Kerala Gold-Silver Rate: ആശ്വസിക്കേണ്ട, സ്വർണവില കൂടിത്തുടങ്ങി…
Gold price hike today evening: ഇന്ത്യയിൽ വീണ്ടും വിവാഹ സീസൺ ആരംഭിക്കുന്നതോടെ സ്വർണ്ണാഭരണങ്ങളുടെ ഡിമാൻഡ് കുത്തനെ ഉയരും. ഇത് ആഭ്യന്തര വിപണിയിൽ സ്വർണ്ണവില കൂടുന്നതിന് മറ്റൊരു കാരണമായേക്കാം.
കൊച്ചി: റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന പ്രകടനം കാഴ്ചവെച്ച ശേഷം ഒക്ടോബർ അവസാനത്തോടെ ഇടിഞ്ഞ സ്വർണ്ണവില, വീണ്ടും ഉയർന്നുതുടങ്ങി. 2025 നവംബർ 17-ന് കേരളത്തിൽ സ്വർണ്ണവിലയിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തി.
ആഗോള വിപണിയിലെ ചലനങ്ങളെയും നിക്ഷേപകരുടെ താൽപ്പര്യത്തെയും തുടർന്ന് രാവിലെ തുടങ്ങിയ നിരക്കിൽ നിന്ന് വൈകുന്നേരമായപ്പോൾ വില ഉയർന്നു. രാവിലെ 91,640 രൂപയായിരുന്നു ഒരു പവന്. വൈകുന്നേരമായപ്പോൾ അത് 91,960 രൂപയിലെത്തി. ഒറ്റ ദിവസംകൊണ്ട് 320 രൂപയാണ് ഉയർന്നിട്ടുള്ളത്. ഒരു ലക്ഷം രൂപ കടക്കുമെന്ന് പ്രവചിക്കപ്പെട്ട സ്വർണ്ണവില ഒക്ടോബറിൽ 80,000 – 90,000 എന്ന പരിധിയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, നിലവിൽ വീണ്ടും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.
വില ഇനിയും ഉയരും: വിദഗ്ദ്ധ മുന്നറിയിപ്പ്
സ്വർണ്ണവില വരും ദിവസങ്ങളിലും ഉയർന്നേക്കുമെന്നാണ് വിപണി വിദഗ്ദ്ധരുടെ സൂചന. സെൻട്രൽ ബാങ്കുകളും വൻകിട നിക്ഷേപകരും സ്വർണ്ണത്തിൽ കണ്ണുംനട്ടിരിക്കുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലക്ഷ്മി ഡയമണ്ട്‌സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചേതൻ മേത്ത പറയുന്നു. ഇന്ത്യയിൽ വീണ്ടും വിവാഹ സീസൺ ആരംഭിക്കുന്നതോടെ സ്വർണ്ണാഭരണങ്ങളുടെ ഡിമാൻഡ് കുത്തനെ ഉയരും. ഇത് ആഭ്യന്തര വിപണിയിൽ സ്വർണ്ണവില കൂടുന്നതിന് മറ്റൊരു കാരണമായേക്കാം.