8th Pay Commission: 8-ാം ശമ്പള കമ്മീഷൻ; ശമ്പള വർദ്ധനവ് അടുത്ത മെയിൽ? റിപ്പോർട്ടിൽ എന്തെല്ലാം?
8th Pay Commission Salary Hike Updates : ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ജിവനക്കാർക്കിടയിൽ സംശയങ്ങൾ നിരവധിയാണ്. നിലവിൽ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് നിർണായക വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരിക്കുകയാണ്.
എട്ടാം ശമ്പള പരിഷ്കരണം എവിടെ, അടിസ്ഥാന ശമ്പളം കൂടുമോ, പെൻഷൻ വർദ്ധിപ്പിക്കുമോ, ഫിറ്റ്മെന്റ് ഫാക്ടർ എത്ര….തുടങ്ങി പുതിയ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ജിവനക്കാർക്കിടയിൽ സംശയങ്ങൾ നിരവധിയാണ്. നിലവിൽ എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് നിർണായക വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരിക്കുകയാണ്.
എട്ടാം ശമ്പള കമ്മീഷൻ – റിപ്പോർട്ട് എന്ന്?
2025 നവംബർ 3-നാണ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി രൂപം നൽകിയത്. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും, ഇതിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉറപ്പ് നൽകാനാവില്ലെന്നും സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം ലോക്സഭയിലും രാജ്യസഭയിലും എഴുതിത്തയ്യാറാക്കിയ മറുപടിയിലൂടെ അറിയിച്ചത്. ഉത്തരവ് പ്രകാരം ശുപാർശകൾ സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2027 മെയ് മാസം വരെ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സമയമുണ്ട്.
ALSO READ: 8-ാം ശമ്പള കമ്മീഷൻ: ക്ഷാമബത്ത ഇനി 3 മാസം കൂടുമ്പോൾ, ഡി ആർ ലയിപ്പിക്കാനും ആവശ്യം
കമ്മീഷൻ നിശ്ചിത സമയത്തിന് മുമ്പേ റിപ്പോർട്ട് സമർപ്പിക്കുമോ എന്ന എം.പി നീരജ് ശേഖറിന്റെ ചോദ്യത്തിന്, 18 മാസത്തെ ഉത്തരവ് ചൂണ്ടിക്കാണിക്കുക മാത്രമാണ് കേന്ദ്രമന്ത്രി ചെയ്തത്. തീയതി നേരത്തെയാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ അടിസ്ഥാനമില്ലെന്ന് കേന്ദ്രത്തിന്റെ ഈ മറുപടിയോടെ വ്യക്തമായി.
ഇടക്കാല റിപ്പോർട്ടുകൾക്ക് സാധ്യത?
റിപ്പോർട്ട് സമർപ്പിക്കാൻ 2027 മെയ് വരെ സമയമുണ്ടെങ്കിലും, ഏതെങ്കിലും നിർദ്ദിഷ്ട വിഷയങ്ങളിൽ പഠനം പൂർത്തിയായാൽ കമ്മീഷന് ഇടക്കാല റിപ്പോർട്ടുകൾ സമർപ്പിക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ നിലവിൽ അത്തരം റിപ്പോർട്ടുകളൊന്നും സമർപ്പിച്ചിട്ടില്ലെന്നും, ശമ്പള പരിഷ്കരണം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
കാത്തിരിപ്പിൽ ജീവനക്കാർ
കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 35.77 ലക്ഷം സിവിലിയൻ ജീവനക്കാരും, 33.76 ലക്ഷം പെൻഷൻകാരുമാണുള്ളത് . ഇവരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ, കുടുംബ പെൻഷൻ, സേവന വ്യവസ്ഥകൾ എന്നിവയിലെ പരിഷ്കരണങ്ങൾ നിർദ്ദേശിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ വിവിധ ജീവനക്കാരുടെ സംഘടനകൾ, ട്രേഡ് യൂണിയനുകൾ, പെൻഷനേഴ്സ് അസോസിയേഷനുകൾ എന്നിവരുമായി കമ്മീഷൻ കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. കമ്മീഷൻ ശുപാർശകൾ നൽകിയ ശേഷം മാത്രമേ ശമ്പളത്തിലും പെൻഷനിലും വരുന്ന മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് അന്തിമ തീരുമാനമെടുക്കാൻ സാധിക്കൂ.
ക്ഷാമബത്ത ഇനി 3 മാസം കൂടുമ്പോൾ?
പത്ത് ലക്ഷത്തോളം പെൻഷൻകാരെ പ്രതിനിധീകരിക്കുന്ന ‘ഭാരത് പെൻഷനേഴ്‌സ് സമാജ്’ (ബിപിഎസ്) എട്ടാം ശമ്പള കമ്മീഷനോട് ഒരു പ്രധാന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവയുടെ നിരക്കുകൾ ഓരോ മൂന്ന് മാസത്തിലും പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കൂടാതെ, ഡിആർ നിരക്ക് 25% കടന്നാൽ അടിസ്ഥാന പെൻഷനുമായി ലയിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും ബിപിഎസ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണപ്പെരുപ്പത്തിന്റെ ആഘാതം നന്നായി കൈകാര്യം ചെയ്യാൻ ജോലി ചെയ്യുന്നവരെയും വിരമിച്ചവരെയും ഈ നടപടി സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്.
English Summary:
8th Pay Commission clarifies that the commission has 18 months from its constitution on November 3, 2025, to submit its recommendations, meaning the broad deadline falls in May 2027. In a recent Lok Sabha response, the government said the commission has not yet submitted its recommendations and did not confirm whether the report would be submitted earlier.