AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Paytm: പേടിഎമ്മിന്റെ വാര്‍ഷിക വരുമാനത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനവ്‌

നിക്ഷേപം സ്വീകരിക്കുന്നതടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ ആര്‍ബിഐ വിലക്കിയതാണ് നഷ്ടം സംഭവിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. മാര്‍ച്ചില്‍ പേടിഎമ്മിന്റെ നഷ്ടം 550 കോടി രൂപയാണ് ഉയര്‍ന്നത്. മുന്‍ പാദങ്ങളെ അപേക്ഷിച്ച് ഇത് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Paytm: പേടിഎമ്മിന്റെ വാര്‍ഷിക വരുമാനത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനവ്‌
shiji-mk
Shiji M K | Updated On: 22 May 2024 18:45 PM

ന്യൂഡല്‍ഹി: പേടിഎം വരുമാനം വര്‍ധിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 9,978 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്, 288 കോടി രൂപയുടെ യുപിഐ ഇന്‍സെന്റീവുകള്‍ പേടിഎമ്മിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചിട്ടുണ്ട്.

വ്യാപാര മൂല്യ വര്‍ധനവ്, ഉപകരണങ്ങളുടെ ഉയര്‍ന്ന ആവശ്യകത, സാമ്പത്തിക സേവന വിതരണ മേഖലയിലെ വളര്‍ച്ച എന്നിവയാണ് നേട്ടം കൈവരിക്കാന്‍ പേടിഎമ്മിനെ സഹായിച്ചതെന്നാണ് കമ്പനി പറയുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കമ്പനിക്ക് നഷ്ടം സംഭവിച്ചെങ്കിലും അത് നികത്താന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 2,267 കോടി രൂപയുടെ വരുമാനം മാത്രമാണ് കമ്പനിക്ക് ജനുവരി-മാര്‍ച്ച് കാലയളവില്‍ ലഭിച്ചിരുന്നത്.

നിക്ഷേപം സ്വീകരിക്കുന്നതടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ ആര്‍ബിഐ വിലക്കിയതാണ് നഷ്ടം സംഭവിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. മാര്‍ച്ചില്‍ പേടിഎമ്മിന്റെ നഷ്ടം 550 കോടി രൂപയാണ് ഉയര്‍ന്നത്. മുന്‍ പാദങ്ങളെ അപേക്ഷിച്ച് ഇത് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

2025 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കമ്പനിക്ക് പൂര്‍ണ്ണമായ സാമ്പത്തിക പുരോഗതി ഉണ്ടാകും. ഓപ്പറേഷന്‍ റിസ്‌ക് പോളിസികളും താല്‍ക്കാലിക തടസങ്ങളും മാറുന്നതോടെ 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

വളരെ പ്രതീക്ഷയോടെയാണ് വിപണിയെ കാണുന്നതെന്നും കമ്പനി പറയുന്നുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇടിവുണ്ടായ മേഖലകളില്‍ വീണ്ടും നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചു.

ഫെബ്രുവരി 29 മുതലാണ് റിസര്‍വ് ബാങ്ക് പേടിഎമ്മിന് മേല്‍ റിസര്‍വ്വ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഉപഭോക്താക്കളുടെ എല്ലാ തരത്തിലുമുള്ള അക്കൗണ്ടുകള്‍, പ്രീപെയ്ഡ് സംവിധാനങ്ങള്‍, വാലറ്റുകള്‍, ഫാസ്റ്റാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ തുടങ്ങിയവയിലൊന്നും നിക്ഷേപങ്ങള്‍ നടത്താനോ ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനോ അനുവദിക്കില്ലെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പേടിഎം പേയ്മെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ജെ. സ്വാമിനാഥന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെതന്നെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീക്കുകയും ചെയ്തു.

വ്യവസ്ഥകള്‍ പാലിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിലാണ് ആര്‍ബിഐയുടെ ശ്രദ്ധയെന്ന് ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും അത് പാലിക്കാതിരുന്നാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിക്ഷേപകര്‍ക്കാണ് മുന്‍ഗണന. സാമ്പത്തിക സ്ഥിരതയിലാണ് പ്രധാന ശ്രദ്ധയെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നാലെ പേടിഎമ്മിനെതിരെ ഇ ഡി അന്വേഷണവും ആരംഭിച്ചിട്ടുണ്ടായിരുന്നു. വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയതിനാണ് ഇഡി അന്വേഷണം.