Ration Update: മണ്ണെണ്ണ വാങ്ങുന്നില്ലേ, മഞ്ഞ കാർഡുകാർക്ക് ഇത്തവണ കൂടുതലുണ്ടോ?
Kerala Ration Update: നിലവിൽ ലിറ്ററിന് 74 രൂപയാണ് വില. ആറ് മാസത്തിനിടെ പതിമൂന്ന് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂണിൽ ഒരു ലിറ്ററിന് 61 രൂപയായിരുന്നു വില.
തിരുവനന്തപുരം: ജനുവരി മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കും. ജനുവരി ഒന്നിനും (വ്യാഴാഴ്ച), മന്നംജയന്തി പ്രമാണിച്ച് ജനുവരി രണ്ടിനും റേഷൻ കടകൾക്ക് അവധിയായിരിക്കും. കാർഡുടമകൾക്ക് ഈ മാസം ലഭിക്കുന്ന മണ്ണെണ്ണ വിഹിതവും ഭക്ഷ്യപൊതുവിതരണ വകുപ്പ് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
അതാത് കാർഡുടമകൾക്ക് ലഭിക്കുന്ന അരിയും ഗോതമ്പും പഞ്ചസാരയ്ക്കും പുറമെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മണ്ണെണ്ണയും നൽകുന്നുണ്ട്. അതിനനുസരിച്ച് ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ വൈദ്യുതി ഉള്ള അന്ത്യോദയ അന്ന യോജന (മഞ്ഞ റേഷൻ കാർഡ്) വിഭാഗത്തിലുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്.
മറ്റ് കാർഡുടമകൾക്ക് അര ലിറ്ററും വീതമാണ് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. കൂടാതെ, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: പോയിട്ട് കാര്യമില്ല, റേഷൻ കടകൾക്ക് രണ്ട് ദിവസം അവധി
ജനുവരി മാസത്തിൽ മഞ്ഞ കാർഡുകാർക്ക് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും. മുൻഗണന വിഭാഗത്തിന് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്.
അതേസമയം, സംസ്ഥാനത്ത് മണ്ണെണ്ണ വിലയും കയറുകയാണ്. നിലവിൽ ലിറ്ററിന് 74 രൂപയാണ് വില. ആറ് മാസത്തിനിടെ പതിമൂന്ന് രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ജൂണിൽ ഒരു ലിറ്ററിന് 61 രൂപയായിരുന്നു വില. എന്നാൽ ജൂലൈയിൽ 65 രൂപയായി കൂടി. തുടർന്ന് സെപ്റ്റംബറിൽ 67, ഒക്ടോബറിൽ 69, നവംബറിൽ 70 എന്നിങ്ങനെ വില വീണ്ടും വർദ്ധിച്ചു.