8th Pay Commission: ശമ്പള വർദ്ധനവിൽ പണപ്പെരുപ്പത്തിനുമുണ്ടൊരു പങ്ക്; ജീവനക്കാർ അറിയേണ്ടത് ഇതെല്ലാം…
8th Pay Commission Updates: സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വില സൂചിക (സിപിഐ), സർക്കാർ ജീവനക്കാർക്ക് വിലവർദ്ധനവിൽ നിന്ന് സംരക്ഷണം നൽകുന്ന ക്ഷാമബത്ത നിശ്ചയിക്കുന്നതിൽ നേരിട്ട് പങ്കുവഹിക്കുന്നുണ്ട്.
ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും. പുതിയ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിന് സർക്കാർ അംഗീകാരം നൽകി. അടുത്ത 18 മാസത്തിനുള്ളിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.
ശമ്പള വർദ്ധനവിൽ പണപ്പെരുപ്പത്തിന്റെ പങ്ക്
സ്ഥിതിവിവരക്കണക്ക് മന്ത്രാലയം (MoSPI) പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വില സൂചിക (Consumer Price Index – CPI), സർക്കാർ ജീവനക്കാർക്ക് വിലവർദ്ധനവിൽ നിന്ന് സംരക്ഷണം നൽകുന്ന ക്ഷാമബത്ത നിശ്ചയിക്കുന്നതിൽ നേരിട്ട് പങ്കുവഹിക്കുന്നുണ്ട്.
എട്ടാം ശമ്പള കമ്മീഷൻ ശമ്പള പരിഷ്കരണത്തിനായി ഈ കണക്കുകളാണ് ഉപയോഗിക്കുന്നത്. പണപ്പെരുപ്പം കൃത്യമായി അളക്കാതിരുന്നാൽ, ശമ്പള പരിഷ്കരണങ്ങൾ ഒന്നുകിൽ വളരെ കൂടുതലാവുകയോ അല്ലെങ്കിൽ വളരെ കുറവാകുകയോ ചെയ്യാം. ഇത് രാജ്യത്തിന്റെയും ജീവനക്കാരുടെയും സാമ്പത്തിക നിലയെ ദോഷകരമായി ബാധിക്കും.
ഇന്ത്യയിലെ പണപ്പെരുപ്പ കണക്കെടുപ്പ് രീതിയിലെ പ്രധാന പോരായ്മകളിൽ ഒന്ന് ഭവനച്ചെലവ് അളക്കുന്നതിലാണ്. സിപിഐ ബാസ്കറ്റിൽ ഭവനത്തിന് 10.07% ഭാരമാണുള്ളത്. എന്നാൽ, ഇതിനായുള്ള മിക്ക ഡാറ്റയും സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ഭവനങ്ങളിൽ നിന്നാണ് ശേഖരിക്കുന്നത്. എന്നാൽ ഈ വാടകകൾ വിപണി വിലയെ അടിസ്ഥാനമാക്കിയുള്ളതല്ല.
ALSO READ: ജനുവരി മുതൽ ശമ്പളം എത്ര? അലവൻസുകളിൽ മാറ്റം; എട്ടാം ശമ്പള കമ്മീഷൻ അപ്ഡേറ്റ്!
അതുകൊണ്ട് വാടകയുടെ പകരമായി ഹൗസ് റെന്റ് അലവൻസാണ് സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ഉപയോഗിക്കുന്നത്. ഹൗസ് റെന്റ് അലവൻസ് ജീവനക്കാരന്റെ ശമ്പള ഗ്രേഡിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. അതിനാൽ ഇവയും യഥാർത്ഥ വാടകച്ചെലവിനെ പ്രതിഫലിക്കുന്നില്ല.
ഏഴാം ശമ്പള കമ്മീഷനിൽ സംഭവിച്ചത് എന്ത്?
2017-ൽ ഏഴാം ശമ്പള കമ്മീഷൻ എച്ച്.ആർ.എ 105% വർദ്ധിപ്പിച്ചപ്പോൾ, ഇന്ത്യയുടെ ഔദ്യോഗിക ഭവന പണപ്പെരുപ്പം ഒറ്റ വർഷം കൊണ്ട് 4.7% ൽ നിന്ന് 8.45% ആയി കുതിച്ചുയർന്നു. എന്നാൽ യഥാർത്ഥ വിപണി വാടക അത്രയധികം വർദ്ധിച്ചിരുന്നില്ല. എച്ച്.ആർ.എ-യെ പകരക്കാരനായി ഉപയോഗിച്ചതിന്റെ ഫലമായാണ് ഈ വ്യത്യാസം.
ഈ തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കാൻ ഭവന പണപ്പെരുപ്പം കണക്കാക്കുന്ന രീതി പരിഷ്കരിക്കാൻ പദ്ധതിയിടുന്നുണ്ട്. പണപ്പെരുപ്പ സാമ്പിളിൽ നിന്ന് സർക്കാർ നൽകുന്ന വീടുകൾ ഒഴിവാക്കിയും, അല്ലെങ്കിൽ വർഷത്തിൽ രണ്ടുതവണ ശേഖരിക്കുന്നതിന് പകരം മാസംതോറും വാടക വിവരങ്ങൾ ശേഖരിച്ചുമായിരിക്കും പുതിയ രീതി നടപ്പിലാക്കുന്നത്.