മാനവശേഷി മന്ത്രാലയത്തിൻ്റെ ഔദ്യോഗിക സിസ്റ്റം വഴി നൽകുന്ന തൊഴിൽ ഓഫറുകളിൽ ഒരു സീരിയൽ നമ്പറും ബാർകോഡും ഉണ്ടായിരിക്കും. ഇത് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്ക് ലഭിച്ച ഓഫർ ലെറ്ററിൻ്റെ ആധികാരികത ഉറപ്പുവരുത്താമെന്ന് അധികൃതർ അറിയിച്ചു.
English Summary
The UAE’s MoHRE warned jobseekers about fake employment offers, highlighting five red flags like recruitment fees and unverified bank requests. Always verify job offers through official ministry channels.