നേപ്പാളില്‍ ലാന്‍ഡിങിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു; ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
Nepal Helicopter Accident: നേപ്പാളില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്ത്യന്‍ പൗരനായ വസന്ത് കുമാര്‍ ബാലരാമരാമഡു ആണ് മരിച്ചതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള ഉയർന്ന വ്യോമയാന മേഖലയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം. സോലുഖുംബുവിലെ ഒരു ഹെലിപോർട്ടിലാണ് അപകടം നടന്നതെന്ന് പൊലീസ്.
കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇന്ത്യന്‍ പൗരനായ വസന്ത് കുമാര്‍ ബാലരാമരാമഡു (47) ആണ് മരിച്ചതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള ഉയർന്ന വ്യോമയാന മേഖലയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബുവിലെ ഒരു ഹെലിപോർട്ടിലാണ് അപകടം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ഒരാൾ മരിച്ചതായി നേപ്പാള്‍ പൊലീസ് നേരത്തെ ‘എക്സി’ലൂടെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
ലാൻഡിങ്ങിന് തൊട്ടുമുമ്പ് ഇരു ഹെലികോപ്ടറുകളുടെയും റോട്ടറുകൾ തമ്മിൽ തട്ടുന്നതും, തുടർന്ന് രണ്ട് വിമാനങ്ങളും താഴെയുള്ള മഞ്ഞുനിറഞ്ഞ നിലത്തേക്ക് തകർന്നു വീഴുന്നതും വീഡിയോയില്‍ കാണാം. നേപ്പാളിൽ വിനോദസഞ്ചാരികളെയും പർവതാരോഹകരെയും അവശ്യസാധനങ്ങളെയും എത്തിക്കുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും ചെറിയ ഹെലികോപ്ടറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
നേപ്പാളില്‍ ഇത്തരത്തില്‍ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ വെല്ലുവിലി നിറഞ്ഞ ഭൂപ്രകൃതിയും, പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുമാണ് നേപ്പാളിലെ വ്യോമയാന പ്രവര്‍ത്തനങ്ങളില്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ഫിഷ്ടെയിൽ എയർ, ഡൈനാസ്റ്റി എയർ എന്നിവയുടെ ഹെലികോപ്റ്ററുകളാണ് ഈ അപകടത്തിൽ ഉൾപ്പെട്ടത്.
പൊലീസിന്റെ പ്രതികരണം
സംഭവസ്ഥലത്തുവെച്ച് ഒരാള്‍ മരിച്ചെന്നും, പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സോലുഖുംബു ജില്ലാ പൊലീസിന്റെ ചുമതലയുള്ള നബിൻ രാജ ബുധാഥോക്കി വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പരിക്കേറ്റയാളും ഇന്ത്യന്‍ വംശജനാണെന്നാണ് സൂചന. 53-കാരനായ ശൈലേഷ് കിഷന് പട്ടേലിനാണ് പരിക്കേറ്റത്. ശൈലേഷ് ഇന്ത്യന്‍ വംശജനാണെങ്കിലും ന്യൂസിലന്‍ഡ് പൗരനാണ്.
Also Read: Florida Private Jet Crash: ആകാശത്തുനിന്ന് തീഗോളമായി പതിച്ചു; ഫ്ലോറിഡ വിമാനാപകടത്തിൽ ഒൻപത് മരണം
ലോകത്തിലെ ഏറ്റവും ഉയർന്ന 14 കൊടുമുടികളിൽ എട്ടെണ്ണവും നേപ്പാളിലാണ്. ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളും പർവതാരോഹകരുമാണ് നേപ്പാളിലെത്തുന്നത്. നേപ്പാളിലെ പർവതമേഖലകളിലെ ഹെലികോപ്റ്റർ സർവീസുകൾ നേർത്ത വായു കാരണം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
ഏതാനും ദിവസം മുമ്പ് ഇന്ത്യയിലും സമാന അപകടം നടന്നിരുന്നു. ബദരീനാഥിൽ നിന്ന് പറന്നുയർന്ന ഉടൻ ഒരു ഹെലികോപ്റ്റർ തകർന്ന് പൈലറ്റും അഞ്ച് യാത്രക്കാരും അടക്കം ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഉയർന്ന പ്രദേശമായ ബദരീനാഥിലും വായുവിന്റെ സാന്ദ്രത കുറവായതിനാൽ വിമാന സർവീസുകൾ ഏറെ പ്രയാസകരമാണ്.
English Summary
A fatal helicopter collision occurred during landing at a high-altitude heliport in Nepal. An Indian national named Vasanth Kumar Balaramaramadu lost his life in the crash.