Coconut Oil Price Hike: വെളിച്ചെണ്ണ സബ്സിഡി അരലിറ്ററിന്, പക്ഷേ ഒരു ലിറ്റർ വാങ്ങണം! ഇതെന്ത് കണക്ക്?
Coconut oil in Supplyco: സബ്സിഡി വെളിച്ചെണ്ണ ലീറ്ററിന് 349 രൂപയ്ക്കും അര ലീറ്റർ 179 രൂപയ്ക്കും നൽകുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിൽ സപ്ലൈക്കോ വഴി വെളിച്ചെണ്ണ ലഭിക്കുന്നുണ്ടോ?
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സാധാരണക്കാർക്ക് വെല്ലുവിളിയായി തുടരുകയാണ്. പ്രത്യേകിച്ച് ഓണം പടിവാതിൽക്കൽ നിൽക്കുമ്പോൾ വെളിച്ചെണ്ണയുടെ ഉയർന്ന വില ആശങ്കയുണർത്തുന്നുണ്ട്. എന്നാൽ ഓണക്കാലത്ത് സബ്സിഡി നിരക്കിൽ സപ്ലൈക്കോ വഴി വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് മന്തി ജി. ആർ അനിൽ പ്രഖ്യാപിച്ചിരുന്നു.
സബ്സിഡി വെളിച്ചെണ്ണ ലീറ്ററിന് 349 രൂപയ്ക്കും അര ലീറ്റർ 179 രൂപയ്ക്കും നൽകുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 429 രൂപയ്ക്കും അര ലീറ്റർ 219 രൂപയ്ക്കും നൽകുമെന്നും അറിയിച്ചു. എന്നാൽ ഇത്തരത്തിൽ സപ്ലൈക്കോ വഴി വെളിച്ചെണ്ണ ലഭിക്കുന്നുണ്ടോ? ഇല്ലെന്ന് പറയേണ്ടി വരും.
ALSO READ: വെളിച്ചെണ്ണയ്ക്ക് തീവില; കാരണക്കാർ ഇന്തോനേഷ്യയും ഫിലിപ്പീന്‍സും
സപ്ലൈകോയിൽ ഒരു ലീറ്റർ സബ്സിഡി വെളിച്ചെണ്ണ വിൽക്കുമെന്നാണു സർക്കാർ പറഞ്ഞെങ്കിലും നിലവിൽ അര ലിറ്ററിന് മാത്രമാണ് സബ്സിഡി ലഭിക്കുന്നത്. പക്ഷേ, അര ലിറ്റർ പായ്ക്കറ്റ് മാത്രമായി വാങ്ങാനും കഴിയില്ല. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ പായ്ക്കറ്റിൽ, അര ലിറ്റർ സബ്‌സിഡി നിരക്കിലും ബാക്കി അര ലിറ്റർ സബ്‌സിഡിയില്ലാത്ത പൊതുവിപണി വിലയിലുമാണ് വിൽക്കുന്നത്. അതിനാൽ സബ്‌സിഡിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ ഉപഭോക്താവ് ഒരു ലിറ്റർ പായ്ക്കറ്റ് നിർബന്ധമായും വാങ്ങണം.
സപ്ലൈക്കോ വഴി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്ക് നൽകുമെന്നാണ് പ്രഖ്യാപനം. ഇതനുസരിച്ച്, ഉപഭോക്താവ് വാങ്ങുന്ന ഒരു ലിറ്റർ പായ്ക്കറ്റിലെ ആദ്യത്തെ അര ലിറ്ററിന് സബ്സിഡി നിരക്കായ 179 രൂപയും രണ്ടാമത്തെ അര ലിറ്ററിന് പൊതുവിപണി വിലയായ 219 രൂപയുമാണ് വില. ഈ രണ്ട് വിലകളും ചേർത്താണ് ഒരു ലിറ്ററിന് 349 രൂപ ഈടാക്കുന്നത്.
എന്നാൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് പൂർണ്ണമായും സബ്‌സിഡിയുണ്ടെന്ന തെറ്റിദ്ധാരണയിലാണ് പലരും. സബ്സിഡിയായി നൽകുന്ന വെളിച്ചെണ്ണയുടെ അളവ് കൂട്ടിയതായി ഇതു വരെ അറിയിപ്പില്ല.