Kerosene Ration Price : ഇനി 65 രൂപ അല്ല, മണ്ണെണ്ണയുടെ വില കൂട്ടി, ഓഗസ്റ്റിലെ റേഷൻ ഇന്നുമുതൽ
Kerosene Ration Price Hike : ജൂലൈ മാസത്തിൽ മണ്ണെണ്ണയ്ക്ക് എണ്ണ കമ്പനികൾ നാല് രൂപയാണ് വർധിപ്പിച്ചത്. ജൂലൈ മാസം മുതലാണ് കേരളത്തിലെ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം വീണ്ടും ആരംഭിച്ചത്

Kerosene
സംസ്ഥാനത്തെ റേഷൻ കടകളിൽ വഴി വിതരണം മണ്ണെണ്ണയുടെ വില വർധിപ്പിച്ചു. ഓഗസ്റ്റ് രണ്ടാം തീയതി മുതൽ മൂന്ന് രൂപയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 65 ൽ നിന്നും 68 രൂപയായി ഉയർന്നു. ഇന്ന് ഓഗസ്റ്റ് രണ്ടാം തീയതി മുതൽ മണ്ണെണ്ണയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
അതേസമയം ജൂലൈ മാസത്തിൽ ആരംഭിച്ച മണ്ണെണ്ണ വിതരണം ഓഗസ്റ്റിലും സെപ്റ്റംബറിലും തുടരും. മുൻ കാലങ്ങളിലെ പോലെ ത്രൈമാസ കണക്കിലാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. കൂടാതെ ജൂലൈ മാസത്തിൽ മണ്ണെണ്ണ വാങ്ങിയവർക്കും ഈ മാസം വാങ്ങാൻ സാധിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള ആദ്യപാദത്തിലെ മണ്ണെണ്ണ ഓഗസ്റ്റ് മാസത്തിൽ വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതിനാൽ ജൂലൈ മാസത്തിൽ മണ്ണെണ്ണ വാങ്ങിക്കാത്തവർക്കും ലഭിക്കാത്തവർക്കും രണ്ടും ചേർത്ത് ഈ മാസം വാങ്ങിക്കാൻ സാധിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി. അതായത് മഞ്ഞ കാർഡുകാർക്ക് രണ്ട് ലിറ്റർ വീതവും ബാക്കിയുള്ളവർക്ക് ഒരു ലിറ്റർ വീതവും മണ്ണെണ്ണ ഈ മാസം വാങ്ങിക്കാൻ സാധിക്കുന്നതാണ്. വൈദ്യുതികരിക്കാത്ത വീടുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയാണ് ത്രൈമാസ റേഷൻ.
ALSO READ : Ration Updates : മണ്ണെണ്ണ വാങ്ങിയില്ലേ? ജൂലൈ മാസത്തിലെ റേഷൻ വിതരണവും കഴിഞ്ഞു, ഇനി എന്ത് ചെയ്യും?
ഓഗസ്റ്റ് റേഷൻ വിതരണം
ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് രണ്ടാം തീയതി മുതൽ ആരംഭിച്ചിട്ടുണ്ട്. ഈ മാസം വിവിധ കാർഡുകൾക്ക് ലഭിക്കുന്ന റേഷൻ വിഹിതം പരിശോധിക്കാം
- മഞ്ഞ് കാർഡ് – 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മൂന്ന് പാക്കറ്റ് ആട്ട ഏഴ് രൂപയ്ക്കും ഒരു കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കും
- പിങ്ക് കാർഡ് – ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിൽ നിന്നും നാല് കിലോ കുറച്ച് പകരം നാല് പാക്കറ്റ് ആട്ട ഒമ്പത് രൂപ നിരക്കിൽ ലഭിക്കുന്നതാണ്. കൂടാതെ അധിക വിഹിതമായി അഞ്ച് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
- നീല കാർഡ് – ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. അധിക വിഹിതമായി പത്ത് കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും.
- വെള്ള കാർഡ് – 15 കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും