Zero Cost EMI: ‘എത്ര വേണമെങ്കിലും വാങ്ങാം, പണം വേണ്ട!’ സീറോ കോസ്റ്റ് ഇഎംഐകൾ ശരിക്കും ലാഭകരമാണോ? ഒളിഞ്ഞിരിക്കുന്ന ചതി ഇത്…
Zero-Cost EMIs Interest: ഉപഭോക്താക്കളെ ആകർഷിക്കാനായി വ്യാപാരികൾ നൽകുന്ന ഒരു ജനപ്രിയ ഓഫറാണ് നോ-കോസ്റ്റ് ഇഎംഐ. എന്നാൽ ഇവ യഥാർത്ഥത്തിൽ ലാഭകരമാണോ?
ഉത്സവ സീസണായതോടെ ഷോപ്പിംഗ് തിരക്കിലാണ് ഉപഭോക്താക്കൾ. വിവിധ തരം ഓഫറുകളുമായി വ്യാപാരികളും സജീവമാകുന്നു. അത്തരത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വ്യാപാരികൾ നൽകുന്ന ഒരു ജനപ്രിയ ഓഫറാണ് നോ-കോസ്റ്റ് ഇഎംഐ (No-Cost EMI) അല്ലെങ്കിൽ സീറോ കോസ്റ്റ് ഇഎംഐ.
മൊബൈൽ ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ വിലകൂടിയ സാധനങ്ങൾ ഒറ്റയടിക്ക് വലിയ തുക നൽകാതെ മാസത്തവണകളായി അടച്ച് സ്വന്തമാക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ, ‘സീറോ-കോസ്റ്റ്’ എന്ന് പേരുണ്ടെങ്കിലും, ഇവ യഥാർത്ഥത്തിൽ ലാഭകരമാണോ? നോ-കോസ്റ്റ് ഇഎംഐ സേവനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം…
സീറോ കോസ്റ്റ് ഇഎംഐ പലിശ ഒളിപ്പിക്കുന്നത് എങ്ങനെ?
ഒരു നോ-കോസ്റ്റ് ഇഎംഐ കാർഡ് നിങ്ങൾക്ക് ഒരു നിശ്ചിത ക്രെഡിറ്റ് പരിധി നൽകുന്നുണ്ട്. ഇതിനനുസരിച്ച് പ്രതിമാസ തവണകളായി തുക നൽകാം. എന്നാൽ പ്രത്യക്ഷത്തിൽ ഇവ പലിശ രഹിതമാണെന്ന് തോന്നുമെങ്കിലും, പല വിൽപ്പനക്കാരും ബാങ്കിനോ ധനകാര്യ സ്ഥാപനത്തിനോ നൽകേണ്ട പലിശ തുക ഉൽപ്പന്നത്തിന്റെ യഥാർത്ഥ വിലയിൽ ചേർത്താണ് വ്യാപാരം നടത്തുന്നത്. ഇത് ഉപഭോക്താവിന് ‘പലിശ ഇല്ല’ എന്ന തെറ്റിദ്ധാരണ നൽകുകയും ചെയ്യും.
2013-ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തന്നെ ഈ സ്കീമുകൾക്ക് യഥാർത്ഥത്തിൽ പലിശരഹിതമല്ലെന്ന് വ്യക്തമാക്കുകയും, പലിശ സാധാരണയായി ഉൽപ്പന്നത്തിന്റെ വിലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. കൂട്ടിയ വിലയ്ക്ക് പുറമേ ഉപഭോക്താക്കൾ പ്രോസസ്സിംഗ് ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ചാർജുകൾ, പലിശയുടെ തുകയ്ക്കുള്ള ജി.എസ്.ടി. എന്നിവയും നൽകേണ്ടിവരും.
ALSO READ: പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാക്കാം; ജിയോജിത്ത് നിര്‍ദേശിക്കുന്ന 10 സ്‌റ്റോക്കുകള്‍
പണം ലാഭിക്കാൻ എന്ത് ചെയ്യാം?
നോ-കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, വിവിധ കടകളിലെയും ഓൺലൈൻ സൈറ്റുകളിലെയും ഇഎംഐ ഓഫർ ഇല്ലാത്ത സാധാരണ വിലയും ഇഎംഐ ഉള്ള വിലയും തമ്മിൽ താരതമ്യം ചെയ്യുക. ഇതിലൂടെ യഥാർത്ഥ വില വർദ്ധനവ് കണ്ടെത്താനാകും.
ഇഎംഐ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പേയ്‌മെന്റ് കാലാവധി, പ്രോസസ്സിംഗ് ഫീസ്, നേരത്തെ പണം തിരിച്ചടയ്ക്കുന്നതിനുള്ള ചാർജുകൾ എന്നിവയുൾപ്പെടെയുള്ള നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുക.
ഒറ്റത്തവണ പണമായി അടയ്ക്കുന്നവർക്ക് ലഭിക്കുന്ന പ്രത്യേക കിഴിവുകൾ നോ-കോസ്റ്റ് ഇഎംഐ യിൽ ലഭിക്കാറില്ല എന്നും മനസ്സിലാക്കുക.