Nursing Education UAE: നേഴ്സിങ് പഠിച്ച് ദുബായ്ക്ക് പോകാനാണോ സ്വപ്നം കാണുന്നത്, ശ്രദ്ധിക്കൂ… പുതിയ കർശന നിർദ്ദേശങ്ങൾ എത്തുന്നു
UAE New Clinical Training Guidelines: ഭാവിയിലെ ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്രമായ നീക്കമാണിതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇബ്രാഹിം ഫിക്രി വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
ദുബായ്: യുഎഇയിലെ മെഡിക്കൽ, നഴ്സിങ് വിദ്യാർഥികളുടെ പ്രായോഗിക പരിശീലനം മെച്ചപ്പെടുത്തുന്നതിനായി ഏകീകൃത ദേശീയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-ശാസ്ത്രീയ ഗവേഷണ മന്ത്രാലയമാണ് പുതിയ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകിയത്. സർവകലാശാലകളിലെ അക്കാദമിക് പഠനവും ആശുപത്രികളിലെ പ്രായോഗിക പരിശീലനവും തമ്മിലുള്ള വിടവ് നികത്തി ലോകോത്തര നിലവാരമുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പ്രധാന ലക്ഷ്യങ്ങൾ
- രാജ്യത്തെ എല്ലാ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും ബാധകമായ ഏകീകൃതമായ പരിശീലന രീതി നടപ്പിലാക്കുക.
- പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രാവീണ്യം ഉറപ്പാക്കുക.
- രോഗികളുടെ സുരക്ഷ, പ്രൊഫഷണൽ ഉത്തരവാദിത്തം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പരിശീലനം ഉറപ്പാക്കുക.
- ആരോഗ്യസ്ഥാപനങ്ങളും സർവകലാശാലകളും തമ്മിലുള്ള ഏകോപനം ശക്തമാക്കുക.
Also read – ഹജ് യാത്രികരുടെ ശ്രദ്ധയ്ക്ക്, വിസ വിതരണം തുടങ്ങി, അറിഞ്ഞിരിക്കേണ്ട മറ്റ് നിയമങ്ങളും നിബന്ധനകളും
ആർക്കൊക്കെ ബാധകം?
ദേശീയ യോഗ്യതാ ചട്ടക്കൂടിന് കീഴിലുള്ള, ക്ലിനിക്കൽ പരിശീലനം ആവശ്യമുള്ള എല്ലാ ബിരുദ ആരോഗ്യ കോഴ്സുകൾക്കും ഈ പുതിയ ചട്ടങ്ങൾ ബാധകമാണ്. എന്നാൽ, ബിരുദാനന്തര ബിരുദ ഇന്റേൺഷിപ്പുകളും റസിഡൻസികളും ഈ പരിധിക്കപ്പുറത്താണ്.
ഭാവിയിലെ ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്രമായ നീക്കമാണിതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആക്ടിങ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇബ്രാഹിം ഫിക്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വിദ്യാർഥികൾക്ക് തൊഴിൽപരമായ പക്വതയും വൈദഗ്ധ്യവും നൽകാൻ ഇത് സഹായിക്കുമെന്ന് പബ്ലിക് ഹെൽത്ത് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റാൻഡ് പറഞ്ഞു.