Beyond Snacks: ചിപ്സ് വിറ്റ് പ്രതിമാസം കോടികൾ, കേരള രുചിയെ ലോകത്തെത്തിച്ച ആലപ്പുഴക്കാരന്റെ കഥ…
Manas Madhu founder of Beyond Snacks: രുചിയോടൊപ്പം ക്വാളിറ്റി കൂടി ചേർന്നപ്പോൾ ആലപ്പുഴക്കാരൻ മാനസ് മധുവിന്റെ ബനാന ചിപ്സ് വിപണികൾ കീഴടക്കി. പ്രതിമാസം കോടികളുടെ വരുമാനം നേടുന്ന മാനസ് മധുവിന്റെ 'ബിയോണ്ട് സ്നാക്ക്സ്' എന്ന മല്ലു ബ്രാൻഡിന്റെ വളർച്ച അറിയാം...
ഓണമായാലും വിഷുവായാലും കല്യാണമായാലും മലയാളികൾക്ക് സദ്യയിൽ ചിപ്സ് ഇല്ലാതെ എന്ത് ആഘോഷമല്ലേ? കേരളത്തിന്റെ സ്വന്തം കായ വറുത്തതിന് വിദേശികൾക്കിടയിൽ പോലും ആരാധകർ ഏറെയാണ്. കേരളത്തിന്റെ ചിപ്സിനെ മലയാളികൾ അല്ലാത്തവരുടെ ഇടയിൽ ജനപ്രിയമാക്കുന്നതിൽ ഇന്ന് മുൻപന്തിയിലുള്ള ബ്രാൻഡാണ് ‘ബിയോണ്ട് സ്നാക്ക്സ്’.
രുചിയോടൊപ്പം ക്വാളിറ്റി കൂടി ചേർന്നപ്പോൾ ആലപ്പുഴക്കാരൻ മാനസ് മധുവിന്റെ ബനാന ചിപ്സ് വിപണികൾ കീഴടക്കി. പ്രതിമാസം കോടികളുടെ വരുമാനം നേടുന്ന മാനസ് മധുവിന്റെ ‘ബിയോണ്ട് സ്നാക്ക്സ്’ എന്ന മല്ലു ബ്രാൻഡിന്റെ വളർച്ച അറിയാം…
ബിയോണ്ട് സ്നാക്സിന്റെ പിറവി
കായ വറുത്തത് മലയാളത്തിന്റെ നമ്പർ വൺ പലഹാരമാണെങ്കിലും ക്വാളിറ്റിയിൽ ചിപ്‌സ് വിൽക്കുന്ന ബ്രാൻഡുകൾ വളരെ കുറവായിരുന്നു. ഈ സാധ്യത മുൻനിർത്തിയായിരുന്നു മാനസ് മധുവിന്റെ ബിയോണ്ട് സ്നാക്സിന്റെ പിറവി. ഗുണനിലവാരത്തിലുള്ള പ്രീമിയം ചിപ്‌സ്, രാജ്യത്തുടനീളം ലഭ്യമാക്കുക എന്നതായിരുന്നു ബിയോണ്ട് സ്നാക്ക്സ്’ന്റെ ലക്ഷ്യം.
എംബിഎ ബിരുദധാരിയാണ് ആലപ്പുഴ സ്വദേശിയായ മാനസ് മധു. ഒരു ദിവസം മാനസ് മൂല്യവർധിത ഉല്പന്നങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചു. അതിൽ നിന്നാണ് പുതിയൊരു ബിസിനസ് ഐഡിയ തെളിഞ്ഞത്. 2018ൽ തന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ബിയോണ്ട് സ്നാക്സ് ആരംഭിച്ചു. ചിപ്സിനോടൊപ്പം ദേശി മസാല, പെരി പെരി, സോൾട്ടഡ്, പെപ്പർ, ഹോട്ട് ആൻഡ് സ്വീറ്റ് ചില്ലി, സോർ ക്രീം ഒണിയൻ ആൻഡ് പാഴ്സ്ലി, എന്നിങ്ങനെയുള്ള വിവിധ രുചികളും ബിയോണ്ട് സ്നാക്സ് വിപണിയിൽ എത്തിച്ചു.
ബനാന ചിപ്‌സ്
കർഷകരിൽ നിന്ന് സീസണിലെ ലഭ്യതയെ അടിസ്ഥാനമാക്കി നേന്ത്രൻകായ സംഭരിക്കുന്നു. ഈ വാഴപ്പഴം വൃത്തിയായി വെട്ടി ശുദ്ധമായ എണ്ണയിൽ പാകം ചെയ്യുന്നു. ബിയോണ്ട് സ്നാക്സിന്റെ ബനാന ചിപ്‌സ് കൈ സ്‌പർശമില്ലാതെ പാക്ക് ചെയ്തവയാണെന്നും കൊളസ്‌ട്രോളും ട്രാൻസ് ഫാറ്റ് രഹിതവുമാണെന്നും മാനസ് പറയുന്നു.
ഇന്ന്, റീട്ടെയിൽ സ്റ്റോറുകൾക്കും സൂപ്പർമാർക്കറ്റുകൾക്കും ഉപരി ആമസോൺ, ബിഗ് ബാസ്‌ക്കറ്റ്, ഇന്ത്യ മാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളും ബനാന ചിപ്സ് ലഭ്യമാണ്. ഉപഭോക്താക്കളിൽ ഭൂരിഭാഗവും ബെംഗളൂരു, മുംബൈ, പൂനെ, മൈസൂർ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ, യുഎസ്, യുഎഇ, ഖത്തർ, നേപ്പാൾ, മൗറീഷ്യസ് എന്നിവിടങ്ങളിലെ വിപണികളും ബിയോണ്ട് സ്നാക്സ് കീഴടക്കി.
വളർച്ച
ഷാർക്ക് ടാങ്ക് ഇന്ത്യയുടെ ആദ്യ സീസണിൽ ബിയോണ്ട് സ്നാക്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 50 ലക്ഷം രൂപയിൽ നിന്ന് 2.5 ശതമാനം ഇക്വിറ്റിയിൽ അമൻ ഗുപ്ത, അഷ്നീർ ഗ്രോവർ എന്നീ രണ്ട് ബിസിനസുകാരുമായി ഇടപാട് നടത്തുന്ന ആദ്യ സംരംഭകനായി അദ്ദേഹം മാറി. ആമസോണിലും ഫ്ലിപ്കാർട്ടിലും ബെസ്റ്റ് സെല്ലറായി. ബിയോണ്ട് സ്നാക്സിന്റെ 50 ശതമാനത്തിലധികം വിൽപ്പനയും ബനാന ചിപ്‌സിൽ നിന്നാണ്. 22 രൂപയുടെ ചിപ്സ് പാക്കറ്റും ബിയോണ്ട് സ്നാക്സ് പുറത്തിറക്കുന്നുണ്ട്. ആറ് രുചികളുടേയും കോംബോ പാക്കുകളും ഓരോ രുചിയുടെയും ഫാമിലി പായ്ക്കുകളും ബിയോണ്ട് സ്നാക്സ് നൽകുന്നു.