AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

US-Iran War: ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; തിരിച്ചടിച്ച് ടെഹ്‌റാന്‍; ഗള്‍ഫ് മേഖലയില്‍ ജാഗ്രത

US-Iran War Escalates: ഇറാന് നേരെ വീണ്ടും വ്യോമാക്രമണവുമായി യുഎസ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള താൽക്കാലിക കരാർ അവസാനിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാന്‍.

US-Iran War: ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; തിരിച്ചടിച്ച് ടെഹ്‌റാന്‍; ഗള്‍ഫ് മേഖലയില്‍ ജാഗ്രത
ഹോര്‍മുസ് കടലിടുക്ക്‌ Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 09 Jul 2026 | 06:34 AM

ടെഹ്‌റാന്‍/വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ യുദ്ധഭീതി സൃഷ്ടിച്ചുകൊണ്ട് ഇറാന് നേരെ വീണ്ടും വ്യോമാക്രമണവുമായി യുഎസ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള താൽക്കാലിക കരാർ അവസാനിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. കമാൻഡർ ഇൻ ചീഫിന്റെ നിർദ്ദേശപ്രകാരം, ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ നീക്കം ഇല്ലാതാക്കുന്നതിനായി ഇറാന് മേൽ കൂടുതൽ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുന്നുവെന്ന്‌ യുഎസ് സെൻട്രൽ കമാൻഡ് എക്‌സില്‍ കുറിച്ചു. ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാനും വ്യക്തമാക്കി. ഇതോടെ ഗള്‍ഫ് മേഖല അതീവ ജാഗ്രതയിലാണ്.

ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർഗ് ദ്വീപ്, ഖേഷ്ം ദ്വീപ്, കൂടാതെ തെക്കൻ തുറമുഖ നഗരങ്ങളായ സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെയും, ബഹ്‌റൈനിലെയും യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി.

ഹോർമുസ് കടലിടുക്കിൽ വെച്ച് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് ബുധനാഴ്ച ആക്രമണം നടത്തിയതെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. ആക്രമണംവീണ്ടും ആവർത്തിച്ചാൽ കാര്യങ്ങൾ ഇതിലും മോശമാകുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുന്നതായി യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തിട്ടില്ല.

Also Read: ഗൾഫിൽ വീണ്ടും യുദ്ധം! ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ വൻ മി​സൈൽ ആക്രമണം; MQ-9 ഡ്രോൺ തകർത്തു

കനത്ത തിരിച്ചടി, വീണ്ടും സംഘര്‍ഷം!

ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രം ഒരു സ്ഥിര സമാധാന കരാറായി മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വീണ്ടും ആക്രമണം ആരംഭിച്ചത് സമാധാന പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഇറാനുമായി ഒരു കരാറുണ്ടാക്കിയാൽ പോലും അത് എത്രത്തോളം നിലനിൽക്കുമെന്ന് ഉറപ്പില്ലെന്ന്‌ തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ സൈനിക സഖ്യത്തിന്റെ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. അവര്‍ (ഇറാന്‍) ഒട്ടും മാന്യതയില്ലാത്തവരാണെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം.

ഇറാന്റെ മറുപടി

യുഎസ് ആക്രമണങ്ങള്‍ക്ക് കടുത്ത മറുപടി നല്‍കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള യുഎസ് സൈന്യത്തിന്റെ ആക്രമണങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകുന്ന എല്ലാവരെയും ‘തങ്ങളുടെ സായുധ സേനയുടെ ലക്ഷ്യ’മായി കണക്കാക്കുമെന്ന് ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വ്യക്തമാക്കി.

കുവൈറ്റിലെയും ബഹ്റൈനിലെയും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു. കുവൈറ്റിലെ അലി അൽ-സലേം എയർബേസ്, ബഹ്‌റൈനിലെ സൽമാൻ പോർട്ടിലുള്ള നാവിക താവളം എന്നിവ ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും 85 യുഎസ് സൈനിക കേന്ദ്രങ്ങൾ തങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ കൂടുതൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഗള്‍ഫില്‍ അതീവ ജാഗ്രത

മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നിലവിൽ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത്‌ സൈന്യം എക്സിൽ അറിയിച്ചു. ഒപ്പം സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബഹ്റൈനിൽ സൈറണുകൾ മുഴങ്ങി. ജനം ശാന്തരായിരിക്കാനും എത്രയും വേഗം അടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ ‘അൽ-റെകയ്യാത്’ എന്ന കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു.

English Summary

The US launched fresh air strikes against Iran to keep the vital Strait of Hormuz open. This escalation followed Iranian attacks on three commercial cargo ships earlier in the week. In response, Iran targeted US military bases in Bahrain and Kuwait, triggering further retaliation. President Donald Trump subsequently declared that the interim peace agreement with Iran is now over.

Follow Us