FD Interest Rate: ഫെഡറൽ ബാങ്ക് എഫ്ഡി പലിശ നിരക്ക് ഉയർത്തി, എങ്ങനെ നേട്ടമാക്കാം?
Federal Bank FD Interest Rates: സ്ഥിര നിക്ഷേപങ്ങൾക്കുള്ള അധിക പലിശ നിരക്കിൽ മാറ്റം വരുത്തി ഫെഡറൽ ബാങ്ക്. 0.50 ശതമാനത്തിന് പകരം 0.60 ശതമാനം പലിശ ഇനി അധികമായി ലഭിക്കും. ഇതോടെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 7.50 ശതമാനം വരെ ഉയർന്നു.

പ്രതീകാത്മക ചിത്രം
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള അധിക പലിശ നിരക്കിൽ മാറ്റം വരുത്തി ഫെഡറൽ ബാങ്ക്. 0.50 ശതമാനത്തിന് പകരം 0.60 ശതമാനം പലിശ ഇനി അധികമായി ലഭിക്കും. ഇതോടെ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 7.50 ശതമാനം വരെ ഉയർന്നു. ചില പ്രത്യേക നിക്ഷേപ പദ്ധതികളിൽ മുതിർന്ന പൗരന്മാർക്ക് 7.40% മുതൽ 7.50% വരെ പലിശനിരക്ക് ലഭിക്കും.
കാലാവധിയും പലിശ നിരക്കുകളും
നിക്ഷേപകർക്ക് കൂടുതൽ നേട്ടം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ തീരുമാനം. 18 മാസം മുതൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.40% വരെ പലിശ ലഭിക്കും. 1 കോടി രൂപയും അതിൽ കൂടുതലുമുള്ള നിക്ഷേപങ്ങൾക്ക് ഇത് 7.50% വരെ ഉയരുന്നുണ്ട്.
നേട്ടം ആർക്ക്?
സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് എല്ലാ പ്രധാന കാലാവധികളിലും അധിക പലിശയുടെ ആനുകൂല്യം ലഭിക്കുന്നത് തുടരും. സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങൾ തേടുന്ന മുതിർന്ന പൗരന്മാർക്ക് ഈ പലിശനിരക്ക് വർദ്ധനവ് ഏറെ പ്രയോജനകരമാണ്. നിക്ഷേപകർക്ക് ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അടുത്തുള്ള ശാഖകൾ സന്ദർശിച്ചോ പുതിയ നിരക്കുകളിൽ സ്ഥിരനിക്ഷേപങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.
ALSO READ: പണം അയക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട; പുതിയ നിയമവുമായി ആർബിഐ
എങ്ങനെ നേട്ടമാക്കാം?
ഏറ്റവും ഉയർന്ന പലിശയുള്ള കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എല്ലാ കാലാവധികൾക്കും ഒരേ പലിശയല്ല ലഭിക്കുന്നത്. 18 മാസം കാലാവധിയിൽ 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.40% പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ കാലയളവിലേക്കും 7.40% പലിശ നിരക്ക് ലഭ്യമാണ്. മുൻകൂർ പിൻവലിക്കൽ സൗകര്യമില്ലാത്ത 18 മാസം അല്ലെങ്കിൽ 2-3 വർഷത്തെ നിക്ഷേപങ്ങൾക്ക് 7.50% വരെ പലിശ നേടാം.
പഴയ നിക്ഷേപങ്ങൾ പുതുക്കുക. നിങ്ങളുടെ പഴയ എഫ്ഡിയുടെ പലിശനിരക്കും പുതിയ നിരക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ, 1% പിഴ നൽകിയാലും ബാക്കി കാലയളവിലേക്ക് ഉയർന്ന പലിശ ലഭിക്കുന്നത് വഴി കൂടുതൽ ലാഭമുണ്ടാക്കാൻ സാധിച്ചേക്കും. ബാങ്ക് ശാഖയുമായോ കസ്റ്റമർ കെയറുമായോ ബന്ധപ്പെട്ട് ഇത് കൃത്യമായി കണക്കുകൂട്ടി നോക്കുക.
കൈവശമുള്ള മുഴുവൻ തുകയും ഒരൊറ്റ എഫ്ഡിയിൽ ഇടുന്നതിന് പകരം പല കാലാവധികളിലായി വിഭജിച്ചു നിക്ഷേപിക്കുന്ന രീതിയും നല്ലതാണ്, ഇത് വഴി അടിയന്തര ആവശ്യങ്ങൾക്ക് പണം പിൻവലിക്കേണ്ടി വന്നാൽ മുഴുവൻ നിക്ഷേപവും തകർക്കേണ്ടിവരില്ല, ഒപ്പം ഉയർന്ന പലിശനിരക്കുകൾ ഉറപ്പാക്കാനും സാധിക്കും.
പ്രതിമാസ വരുമാനത്തിനായി ഉപയോഗിക്കുക
വിരമിച്ചവർക്ക് പെൻഷൻ പോലെ കൃത്യമായ മാസവരുമാനം ലഭിക്കാൻ ഈ നിരക്ക് വർദ്ധനവ് സഹായിക്കും. പലിശ കാലാവധി കഴിയുമ്പോൾ ഒരുമിച്ച് വാങ്ങുന്നതിന് പകരം പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ പേഔട്ട് ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിലൂടെ എല്ലാ മാസവും കൃത്യമായി പലിശത്തുക സേവിംഗ്സ് അക്കൗണ്ടിലേക്ക് എത്തും.
English Summary:
Federal Bank has increased the interest rates on fixed deposits for senior citizens, offering returns of up to 7.50% per annum on select tenures. Under the new rates, senior citizens can earn up to 7.40% on deposits with tenures of 18 months and two years to less than three years.