Financial Planning: ജോലി പോയാലും ഇഎംഐ അടയ്ക്കാം; ഈ ടിപ്പുകള്‍ മതി ജീവിതം രക്ഷപ്പെടും
Managing Loan EMIs During Unemployment: Essential Tips for Borrowers: ഏത് സാമ്പത്തിക ബുദ്ധിമുട്ടുകളെയും തരണം ചെയ്യാന്‍ ആദ്യം വേണ്ടത് അടിയന്തര ഫണ്ടാണ്. അടിയന്തര ഫണ്ട് ഉണ്ടെങ്കില്‍ പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സാധിക്കും. മൂന്ന് മാസം ആറ് മാസം വരെയുള്ള ചെലവുകള്‍ക്കായുള്ള പണമാണ് അടിയന്തര ഫണ്ടായി സ്വരൂപിക്കേണ്ടത്.
ഒരുപാട് ലോണുകളുടെയും ഇഎംഐകളുടെയും ഇടയിലാണ് സാധാരണക്കാരുടെ ജീവിതം. ഭവന വായ്പ, സ്വര്‍ണ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി ധാരാളം ഇഎംഐകള്‍ ഒരാള്‍ക്ക് പ്രതിമാസം അടയ്‌ക്കേണ്ടതായി വരും. ശമ്പളത്തില്‍ നിന്നും ഇത്രയും ഇഎംഐകള്‍ അടയ്ക്കാന്‍ സാധിക്കാതെ പോകുന്നവരും ധാരാളം. എന്നാല്‍ ശരിയായ ആസൂത്രണത്തിലൂടെ ഏത് വലിയ സാമ്പത്തിക ബാധ്യതയും കുറഞ്ഞ സമയത്തിനുള്ളില്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.
ജോലി നഷ്ടപ്പെട്ടാലും വായ്പകള്‍ എങ്ങനെ കൃത്യമായി അടച്ച് തീര്‍ക്കുമെന്നും സാമ്പത്തിക കാര്യങ്ങളില്‍ എങ്ങനെ വിവേകപൂര്‍വ്വം തീരുമാനമെടുക്കുമെന്നും പലര്‍ക്കും അറിയില്ല. ഇതിന് നിങ്ങളെ സഹായിക്കുന്ന വഴികള്‍ നോക്കാം.
അടിയന്തര ഫണ്ട് ഉണ്ടാകേണ്ടത് പ്രധാനം
ഏത് സാമ്പത്തിക ബുദ്ധിമുട്ടുകളെയും തരണം ചെയ്യാന്‍ ആദ്യം വേണ്ടത് അടിയന്തര ഫണ്ടാണ്. അടിയന്തര ഫണ്ട് ഉണ്ടെങ്കില്‍ പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സാധിക്കും. മൂന്ന് മാസം ആറ് മാസം വരെയുള്ള ചെലവുകള്‍ക്കായുള്ള പണമാണ് അടിയന്തര ഫണ്ടായി സ്വരൂപിക്കേണ്ടത്.
നിങ്ങളുടെ ആകെ പ്രതിമാസ ഇഎംഐ 30,000 രൂപയും മറ്റ് ചെലവുകള്‍ക്ക് 20,000 രൂപയും വേണമെന്ന് കരുതൂ. അങ്ങനെയെങ്കില്‍ മൂന്ന് മാസത്തേക്ക് 1,50,000 രൂപയോളം അടിയന്തര ഫണ്ട് ഉണ്ടായിരിക്കണം. അടിയന്തര ഫണ്ട് ഉണ്ടെങ്കില്‍ സാമ്പത്തിക സമ്മര്‍ദമില്ലാതെ ജോലി അന്വേഷിക്കാന്‍ സാധിക്കും.
ബാങ്കുമായി സംസാരിക്കാം
ജോലി നഷ്ടപ്പെട്ടതിന് ശേഷം ബാങ്കുമായി മൊറട്ടോറിയം, വായ്പ പുനക്രമീകരണം, പലിശ കുറയ്ക്കല്‍ എന്നിവയെ കുറിച്ച് സംസാരിക്കാവുന്നതാണ്. മൊറട്ടോറിയം അനുവദിച്ചാല്‍ തല്‍കാലത്തേക്ക് ഇഎംഐകള്‍ അടയ്‌ക്കേണ്ടിവരില്ല. എന്നാല്‍ പലിശ വര്‍ധിക്കും. വായ്പ കാലാവധി നീട്ടുന്നതും തല്‍കാലത്തേക്ക് ആശ്വാസം പകരുമെങ്കിലും മൊത്തത്തിലുള്ള പലിശ തിരിച്ചടവിനെ മോശമായി ബാധിക്കും.പലിശ നിരക്ക് കുറയ്ക്കാനും നിങ്ങള്‍ക്ക് അപേക്ഷിക്കാം. വായ്പകള്‍ക്ക് കാലാവധി നീട്ടുമ്പോള്‍ സ്വാഭാവികമായും പലിശയും തിരിച്ചടവ് സംഖ്യയും ഉയരും അതിനാല്‍ തന്നെ ബുദ്ധിപൂര്‍വ്വം മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കാവൂ. ചില ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരമൊരു ഇളവുകള്‍ നല്‍കാന്‍ തയാറാവുകയുമില്ല.
Also Read: DA Arrears: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക 36,057 കോടി; തുക എന്ന് ലഭിക്കും?
ആസ്തികള്‍ പണയപ്പെടുത്താം
നിങ്ങളുടെ കൈവശം അടിയന്തര ഫണ്ട് ഇല്ലെങ്കില്‍ അല്ലെങ്കില്‍ ബാങ്കില്‍ നിന്ന് അനുകൂലമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ കൈവശമുള്ള ആസ്തികള്‍ പണയപ്പെടുത്തി പണം കണ്ടെത്താവുന്നതാണ്. സ്വര്‍ണം പോലുള്ള ആസ്തികള്‍ പണം വെക്കുന്നത് വഴി കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ സെക്യൂരിറ്റികള്‍ ഈടാക്കി വായ്പ എടുക്കാവുന്നതാണ്. എപ്പോഴും കുറഞ്ഞ പലിശ വായ്പ ലഭിക്കുന്ന മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതാണ് നല്ലത്.
പണയം വെക്കുന്നതിന് മുമ്പ്, ഓരോന്നിന്റെയും പലിശ നിരക്കുകള്‍ പരസ്പരം താരതമ്യം ചെയ്ത് നോക്കുന്നത് വളരെ നല്ലതാണ്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കുന്ന മാര്‍ഗങ്ങളായിരിക്കും നിങ്ങള്‍ക്ക് അനുയോജ്യം. സ്വര്‍ണ വായ്പകള്‍ക്ക് മറ്റ് വായ്പകളെ അപേക്ഷിച്ച് പൊതുവേ പലിശ കുറവാണ്.
(മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ്. നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദി ആയിരിക്കില്ല.)
English Summary
Losing a job can make loan repayments challenging, but borrowers have several options to manage their EMIs. From using emergency savings and requesting loan restructuring to negotiating with lenders for temporary relief, these strategies can help reduce financial pressure and protect your credit score during difficult times.