8th Pay Commission: ‘കുടുംബ യൂണിറ്റ്’ മാറും, ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്
Impact of Family Unit Expansion on Minimum Basic Pay: ശമ്പള പരിഷ്കരണത്തിന് ആധാരമാക്കേണ്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശമ്പളം നിശ്ചയിക്കുന്നതിനുള്ള 'കുടുംബ യൂണിറ്റ്' വിപുലീകരിക്കണമെന്നുള്ളതാണ്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി ജീവനക്കാരുടെ സംഘടനകൾ കമ്മീഷന് കത്തയച്ചിരുന്നു. ശമ്പള പരിഷ്കരണത്തിന് ആധാരമാക്കേണ്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശമ്പളം നിശ്ചയിക്കുന്നതിനുള്ള ‘കുടുംബ യൂണിറ്റ്’ വിപുലീകരിക്കണമെന്നുള്ളതാണ്.
നിലവിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ കുറഞ്ഞ ശമ്പളം നിശ്ചയിക്കുമ്പോൾ മൂന്ന് പേർ (ഭർത്താവ്, ഭാര്യ, ഒരു കുട്ടി) അടങ്ങുന്ന കുടുംബത്തെയാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്. എന്നാൽ, പുതിയ കാലത്തെ ജീവിതസാഹചര്യങ്ങൾ പരിഗണിച്ച് ഇത് അഞ്ച് പേരായി (ഭർത്താവ്, ഭാര്യ, രണ്ട് കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ) ഉയർത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
ഈ മാറ്റം അംഗീകരിക്കപ്പെട്ടാൽ മറ്റ് ചില കാര്യങ്ങളിൽ വലിയ സ്വാധീനമുണ്ടാകും. അടിസ്ഥാന ശമ്പള കണക്കുകൂട്ടലില്‍ 66 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ മിനിമം ശമ്പളം, ഫിറ്റ്‌മെന്റ് ഘടകം, പെന്‍ഷനുകൾ എന്നിവയിലും വലിയ മാറ്റമുണ്ടാകും. പ്രായമായ മാതാപിതാക്കളുടെ സംരക്ഷണവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കൂടി പരിഗണിക്കുന്നതിലൂടെ ജീവനക്കാർക്ക് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുമെന്ന് സംഘടനകൾ വാദിക്കുന്നു.
കുറഞ്ഞ അടിസ്ഥാന ശമ്പളം
കുടുംബയൂണിറ്റ് വിപുലീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിൽ വലിയ മാറ്റമുണ്ടാകും. നിലവിൽ അടിസ്ഥാനശമ്പളം 18,000 രൂപയാണ്. എന്നാൽ അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ ജീവിതച്ചെലവ് (ഭക്ഷണം, വസ്ത്രം, താമസം) കണക്കിലെടുക്കുമ്പോൾ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് വലിയ തോതിൽ വർദ്ധിപ്പിക്കേണ്ടി വരും. 34,500 രൂപയോ അതിലധികമോ ആക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഫിറ്റ്‌മെന്റ് ഫാക്ടർ
ശമ്പള വർദ്ധനവ് തീരുമാനിക്കുന്നതിൽ പ്രധാനിയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. നിലവിലെ 2.57ൽ നിന്നും ഫിറ്റ്മെന്റ് ഫാക്ടർ 3.68 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കുടുംബാംഗങ്ങളുടെ എണ്ണം 5 ആയി കണക്കാക്കിയാൽ ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടായേക്കാം.
മറ്റ് പ്രധാന ആവശ്യങ്ങൾ
ശമ്പള പരിഷ്കരണ കാലാവധി: പത്ത് വർഷത്തിലൊരിക്കൽ എന്ന രീതി മാറ്റി കുറഞ്ഞ കാലയളവിൽ ശമ്പള പരിഷ്കരണം നടത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
അലവൻസുകളുടെ വർദ്ധനവ്: വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് എന്നിവയിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.