AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Price Hike: ഉള്ളിക്കും പച്ചക്കറികൾക്കും തീവില; മലയാളികളുടെ കീശ കീറുമോ?

Kerala Food Price Hike: രാജ്യത്തെ മൊത്തത്തിലുള്ള ചില്ലറ വിലക്കയറ്റം ഒക്ടോബറിൽ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.09 ശതമാനത്തിലെത്തിയപ്പോൾ കേരളത്തിലെ വിലക്കയറ്റം 6.22 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായ മുൻനിര 15 ഇനങ്ങളിൽ 12 എണ്ണവും ഭക്ഷ്യവസ്തുക്കളാണ്.

Price Hike: ഉള്ളിക്കും പച്ചക്കറികൾക്കും തീവില; മലയാളികളുടെ കീശ കീറുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 17 Nov 2026 | 07:19 AM

സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി അവശ്യസാധനങ്ങളുടെ വില വർദ്ധിക്കുന്നു. കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുത്തനെ ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, രാജ്യത്തെ മൊത്തത്തിലുള്ള ചില്ലറ വിലക്കയറ്റം ഒക്ടോബറിൽ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.09 ശതമാനത്തിലെത്തിയപ്പോൾ കേരളത്തിലെ വിലക്കയറ്റം 6.22 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായ മുൻനിര 15 ഇനങ്ങളിൽ 12 എണ്ണവും ഭക്ഷ്യവസ്തുക്കളാണെന്നത് സാധാരണക്കാരുടെ കുടുംബബജറ്റുകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ഭക്ഷ്യവസ്തുക്കൾക്ക് തീവില

ഉള്ളി വിലയിൽ 120 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുപിന്നിൽ നാരങ്ങയാണ്. 96.37% വില വർദ്ധിച്ചതായാണ് സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്ക്. വെളുത്തുള്ളിക്ക് 87.14 ശതമാനവും, ഇഞ്ചിക്ക് 71.87 ശതമാനവും വില കൂടി. മുട്ട, മട്ടൻ എന്നിവയുടെ വിലയിലും വർധനയുണ്ട്. ചില്ലറ വിപണിയിൽ സാധാരണ കോഴിമുട്ടയ്ക്ക് 8 മുതൽ 10 രൂപ വരെയാണ് നിലവിലെ വില. 5 രൂപയ്ക്ക് ലഭിച്ചിരുന്ന മുട്ടയ്ക്കാണ് ഒറ്റയടിക്ക് ഇത്രയും വലിയ വിലവർധനവുണ്ടായിരിക്കുന്നത്.  എഥനോൾ ഉൽപ്പാദനം കോഴിമുട്ടയുടെ വില ഉയരാൻ കാരണമായെന്നാണ് ഒരു വിഭാഗം പറയുന്നതത്. വൻകിട കോർപ്പറേറ്റുകൾക്ക് എഥനോൾ നിർമാണത്തിനായി കേന്ദ്ര സർക്കാർ വൻതോതിൽ ചോളം മറിച്ചുവിൽക്കാൻ തുടങ്ങിയതാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് അടിസ്ഥാന കാരണം.

ALSO READ: അരി, കോഴിമുട്ട വില കുതിക്കുന്നു! വലഞ്ഞ് ജനങ്ങൾ

പച്ചക്കറി, മാംസവിലയും കുതിപ്പിലാണ്. കോളിഫ്ലവർ (18.89%), കാബേജ് (17.58%), വെണ്ടയ്ക്ക (11.93%) തുടങ്ങിയ പച്ചക്കറികളുടെ വിലയും ഉയർന്നു. മത്സ്യത്തിന് 22.58 ശതമാനവും, കോഴിയിറച്ചിക്ക് 21.94 ശതമാനവും, പോത്തിറച്ചിക്ക് 12.26 ശതമാനവും വില വർധിച്ചു.  മല്ലി: 55.51%, ചക്കപ്പഴം: 54.33%, വറ്റൽമുളക്: 52.29% 10, പേരയ്ക്ക: 47.17%, മാങ്ങ: 39.12%, വാഴപ്പഴം: 37.54%, ബീൻസ്/പയർ: 33.91%, തക്കാളി: 31.92% എന്നിവയും വില കുതിപ്പിൽ മുന്നിലുണ്ട്.

തേയിലപ്പൊടിയുടെയും കാപ്പിപ്പൊടിയുടെയും വിലയിൽ വലിയ മാറ്റമില്ലെങ്കിലും, ഹോട്ടലുകളിലെ ചായയ്ക്ക് 20.32 ശതമാനവും കാപ്പിക്ക് 14.88 ശതമാനവും വില ഉയർന്നു. പലഹാരങ്ങളുടെ വിലയിൽ 13.2 ശതമാനവും ഊണിനും മറ്റ് ഭക്ഷണങ്ങൾക്കും 10.10 ശതമാനവും വർധനയുണ്ടായി. പഞ്ചസാര (21.15%), പാചകവാതകം (7.52%), പാൽ (7%) തുടങ്ങിയ ചേരുവകളുടെ വില കൂടിയതാണ് ഹോട്ടൽ ഭക്ഷണ വിലയും ഉയരാൻ കാരണം.

തേങ്ങ വിലയിൽ ആശ്വാസം

തേങ്ങയുടെ വിലയിൽ 17.33 ശതമാനവും വെളിച്ചെണ്ണയുടെ വിലയിൽ 30.92 ശതമാനവും കുറവുണ്ടായിട്ടുണ്ട്. കൂടാതെ കാരറ്റ്, കടല തുടങ്ങിയ ചില ഇനങ്ങളുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അരിക്ക് 8.54% വിലക്കയറ്റമുണ്ടായപ്പോൾ ഗോതമ്പിന് 1.40% മാത്രമാണ് വർധന. എങ്കിലും അവശ്യ ഭക്ഷ്യവസ്തുക്കളുടെ തുടർച്ചയായ വിലക്കയറ്റം ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

English Summary:

Kerala is witnessing a sharp rise in food prices, with 12 of the 15 commodities that recorded the highest inflation over the past year being food items. Prices of fish, chicken, beef and eggs have also increased significantly.

Follow Us