IAS, IPS Officer Salaries: ജില്ല കളക്ടറുടെ ശമ്പളം എത്രയെന്ന് അറിയാമോ, ഐപിഎസ് ഓഫീസർക്കോ?
സിവിൽ സർവീസ് ആഗ്രഹിക്കുന്ന നിരവധി വ്യക്തികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് അവർക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളുമായിരിക്കും. ഒരു ജില്ലാ കളക്ടറിന് ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം
കഴിഞ്ഞ ദിവസമാണ് യു.പി.എസ്.സി പരീക്ഷാ ഫലം വന്നത്. റാങ്ക് നേടിയ വിജയം സ്വന്തമാക്കിയവരുടെ അടുത്ത ലക്ഷ്യം മികച്ചൊരു ഐ.എ.എസ്, ഐ.പി,എസ് ഉദ്യോഗസ്ഥരാവുക എന്നതായിരിക്കും. സിവിൽ സർവീസ് ആഗ്രഹിക്കുന്ന നിരവധി വ്യക്തികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് അവർക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളുമായിരിക്കും. ഒരു ജില്ലാ കളക്ടറിന് ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയാമോ?
ഐഎഎസ് ഓഫീസർ ശമ്പളം
ഏഴാം ശമ്പളകമ്മീഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് രാജ്യത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം നിർണയിക്കുന്നത്. ഒരു ഐഎഎസ് ഓഫീസർ ജില്ലാ കളക്ടർ പദവിയിൽ എത്തുമ്പോൾ സാധാരണയായി സീനിയർ ടൈം സ്കെയിൽ അല്ലെങ്കിൽ ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് റാങ്കിലായിരിക്കും.
78,800 രൂപ മുതൽ 1,18,500 രൂപ വരെയാണ് ഇവരുടെ അടിസ്ഥാന ശമ്പളം. സർവീസ് സീനിയോറിറ്റി അനുസരിച്ച് മാറ്റം വരാം. അടിസ്ഥാന ശമ്പളത്തിന് പുറമെ ഡിഎ, വീട്ടുവാടക അലവൻസ് (ഔദ്യോഗിക വസതിയില്ലെങ്കിൽ), യാത്രാ അലവൻസ് എന്നിവയും ലഭിക്കും. എല്ലാ അലവൻസുകളും ചേർത്ത് ഏകദേശം 1,30,000 രൂപ മുതൽ 1,60,000 രൂപ വരെ പ്രതിമാസം ലഭിക്കാം.
ഐപിഎസ് ഓഫീസറുടെ ശമ്പളം
ഒരു ഐപിഎസ് ഓഫീസർ ജില്ലാ പോലീസ് മേധാവി (SP/SSP) റാങ്കിൽ എത്തുമ്പോഴുള്ള ശമ്പളം ഏകദേശം കളക്ടറുടേതിന് സമാനമാണ്. തുടക്കകാലത്ത് 56,100 രൂപ ആണ് അടിസ്ഥാന ശമ്പളം. എസ്പി റാങ്കിലേക്ക് എത്തുമ്പോൾ ഇത് 78,800 മുതൽ 1,18,500 രൂപ വരെയാകാം. അലവൻസുകൾ ഉൾപ്പെടെ ഏകദേശം 1,25,000 മുതൽ 1,55,000 രൂപ വരെയാണ് ലഭിക്കുന്നത്.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പള ഘടനയിൽ നേരിയ വ്യത്യാസങ്ങളുണ്ട്. രണ്ട് വിഭാഗത്തിലും തുടക്കത്തിലെ അടിസ്ഥാന ശമ്പളം 56,100 രൂപയാണ്. ക്യാബിനറ്റ് സെക്രട്ടറി പദവിയിലെത്തുന്ന ഒരു ഐഎഎസ് ഓഫീസർക്ക് ലഭിക്കുന്ന പരമാവധി അടിസ്ഥാന ശമ്പളം 2,50,000 രൂപ ആണ്. ഡിജിപി പദവിയിലുള്ള ഐപിഎസ് ഓഫീസർക്ക് ഇത് 2,25,000 രൂപ ആണ്.
ശമ്പളത്തിന് പുറമെ, ഔദ്യോഗിക വസതിയും വാഹനവും, പേഴ്സണൽ സ്റ്റാഫ്, സുരക്ഷാ ഉദ്യോഗസ്ഥർ, സൗജന്യ ഫോൺ, വൈദ്യുതി കണക്ഷനുകൾ, ഉയർന്ന മെഡിക്കൽ ഇൻഷുറൻസ്, റിട്ടയർമെന്റിന് ശേഷം പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.