AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Inflation Rate: ജിഎസ്ടി പരിഷ്‌കാരം തുണച്ചു; പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

GST Impact on Prices: 2025 ഒക്ടോബറില്‍ ഭക്ഷ്യ-പാനീയ വിഭാഗത്തിലെ ഉത്പന്നങ്ങളുടെ വില 3.7 ശതമാനം കുറഞ്ഞു. സെപ്റ്റംബറില്‍ 1.4 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 9.7 ശതമാനം ആയിരുന്നു.

Inflation Rate: ജിഎസ്ടി പരിഷ്‌കാരം തുണച്ചു; പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
പ്രതീകാത്മക ചിത്രം Image Credit source: Photo by Avishek Das/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Published: 13 Nov 2025 08:10 AM

ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസത്തിലെ ചില്ലറ പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഒക്ടോബര്‍ മാസത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.25 ശതമാനത്തിലേക്ക് എത്തി. 2025 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ രേഖപ്പെടുത്തിയ പണപ്പെരുപ്പത്തില്‍ നിന്ന് 119 പോയിന്റുകളുടെ കുറവാണ് സംഭവിച്ചത്.

2024 ഒക്‌ടോബറിനെ അപേക്ഷിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) വാര്‍ഷിക പണപ്പെരുപ്പ നിരക്ക് -5.02 ശതമാനമാണ്. ഗ്രാമീണ, നഗര നിരക്കുകള്‍, -4.85 ശതമാനം, -5.18 ശതമാനം എന്നിങ്ങനെയുമാണ്. 2025 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 ഒക്ടോബറില്‍ ഭക്ഷ്യ വിലക്കയറ്റം 269 ബേസിസ് പോയിന്റുകളുടെ കുറവ് രേഖപ്പെടുത്തി.

ജിഎസ്ടി കുറയ്ക്കലാണ് പണപ്പെരുപ്പം കുറയുന്നതിന് പ്രധാന കാരണമായി കേന്ദ്ര ധനമന്ത്രാലയം പറയുന്നത്. ജിഎസ്ടി നിരക്ക് കുറച്ചതിന് ശേഷമുള്ള ആദ്യ മാസം, അനുകൂലമായ സാഹചര്യങ്ങള്‍, പഴങ്ങള്‍-പച്ചക്കറികള്‍ തുടങ്ങിയ നിരവധി ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തില്‍ നേരിട്ട ഇടിവ് എന്നിവയും കാരണങ്ങളായി സര്‍ക്കാര്‍ നിരത്തുന്നു.

2025 ഒക്ടോബറില്‍ ഭക്ഷ്യ-പാനീയ വിഭാഗത്തിലെ ഉത്പന്നങ്ങളുടെ വില 3.7 ശതമാനം കുറഞ്ഞു. സെപ്റ്റംബറില്‍ 1.4 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 9.7 ശതമാനം ആയിരുന്നു. ഭക്ഷ്യവില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയുന്നതിന് വഴിവെച്ചതെന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് ഹിന്ദുവിനോട് പറഞ്ഞു.

ഭക്ഷ്യവിലക്കയറ്റത്തിലെ മാറ്റമാണ് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചതെന്ന് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, ഇന്ധന, ലൈറ്റ് വിഭാഗത്തിലെ പണപ്പെരുപ്പം ഈ വര്‍ഷം ഒക്ടോബറില്‍ 2 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം 1.7 ശതമാനം ആയിരുന്നു ഇത്. ഭവന വിഭാഗത്തിലെ പണപ്പെരുപ്പം 2024 ഒക്ടോബറില്‍ 2.8 ശതമാനമായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 3 ശതമാനമായി ഉയര്‍ന്നു.

Also Read: 8th Pay Commission: എല്ലാ സർക്കാർ ജീവനക്കാരും ഇത് അറിഞ്ഞിരിക്കണം! എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട പ്രധാന അപ്‌ഡേറ്റുകൾ…

ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ ഒക്ടോബറില്‍ പണപ്പെരുപ്പം കുറഞ്ഞ വിഭാഗങ്ങളാണ്, വസ്ത്രം, പാദരക്ഷ എന്നിവ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.7 ശതമാനമായിരുന്നു ഇത്. പാന്‍, പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ വിഭാഗത്തിലെ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം 2.5 ശതമാനമായിരുന്നു എങ്കില്‍, ഈ വര്‍ഷം 2.9 ശതമാനമായി ഉയര്‍ന്നു. ഇവയ്ക്ക് പുറമെയുള്ള വസ്തുക്കളുടെ പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 4.3 ശതമാനം ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം 5.7 ശതമാനമാണ്.