Home Cash Limit: വീട്ടിൽ സൂക്ഷിക്കുന്ന തുകയ്ക്ക് പരിധിയുണ്ടോ? എത്രവരെ
ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് ഇത്തരത്തിൽ വീട്ടിൽ പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്
സാമ്പത്തിക ഇടപാടുകൾ ഇന്ന് ഡിജിറ്റലായി മാറി കഴിഞ്ഞു. വീട്ടിൽ പണം സൂക്ഷിച്ച് ചിലവഴിക്കുന്ന കാലത്തിൽ നിന്നും വ്യത്യസ്തമായി യുപിഐ, ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്‌മെൻ്റ് നടത്തുന്നതാണ് ഇപ്പോഴത്തെ സ്ഥിരം രീതി. എങ്കിലും ഇപ്പോഴും ഇതിൽ വിശ്വസിക്കാത്ത ഒരു വിഭാഗം ആളുകൾ എടിഎമ്മിൽ നിന്നോ ബാങ്കിൽ നിന്നോ പണം പിൻവലിക്കുകയും വലിയ തോതിൽ ഇടപാടുകൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിൽ നിങ്ങൾക്ക് എത്ര രൂപ വരെ കയ്യിൽ സൂക്ഷിക്കാം. അല്ലെങ്കിൽ വീട്ടിൽ സൂക്ഷിക്കാം? ഇതിന് പരിധിയുണ്ടോ? അതിനെ കുറിച്ചാണ് പരിശോധിക്കുന്നത്. ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് ഇത്തരത്തിൽ വീട്ടിൽ പണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് പരിശോധിക്കാം.
പരിധി
വീട്ടിൽ പണം സൂക്ഷിക്കുന്നതിന് ആദായനികുതി വകുപ്പ് പരിധി നിശ്ചയിച്ചിട്ടില്ല. എത്ര പണം വേണമെങ്കിലും വീട്ടിൽ സൂക്ഷിക്കുകയും അതുമായി ഇടപാട് നടത്തുകയും ചെയ്യാം. എന്നാൽ ഇതിൻറെ ഉറവിടം തെളിയിക്കുന്ന രേഖകൾ സൂക്ഷിക്കണം. ചുരുക്കി പറഞ്ഞാൽ ഏതെങ്കിലും വിധേന തെറ്റായ മാർഗത്തിലെത്തുന്ന പണം നിങ്ങൾക്ക് സൂക്ഷിക്കാനാവില്ല. വീട്ടിൽ പണം സൂക്ഷിക്കുന്നതിന് ആദായനികുതി ചില നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിയമങ്ങൾ തെറ്റിച്ചാൽ പിന്നെ കുടുങ്ങും. ആദായ നികുതി വകുപ്പിൻ്റെ നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കുടുങ്ങാതിരിക്കാൻ
ഉദ്യോഗസ്ഥർ, വ്യവസായികൾ എന്നിവരുടെ വീട്ടിൽ ഐടി റെയ്ഡ് നടത്തി ലക്ഷക്കണക്കിന് കോടി രൂപയുടെ പണം കണ്ടെടുത്തുവെന്ന വാർത്ത നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഈ പണം അനധികൃത പണമാണ്.ഇത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടും. ഇതോടൊപ്പം പണവുമായി ബന്ധപ്പെട്ട ആളും അറസ്റ്റിലാകാറുണ്ട്.
പണം എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചോ വരുമാന സ്രോതസ്സിനെക്കുറിച്ചോ ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് ഇത്തരം നടപടി സ്വീകരിക്കുന്നത്. പണംകൈവശമുള്ള ആളുകളുടെ പക്കൽ തങ്ങളുടെ വരുമാന സ്രോതസ്സ് സംബന്ധിച്ച വിവരങ്ങളും ഉണ്ടായിരിക്കണം.
കൂടുതൽ പിൻവലിച്ചാൽ പാൻകാർഡ്
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിൻ്റെ നിയമങ്ങൾ അനുസരിച്ച്, ഒരാൾ ഒരേസമയം 50,000 രൂപയിൽ കൂടുതൽ പണമായി ബാങ്കിൽ നിന്ന് പിൻവലിച്ചാൽ, അയാൾ തൻ്റെ പാൻ കാർഡ് കാണിക്കണം. ഇത്തരത്തിൽ ഒരു വർഷത്തിൽ 20 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം. ഇനി നിക്ഷേപമാണെങ്കിൽ ഒരേസമയം 2 ലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചാൽ, പാൻ, ആധാർ എന്നിവ കാണിക്കേണ്ടിവരും.