8th Pay Commission: മെഡിക്കൽ അലവൻസ് കൂടും, ജീവനക്കാരുടെ ആവശ്യം ഇങ്ങനെ…
8th Pay Commission, Monthly Medical Allowance: പുതിയ ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങളും സംഘടനകൾ അറിയിച്ചുകഴിഞ്ഞു.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്ന വാർത്തകളാണ് എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. പുതിയ ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങളും സംഘടനകൾ അറിയിച്ചുകഴിഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതോടെയാണ് ജീവനക്കാരുടെ സംഘടനകൾ സർക്കാരിന് മുന്നിൽ തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയത്.
ഇത്തവണ, ആവശ്യം ഫിറ്റ്മെന്റ് ഘടകത്തിലോ അടിസ്ഥാന ശമ്പളത്തിലെ പരിഷ്കരണത്തിലോ മാത്രം ഒതുങ്ങുന്നില്ല. മെഡിക്കൽ അലവൻസ് കൂട്ടണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. സി.ജി.എച്ച്.എസ് സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നൽകുന്ന ഫിക്സഡ് മെഡിക്കൽ അലവൻസ് (FMA) പ്രതിമാസം 1,000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ നൽകുന്ന 1,000 രൂപ ചികിത്സാ ചിലവുകൾക്ക് ഒന്നുമാകുന്നില്ലെന്നും, വർദ്ധിച്ചുവരുന്ന മരുന്നുകളുടെ വിലയും ആശുപത്രി ചെലവുകളും പരിഗണിച്ച് തുക ഗണ്യമായി വർദ്ധിപ്പിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, മെഡിക്കൽ ഇൻഫ്ലേഷൻ അതിരൂക്ഷമായ സാഹചര്യത്തിൽ 20,000 രൂപയെങ്കിലും അലവൻസായി നൽകണമെന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രധാന ശുപാർശ.
ALSO READ: ഫിറ്റ്മെന്റ് ഫാക്ടറിലെ മാറ്റം ശമ്പളവർദ്ധനവിനെ എങ്ങനെ ബാധിക്കും? എല്ലാ ജീവനക്കാരും ഇത് അറിയണം!
അതേസമയം, ഫിറ്റ്മെന്റ് ഫാക്ടർ വർദ്ധിപ്പിക്കുക, വാർഷിക ഇൻക്രിമെന്റ് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും എട്ടാം ശമ്പള കമ്മീഷന് മുന്നിലുണ്ട്. കൂടാതെ ‘കുടുംബ യൂണിറ്റ്’ വിപുലീകരിക്കണമെന്ന ആവശ്യവും ജീവനക്കാർ ഉയർത്തുന്നുണ്ട്. ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ കുറഞ്ഞ ശമ്പളം നിശ്ചയിക്കുമ്പോൾ മൂന്ന് പേർ (ഭർത്താവ്, ഭാര്യ, ഒരു കുട്ടി) അടങ്ങുന്ന കുടുംബത്തെയാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്.
എന്നാൽ, പുതിയ കാലത്തെ ജീവിതസാഹചര്യങ്ങൾ പരിഗണിച്ച് ഇത് അഞ്ച് പേരായി (ഭർത്താവ്, ഭാര്യ, രണ്ട് കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ) ഉയർത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം. ഈ മാറ്റം അംഗീകരിക്കപ്പെട്ടാൽ മറ്റ് ചില കാര്യങ്ങളിൽ വലിയ സ്വാധീനമുണ്ടാകും. അടിസ്ഥാന ശമ്പള കണക്കുകൂട്ടലില്‍ 66 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കാം.