Money Saving Tips: 10 ലക്ഷം രൂപ കടമുള്ളവർ എത്ര രൂപ സേവ് ചെയ്യണം ? അല്ലെങ്കിൽ
നിങ്ങളുടെ പ്രതിമാസ ചെലവുകൾ എത്രയാണെന്ന് കൃത്യമായി കണക്കാക്കുക. അങ്ങനെ അടിയന്തര ഫണ്ട് എത്ര വേണമെന്ന് തീരുമാനിക്കാൻ സഹായിക്കും. അടിയന്തര ഫണ്ട് എപ്പോഴും എളുപ്പത്തിൽ പിൻവലിക്കാൻ കഴിയുന്ന, അല്ലെങ്കിൽ മികച്ച പലിശ ലഭിക്കുന്ന ഒരു സേവിംഗ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ സൂക്ഷിക്കുന്നത് നല്ലതാണ്

പ്രതീകാത്മക ചിത്രം
ബാധ്യതയും കടവും കയ്യിൽ ആവശ്യത്തിന് പൈസ ഇല്ലാത്തതുമടക്കം ആളുകളെ ബുദ്ധിമുട്ടിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അൽപ്പം ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാം. നിങ്ങൾക്ക് പത്ത് ലക്ഷം രൂപ കടമുണ്ടെന്ന് കരുതുക. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ എങ്ങനെ ആയിരിക്കണം എന്ന് പരിശോധിക്കാം. അഥവ എത്ര രൂപ നിങ്ങൾക്ക് കരുതൽ ഉണ്ടാവണം തുടങ്ങിയവയും നോക്കാം.
കടം ഉണ്ടെങ്കിൽ പോലും
കടം ഉണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങൾക്കും ദൈനംദിന ചെലവുകക്കും പൈസ അത്യാവശ്യമാണ്. ഒരു തൊഴിൽ നഷ്ടം, അപ്രതീക്ഷിത ആശുപത്രി വാസം, അല്ലെങ്കിൽ മറ്റ് അത്യാഹിതങ്ങൾ എന്നിവ ഉണ്ടായാൽ, കൈവശം പണമില്ലെങ്കിൽ അത് നിങ്ങളെ കടക്കെണിയിലാക്കും.
എത്ര രൂപ
സാമ്പത്തിക വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത് നോക്കിയാൽ കുറഞ്ഞത് 3 മുതൽ 6 മാസത്തെ ദൈനംദിന ചെലവുകൾക്ക് തുല്യമായ തുക ഒരു അടിയന്തര ഫണ്ടായി കയ്യിലുണ്ടാവണം എന്നാണ്.നിങ്ങളുടെ പ്രതിമാസ ചിലവ് 30,000 ആണെങ്കിൽ, കുറഞ്ഞത് 90,000 രൂപ മുതൽ 1,80,000 രൂപ വരെ അടിയന്തിര ഫണ്ടായി കരുതണം. നിങ്ങളുടെ വാടക/ഭവന വായ്പാ തിരിച്ചടവ്, ഭക്ഷണം, യാത്രാ ചെലവുകൾ, മറ്റ് ബില്ലുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരിക്കണം ഇത്.
ചില കാര്യങ്ങൾ കൂടി
1. ഉയർന്ന പലിശയുള്ള കടങ്ങൾ
ക്രെഡിറ്റ് കാർഡ് , വ്യക്തിഗത വായ്പകൾ തുടങ്ങിയ ഉയർന്ന പലിശ നിരക്കിലുള്ള കടങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, കഴിയുന്നത്രയും വേഗത്തിൽ അവ തിരിച്ചടയ്ക്കാൻ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളിൽ, അടിയന്തര ഫണ്ട് കുറച്ച് മാത്രം കൈവശം വെച്ച് ബാക്കി തുക കടം തീർക്കാൻ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതാണ്
2. വരുമാന സ്ഥിരത
സ്ഥിരമായ വരുമാനം ഉള്ളവർക്ക് അടിയന്തര ഫണ്ട് കുറച്ച് മതിയാകും. എന്നാൽ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ളവർ, ഫ്രീലാൻസർമാർ, ബിസിനസ്സുകാർ എന്നിവർക്ക് കൂടുതൽ തുക ആവശ്യമായി വരും.
3. അധിക വരുമാനം
അധിക വരുമാനം ലഭിക്കാൻ സാധ്യതയുണ്ടെങ്കിൽ, അത് കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കാം. ഇത് എമർജൻസി ഫണ്ട് ഉപയോഗിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
പ്രധാന പരിഗണനകൾ
ചെലവുകൾ കൃത്യമായി വിലയിരുത്തുക
നിങ്ങളുടെ പ്രതിമാസ ചെലവുകൾ എത്രയാണെന്ന് കൃത്യമായി കണക്കാക്കുക. അങ്ങനെ അടിയന്തര ഫണ്ട് എത്ര വേണമെന്ന് തീരുമാനിക്കാൻ സഹായിക്കും. അടിയന്തര ഫണ്ട് എപ്പോഴും എളുപ്പത്തിൽ പിൻവലിക്കാൻ കഴിയുന്ന, അല്ലെങ്കിൽ മികച്ച പലിശ ലഭിക്കുന്ന ഒരു സേവിംഗ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫണ്ടിലോ സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തുകയും അതിനനുസരിച്ച് തുക ക്രമീകരിക്കുകയും ചെയ്യുക.