8th Pay Commission: ജീവനക്കാരുടെ അടിസ്ഥാനശമ്പളം 54,000 രൂപ, ഫിറ്റ്മെന്റ് ഫാക്ടർ 3.0 ആയാൽ സംഭവിക്കുന്നത് എന്ത്?
8th Pay Commission Update: ഫിറ്റ്മെന്റ് ഫാക്ടർ, ഡിഎ, കുടുംബയൂണിറ്റ്, ശമ്പളം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്. കുടുംബ യൂണിറ്റുകളുടെ വർദ്ധനവും ആവശ്യപ്പെടുന്നുണ്ട്. നിലവിൽ 3 അംഗങ്ങളുള്ള കുടുംബത്തെയാണ് ശമ്പള നിർണ്ണയത്തിന് മാനദണ്ഡമാക്കുന്നത്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്. ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്നും ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നുമാണ് വിവരം. ഫിറ്റ്മെന്റ് ഫാക്ടർ, ഡിഎ, കുടുംബയൂണിറ്റ്, ശമ്പളം തുടങ്ങി നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്.
കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലുള്ള 18,000 രൂപയിൽ നിന്നും 54,000 രൂപയായി ഉയർത്തണമെന്നും ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആക്കണമെന്നുമാണ് പ്രധാന ആവശ്യം. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) ഉൾപ്പെടെയുള്ള സംഘടനകളാണ് ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനായി അവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ….
1957-ലെ ഇന്ത്യൻ ലേബർ കോൺഫറൻസ് (ILC) നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം, ഒരു കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ പോഷകാഹാരം, വസ്ത്രം, പാർപ്പിടം, മരുന്നുകൾ എന്നിവയുടെ ഇന്നത്തെ വിപണി വില കണക്കാക്കിയാണ് അടിസ്ഥാനശമ്പളം 54,000 രൂപയാക്കണമെന്ന ആവശ്യം ജീവനക്കാർ ഉന്നയിക്കുന്നത്. കൂടാതെ, കുടുംബ യൂണിറ്റുകളുടെ വർദ്ധനവും ആവശ്യപ്പെടുന്നുണ്ട്. നിലവിൽ 3 അംഗങ്ങളുള്ള കുടുംബത്തെയാണ് ശമ്പള നിർണ്ണയത്തിന് മാനദണ്ഡമാക്കുന്നത്. എന്നാൽ മാതാപിതാക്കളെക്കൂടി ഇതിൽ ഉൾപ്പെടുത്തി കുടുംബ യൂണിറ്റുകളുടെ എണ്ണം 5 ആയി ഉയർത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ALSO READ: സർക്കാർ ജീവനക്കാർക്ക് ലോട്ടറിയോ? വീടിന് 75 ലക്ഷം രൂപ വരെ, പലിശ വെറും 5 ശതമാനം
ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകും?
7-ാം ശമ്പള കമ്മീഷനിൽ 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. എന്നാൽ ഇത്തവണ അത് 3.0 മുതൽ 3.25 വരെ ഉയർത്തണമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാൽ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവുണ്ടാകും. ഫിറ്റ്‌മെന്റ് ഫാക്ടർ 3.00 ആയാൽ അടിസ്ഥാനശമ്പളം 54,000 (18,000 x 3.00) രൂപയാകും.
ഇത് കൂടാതെ, വാർഷിക ശമ്പള വർദ്ധനവ് 3 ശതമാനത്തിൽ നിന്നും 5 ശതമാനമായി ഉയർത്തുക, ജീവനക്കാർക്ക് ലഭിക്കുന്ന അതേ ഫിറ്റ്‌മെന്റ് ഫാക്ടർ ആനുകൂല്യങ്ങൾ പെൻഷൻകാർക്കും ലഭ്യമാക്കുക, സർവീസ് കാലയളവിൽ കുറഞ്ഞത് 5 പ്രമോഷനുകളെങ്കിലും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കമ്മീഷന് മുന്നിൽ എത്തിയിട്ടുണ്ട്.