Family Gold Tax: പാരമ്പര്യ സ്വർണം വിൽക്കുന്നുണ്ടോ? ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം
Family Gold Selling Tax Rule: ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം, പാരമ്പര്യമായി ലഭിച്ച സ്വർണ്ണത്തെ മൂലധന ആസ്തിയായി കണക്കാക്കുന്നു.

പ്രതീകാത്മക ചിത്രം
ഇന്ത്യക്കാർക്ക് സ്വർണം പാരമ്പര്യത്തിന്റെയും സമൃദ്ധിയുടെയും സാമ്പത്തിക സുരക്ഷയുടെയും പ്രതീകം കൂടിയാണ്. വിവാഹം പോലുള്ള ആഘോഷങ്ങളിൽ സ്വർണം വളരെയധികം ഉപയോഗിക്കുന്നുണ്ട്. പവന്റെ വില വർധിക്കുന്നുണ്ടെങ്കിലും സ്വർണം പോലെ സാമ്പത്തിക സുരക്ഷ നൽകുന്ന മറ്റൊരു ലോഹവുമില്ല.
കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതൽ സ്വർണം സ്വന്തമാക്കുന്നത്. ഇതിൽ പാരമ്പര്യമായി ലഭിച്ച സ്വർണവും ഉണ്ടായിരിക്കും, അതായത് വർഷങ്ങൾ പഴക്കമുള്ള ആഭരണങ്ങൾ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാറുണ്ട്. എന്നാൽ, ഇത്തരതത്തിൽ ലഭിച്ച പാരമ്പര്യ സ്വർണം വിൽക്കുന്ന ആവശ്യം വരികയാണെങ്കിൽ
ചില നികുതി നിയമങ്ങൾ മനസ്സിലാക്കേണ്ടത് നിർണായകമാണ്.
പാരമ്പര്യ സ്വർണം – നികുതി
ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം, പാരമ്പര്യമായി ലഭിച്ച സ്വർണ്ണത്തെ മൂലധന ആസ്തിയായി കണക്കാക്കുന്നു. അതായത് നിങ്ങൾ അത് വിൽക്കുമ്പോൾ, നിങ്ങൾക്ക് ലഭിക്കുന്ന ലാഭം മൂലധന നേട്ട നികുതിക്ക് വിധേയമാണ്.
സ്വർണം പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ അതിൻ്റെ യഥാർത്ഥ വാങ്ങൽ വിലയും, വാങ്ങിയ തിയ്യതിയുമാണ് ഇവിടെ പരിഗണിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ മുത്തശ്ശി 1981 ൽ വാങ്ങിയ സ്വർണ്ണമാണ് നിങ്ങൾക്ക് കൈമാറിയതെങ്കിൽ, 1981 ലെ വാങ്ങൽ വിലയും തീയതിയും ഉപയോഗിച്ചാണ് നികുതി കണക്കാക്കുന്നത്.
എത്ര കാലം കൈവശം വയ്ക്കാം
സ്വർണ്ണം എത്ര കാലം കൈവശം വച്ചു എന്നതിനെ ആശ്രയിച്ചിരിക്കും നികുതി. മുമ്പ്, 36 മാസം സ്വർണം കൈവശം വെക്കുകയാണെങ്കിൽ അത് ദീർഘകാല നിക്ഷേപമായി കണക്കാക്കാമായിരുന്നു. ഇപ്പോൾ, 2024 ലെ ധനകാര്യ നിയമം അനുസരിച്ച് 24 മാസം മതിയാകും. 24 മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണ്ണത്തിന് 12.5% (ഇൻഡെക്സേഷൻ ഇല്ലാതെ) നികുതി ചുമത്തുന്നു. 24 മാസത്തിനുള്ളിൽ വിൽക്കുന്ന സ്വർണ്ണത്തിന് ആദായനികുതി സ്ലാബുകൾ അനുസരിച്ച് നികുതി ചുമത്തുന്നു.