Kerala Price Hike: മുട്ടയ്ക്കും ചിക്കനും തീ വില; വറുക്കാൻ വെളിച്ചെണ്ണ വാങ്ങാനൊക്കുമോ?
Chicken and Egg Prices in Kerala: മലബാര്‍ മേഖലയില്‍ ഒരു കിലോ കോഴിയിറച്ചിക്ക് 290 ന് മുകളിലാണ് വില. എന്നാല്‍ തെക്കന്‍ കേരളത്തില്‍ 200 നും അതിന് താഴെയും വില വരുന്നു. തെക്കന്‍, മധ്യ കേരളത്തെ അപേക്ഷിച്ച് കിലോ അടിസ്ഥാനത്തിലാണ് വടക്കന്‍ കേരളത്തില്‍ കോഴിയിറച്ചി വില്‍പന.
ക്രിസ്മസും ന്യൂയറുമെല്ലാം അവസാനിച്ചെങ്കിലും കേരളത്തില്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയുമൊന്നും വില താഴ്ന്നിട്ടില്ല. സാധാരണ മണ്ഡലകാലം മുതല്‍ക്കേ ഇവയുടെയെല്ലാം വിലയില്‍ വലിയ ഇടിവ് സംഭവിക്കാറുള്ളതാണ്. എന്നാല്‍ മണ്ഡലകാലം വന്നിട്ടും, ക്രിസ്മസും ന്യൂയറും കഴിഞ്ഞിട്ടും വിലയില്‍ കുതിപ്പ് തന്നെ. കേരളത്തില്‍ നിലവില്‍ കോഴിയിറച്ചിക്ക് 200 രൂപയ്ക്ക് മുകളിലാണ് വില. സംസ്ഥാനത്തിന്റെ ഓരോ ഭാഗങ്ങളിലും വിലയില്‍ വ്യത്യാസമുണ്ട്.
മലബാര്‍ മേഖലയില്‍ ഒരു കിലോ കോഴിയിറച്ചിക്ക് 290 ന് മുകളിലാണ് വില. എന്നാല്‍ തെക്കന്‍ കേരളത്തില്‍ 200 നും അതിന് താഴെയും വില വരുന്നു. തെക്കന്‍, മധ്യ കേരളത്തെ അപേക്ഷിച്ച് കിലോ അടിസ്ഥാനത്തിലാണ് വടക്കന്‍ കേരളത്തില്‍ കോഴിയിറച്ചി വില്‍പന. ക്രിസ്മസ്-പുതുവത്സരാഘോഷ സമയത്ത് കേരളത്തില്‍ 150 മുതല്‍ 200 രൂപ വരെ വിലയുണ്ടായിരുന്ന കോഴിയാണ് 300 ലേക്ക് എത്തിയിരിക്കുന്നത്.
കോഴിയിറച്ചിയുടെ ലഭ്യതയില്‍ ക്ഷാമം നേരിട്ടതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഫാമുകള്‍ ഇറച്ചിയില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കി വില ഉയര്‍ത്തുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതിനാല്‍ തന്നെ കോഴിവില ഉടന്‍ താഴാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
മുട്ടയുമുണ്ട് കൂടെ
ക്രിസ്മസ് എത്തും മുമ്പേ റെക്കോഡ് കുതിപ്പിലായിരുന്നു മുട്ട. ആ തേരോട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല. 9 രൂപയാണ് പലയിടങ്ങളിലും ഒരു മുട്ടയ്ക്ക് ഈടാക്കുന്നത്. എന്നാല്‍ നാടന്‍ കോഴിമുട്ടയ്ക്ക് 15 മുതല്‍ 20 രൂപ വരെ വിലയുണ്ട്. വൈകാതെ മുട്ടവില 10 രൂപയിലേക്ക് കടക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം.
Also Read: Areca Nut Price: തേങ്ങ തളർന്നു, വീട്ടിൽ ഇത് ഉണ്ടെങ്കിൽ ലക്ഷപ്രഭുവാകാം, വിലയിൽ വൻ കുതിപ്പ്
അടങ്ങിയൊതുങ്ങി വെളിച്ചെണ്ണ
ഉപഭോക്താക്കളെ ഭീതിയിലാഴ്ത്തി കുതിച്ച സാധനങ്ങളില്‍ ഒന്നായിരുന്നു വെളിച്ചെണ്ണ. ഓണക്കാലത്തിന് മുമ്പ് 600 തൊട്ടുതൊട്ടില്ലെന്ന വിധത്തിലായിരുന്നു വെളിച്ചെണ്ണ വില. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കൃത്യമായ ഇടപെടല്‍ മൂലം വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സാധിച്ചു. നിലവില്‍ സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യുന്നുണ്ട്.
എന്നാല്‍ സപ്ലൈകോ വഴി മാത്രമല്ല, കടകളില്‍ നിന്നും നിങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ ലഭിക്കുന്നതാണ്. കേരളത്തിലേക്കുള്ള തേങ്ങയുടെ അളവ് വര്‍ധിച്ചതോടെ വെളിച്ചെണ്ണ വിലയും കുറഞ്ഞു. 150 നും താഴേക്ക് വെളിച്ചെണ്ണ എത്തുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം.