Coconut Oil: വെളിച്ചെണ്ണ വില കുറയും, സെപ്റ്റംബർ 22 മുതൽ പുതിയ നിരക്ക്; പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി
Coconut Oil Price in Kerala: വെളിച്ചെണ്ണയെ കൂടാതെ തുവരപ്പരിപ്പും ചെറുപയറും ഉൾപ്പെടെയുള്ളവർക്കും വില കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വെളിച്ചെണ്ണ വില കുറയ്ക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സെപ്റ്റംബർ 22, തിങ്കളാഴ്ച മുതൽ പുതിയ നിരക്കിലായിരിക്കും സപ്ലൈകോയിൽ വെളിച്ചെണ്ണ വിൽക്കുന്നത്. പി എസ് സുപാൽ എംഎൽഎയ്ക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. കൂടാതെ കേരഫെഡിന്റെ വെളിച്ചെണ്ണ നിലവിൽ 429 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇത് 419 രൂപയ്ക്ക് കൊടുക്കും. വെളിച്ചെണ്ണയെ കൂടാതെ തുവരപ്പരിപ്പും ചെറുപയറും ഉൾപ്പെടെയുള്ളവർക്കും വില കുറയ്ക്കുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഓണക്കാലം കഴിഞ്ഞതോടെ കേരളത്തിൽ വീണ്ടും വെളിച്ചെണ്ണ വില വർദ്ധിച്ചിരുന്നു. 420 രൂപയായാണ് കൂടിയത്. തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വീണ്ടും വില ഉയരാനുള്ള കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടിയത്. നവരാത്രി, ദീപാവലി ആഘോഷങ്ങളെ മുന്‍നിര്‍ത്തി തമിഴ്നാട്ടില്‍ കൊപ്ര സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചതാണ് തിരിച്ചടിയായത്. ഇതോടെ കേരളത്തിലേക്കുള്ള കൊപ്രയുടെ കയറ്റുമതി ഴിഞ്ഞ ഭാഗികമായി നിർത്തിവച്ചിരുന്നു.