ട്രംപിന് കിട്ടിയ അടി! എട്ടുനിലയിൽ പൊട്ടി റിപ്പബ്ലിക്കൻ പാർട്ടി; US ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് തരംഗം
US Midterm Election 2026 major setback for Trump and Republican Party: യുഎസ് സെനറ്റും ജനപ്രതിനിധി സഭയും ഡെമോക്രാറ്റുകളുടെ പൂർണ നിയന്ത്രണത്തിലേക്കു വരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയം നേടിയാണ് ഡമോക്രാറ്റുകൾ സെനറ്റിലും, ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.

Us Midterm Election 2026 Major Setback For Trump And Republican Party
വാഷിങ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റുവാങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി. ട്രംപ് ഭരണത്തിനെതിരേയുള്ള കനത്ത വികാരമെന്നോണം വീശിയടിച്ച ഡെമോക്രാറ്റിക് തരംഗത്തിൽ യുഎസ് കോൺഗ്രസിൻറെ ഇരു സഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. സെനറ്റും ജനപ്രതിനിധി സഭയും ഡെമോക്രാറ്റുകളുടെ പൂർണ നിയന്ത്രണത്തിലേക്കു വരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയം നേടിയാണ് ഡമോക്രാറ്റുകൾ സെനറ്റിലും, ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം വൻ തോൽവി ഏറ്റുവാങ്ങിയിട്ടും കുലുക്കമില്ലാതെയുള്ള പ്രതികരണമാണ് ട്രംപ് നടത്തിയിരിക്കുന്നത്. കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ വീറ്റോ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്ന് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
ട്രംപിൻറെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒട്ടേറെ പ്രമുഖർ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ആമി ആക്റ്റൻ ആണ് വിവേക് രാമസ്വാമിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം കുറിച്ചത്, ഇതോടെ ഒഹായോയിലെ ആദ്യത്തെ വനിതാ ഗവർണർ എന്ന ചരിത്ര നേട്ടവും ആമി സ്വന്തമാക്കി.
Also Read: അമേരിക്കൻ ഭീഷണിക്കിടെ അണുബോംബ് ആക്രമണത്തെ അതിജീവിക്കാനുള്ള മാർഗ്ഗനിർദ്ദേശ വീഡിയോ പുറത്തുവിട്ട് ഇറാൻ
ഡോണൾഡ് ട്രംപിന്റെ ഭരണത്തിന് അമേരിക്കൻ ജനത ബാലറ്റിലൂടെ നൽകിയ കനത്ത തിരിച്ചടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. സെനറ്റിൽ ആകെയുള്ള 100 സീറ്റിൽ 53 സീറ്റുമായി ഡെമോക്രാറ്റുകൾ നിർണായക ഭൂരിപക്ഷം നേടിക്കഴിഞ്ഞു. 43 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടി മുന്നേറുന്നു. നാല് സീറ്റുകളുടെ ഫലംകൂടി വരാനുണ്ട്. നേരത്തെ 53 സീറ്റുകളോടെ റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു സെനറ്റിൽ മേധാവിത്തം.
435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ സഭയിൽ 216 സീറ്റുകളിൽ ഡെമോക്രാറ്റുകൾ മുന്നേറുന്നു. 127 സീറ്റുകളിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു ലീഡുള്ളത്. 92 സീറ്റുകളിലെ ഫലം കൂടി വരാനുണ്ട്. ജനപ്രതിനിധി സഭയുടെ നിയന്ത്രണം സ്വന്തമാക്കാൻ 218 സീറ്റുകൾ ആണ് വേണ്ടത്. പലയിടങ്ങളിലും ചരിത്ര വിജയമാണ് ഡെമോക്രാറ്റുകൾ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്.
നൂറു വർഷത്തോളം തുടർച്ചയായി റിപ്പബ്ലിക്കൻ നേതാക്കന്മാരെ മാത്രം വിജയിച്ചുപോന്ന കാൻസാ സെനറ്റിൽ ഇക്കുറി ഡെമോക്രാറ്റിക് പാർട്ടിയുടെ ആദം ഹാമിൽട്ടൺ വൻഭൂരിപക്ഷത്തിനു വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സിറ്റിങ് സെനറ്റർ റോജർ മാർഷലിനെയാണ് ആദം പരാജയപ്പെടുത്തിയത്. 1932 നുശേഷം കാൻസസിൽ ഡെമോക്രാറ്റുകൾക്ക് ലഭിക്കുന്ന ശ്രദ്ധേയമായ സെനറ്റ് വിജയമാണിത്.
ടെക്സസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ എന്നീ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലും റിപ്പബ്ലിക്കൻപാർട്ടി തകർന്നു. ചരിത്ര വിജയമാണ് ഇവിടെയെല്ലാം ഡെമോക്രാറ്റുകൾ നേടിയത്. 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിലും ചരിത്ര വിജയങ്ങൾ ഡെമോക്രാറ്റുകൾ നേടിയപ്പോൾ, 30 വർഷങ്ങൾക്ക് ശേഷം ആദ്യമായി ടെക്സസിൽ സെനറ്റ്, ഗവർണർ എന്നീ രണ്ടു സ്ഥാനങ്ങളും റിപ്പബ്ലിക്കൻപാർട്ടിക്ക് നഷ്ടമായി.
അതേസമയം താൻ ഒരു സ്ഥാനാർഥി ആയി ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നെടുമായിരുന്നു എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു.
ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞെങ്കിലും കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ തടയാൻ തനിക്ക് ‘വീറ്റോ’ അധികാരമുണ്ടെന്ന് സൂചിപ്പിച്ച് ‘VETO’ എന്നെഴുതിയ തൊപ്പിയുടെ ചിത്രവും ട്രംപ് പങ്കുവച്ചിട്ടുണ്ട്. ഇത് ഡെമോക്രാറ്റുകളും പ്രസിഡന്റും തമ്മിലുള്ള ഒരു ഭരണ യുദ്ധത്തിലേക്ക് അമേരിക്ക നീങ്ങുന്നതിന്റെ കൂടി സൂചനയായി വിലയിരുത്തപ്പെടുന്നു.
English Summary
President Donald Trump’s Republican Party has suffered a major setback in the US midterm elections. Driven by a ‘Democratic wave’- widely seen as a strong sentiment against the Trump administration the Republican Party has lost its majority in both chambers of the US Congress. The election results indicate that both the Senate and the House of Representatives are coming under the full control of the Democrats.