Kerala Gold Rate: സ്വര്‍ണം വാങ്ങി കീശകീറും, കൂടെ തിളങ്ങി വെള്ളിയും; ഇന്നത്തെ നിരക്ക് അറിയേണ്ടേ?
Gold and Silver Price Kerala January 5 2026: 2026 അത്ര നല്ല വര്‍ഷമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ വരുന്നുണ്ട്. സ്വര്‍ണവില ഏകദേശം 2 ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. നിലവില്‍ 10 ഗ്രാം സ്വര്‍ണത്തിന് ഇന്ത്യയില്‍ ഒന്നരലക്ഷം രൂപയോളം വിലയുണ്ട്.

സ്വര്‍ണവില
1 ലക്ഷത്തില്‍ നിന്നും താഴേക്കിറങ്ങിയ സ്വര്‍ണം വീണ്ടും ചരിത്ര നിരക്കുകള്‍ സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്. 2025 ഡിസംബര്‍ 27നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണം 1,04,440 എന്ന നിരക്കിലേക്ക് എത്തിയത്. എന്നാല്‍ പിന്നീട് അവിടെ നിന്നും താഴോട്ടിറങ്ങി. 80 ശതമാനത്തോളം വില വര്‍ധനവാണ് 2025ല്‍ മാത്രം സ്വര്‍ണത്തില്‍ സംഭവിച്ചത്. 2025 ജനുവരിയില്‍ 55,000 രൂപയോളം വിലയുണ്ടായിരുന്ന സ്വര്‍ണം പിന്നീട് മാസങ്ങള്‍ക്കുള്ളില്‍ 1 ലക്ഷത്തിലേക്ക് നടന്നുകയറി.
എന്നാല്‍ 2026 അത്ര നല്ല വര്‍ഷമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ വരുന്നുണ്ട്. സ്വര്‍ണവില ഏകദേശം 2 ലക്ഷത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. നിലവില്‍ 10 ഗ്രാം സ്വര്‍ണത്തിന് ഇന്ത്യയില്‍ ഒന്നരലക്ഷം രൂപയോളം വിലയുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് 20,000 രൂപ വൈകാതെ എത്തുമെന്ന പ്രവചനങ്ങളും ശക്തം.
അതേസമയം, വെനസ്വേലയും യുഎസും തമ്മില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ ആഗോള വിപണിയെ പിടിച്ചുകുലുക്കുന്നു. 2026ലെ ആദ്യ വ്യാപാരം ആരംഭിക്കുന്ന ജനുവരി അഞ്ച് തിങ്കളാഴ്ച ഇതിന്റെ പ്രതിഫലനം ദൃശ്യമാകുന്നതാണ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും കടത്തികൊണ്ടുപോയ യുഎസ് നടപടി, സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ആളുകളെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍ എന്നിവയുടെ വില കുതിച്ചുയരുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വീണ്ടും ആരംഭിക്കുന്നത് സ്വര്‍ണം പോലുള്ള സുരക്ഷിത ലോഹങ്ങള്‍ക്ക് കരുത്തേകും. യുദ്ധങ്ങള്‍, സംഘര്‍ഷങ്ങള്‍, രാഷ്ട്രീയ അസ്ഥിരതകള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ ഓഹരികള്‍, കറന്‍സികള്‍ തുടങ്ങിയവയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണം, വെള്ളി, ബോണ്ട് എന്നിവയിലേക്കെത്തും.
2026 ജനുവരിയുടെ തുടക്കത്തില്‍ സ്വര്‍ണവും വെള്ളിയും ചെറുതായൊന്ന് വിലയിടിഞ്ഞിരുന്നു എങ്കിലും പിന്നീട് വീണ്ടും കുതിക്കുകയായിരുന്നു. സ്വര്‍ണത്തിന് പുറമെ വെള്ളിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ഇന്നത്തെ സ്വര്‍ണവില
വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില. 99,600 ല്‍ നിന്ന് 1,00,760 രൂപയിലേക്കാണ് ജനുവരി അഞ്ചിന് സ്വര്‍ണമെത്തിയത്. 1,160 രൂപയാണ് സ്വര്‍ണത്തിന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 12,450ല്‍ നിന്ന് 12,595 ലേക്കും വിലയെത്തി. ഗ്രാമിന് 145 രൂപയാണ് വര്‍ധിച്ചത്.
ഇന്നത്തെ വെള്ളിവില
വെള്ളിക്കും ഇന്ന് വില ഉയര്‍ന്നിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 8 രൂപ ഉയര്‍ന്ന് 265 രൂപയിലേക്കും വിലയെത്തി. ഒരു കിലോ വെള്ളിക്ക് 8,000 രൂപ ഉയര്‍ന്ന് 2,65,000 ലേക്കും വിലയെത്തി.