AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Protest : സ്വന്തം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം; യുഎഇയിൽ സമരത്തിനിറങ്ങി ബംഗ്ലാദേശികൾ; നിരവധി പേർ അറസ്റ്റിൽ

UAE Protest Bangladesh Citizens Arrested : യുഎഇയിൽ പ്രതിഷേധം സംഘടിപ്പിച്ച ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. രാജ്യത്ത് സംവരണത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇവർ യുഎഇയിൽ സമരത്തിനിറങ്ങിയത്.

UAE Protest : സ്വന്തം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം; യുഎഇയിൽ സമരത്തിനിറങ്ങി ബംഗ്ലാദേശികൾ; നിരവധി പേർ അറസ്റ്റിൽ
UAE Protest Bangladesh (Image Courtesy - Social Media)
Abdul Basith
Abdul Basith | Published: 22 Jul 2024 | 07:45 AM

സ്വന്തം സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ തുടർന്ന് യുഎഇയിൽ സമരത്തിനിറങ്ങിയ ബംഗ്ലാദേശികൾ അറസ്റ്റിൽ. പ്രതിഷേധം സംഘടിപ്പിക്കുകയും അതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിൽ സംവരണനയത്തിനെതിരെ ഏറെ ദിവസമായി പ്രതിഷേധം നടക്കുകയാണ്. ഭരണവിരുദ്ധ വികാരം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽ (Bangladesh Protest) ഇതുവരെ നൂറിലധികം സമരക്കാർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.

നാട്ടിൽ നടക്കുന്ന ഈ സമരത്തിൻ്റെ ഭാഗമായാണ് യുഎഇയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളും സമരം സംഘടിപ്പിച്ചത്. യുഎഇയില്‍ പരസ്യപ്രതിഷേധത്തിന് വിലക്കുണ്ട്. ഇത് മറികടന്നായിരുന്നു ബംഗ്ലാദേശികളുടെ സമരം. സമരക്കാർ ഗതാഗതം നടത്തിയാണ് പ്രതിഷേധിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സമരക്കാർ പൊതു – സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചു. കൂടുതൽ ആളുകളെ പ്രതിഷേധത്തിൻ്റെ ഭാഗമാവാൻ ക്ഷണിച്ചു. സമാനമായ രീതിയിൽ രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും പ്രതിഷേധിക്കാൻ ഇവർ ആവശ്യപ്പെട്ടു എന്നും പ്രോസിക്യൂഷൻ പറയുന്നു.

ബംഗ്ലാദേശിൽ സംവരണ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തലസ്ഥാന നഗരമായ ധാക്കയിൽ ആളുകൾ കൂട്ടം കൂടുന്നതുൾപ്പെടെ പൊലീസ് വിലക്കിയിരുന്നു. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു പോലീസ് മേധാവി അറിയിച്ചത്.

പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കി. അക്രമ സംഭവങ്ങളിൽ നൂറോളം പോലീസുകാർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞ ദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികളാണ് പുറത്തു ചാടിയത്. രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ച് എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

Also Read : Bangladesh Students Protest: ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭം; കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി, ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

അതിർത്തി പോസ്റ്റുകൾ വഴിയാണ് ഇന്ത്യക്കാരെ മടക്കി എത്തിക്കുന്നത്. കഴിഞ്ഞ ദിവസം മേഘാലയ അതിർത്തി വഴി 245 ഇന്ത്യക്കാർ മടങ്ങി എത്തിയിരുന്നു. നേപ്പാളിൽ നിന്നുള്ളവരും ഈ അതിർത്തി പോസ്റ്റ് വഴി ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്. മടങ്ങി വന്നവരിൽ 125 പേർ വിദ്യാർത്ഥികളാണെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു. നേരത്തെ വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് 2018-ൽ ഈ ക്വാട്ട നിർത്തലാക്കിയെങ്കിലും ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ജൂൺ 5-ന് കോടതി ഈ നിയമം പുനഃസ്ഥാപിച്ചു.

പുതിയ സമ്പ്രദായം തങ്ങളുടെ തൊഴിലവസരങ്ങൾ പരിമിതപ്പെടുത്തുമെന്ന ആശങ്കയിലാണ് പൊതു-സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികൾ രം​ഗത്തു വന്നത്. സ്ത്രീകൾ, വംശീയ ന്യൂനപക്ഷങ്ങൾ, വികലാംഗർ എന്നിവർക്കുള്ള സംവരണത്തെ അവർ പിന്തുണയ്ക്കുമ്പോൾ, യുദ്ധ സേനാനികളുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തലാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.

 

Follow Us