SBI Home Loan: പലിശ വർധിപ്പിച്ച് എസ്ബിഐ; പുതിയ നിരക്കുകൾ അറിയാം..
SBI Home Loan Rates: 25 ബേസിസ് പോയിന്റുകളാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ, എസ്‌ബിഐയുടെ ഭവനവായ്പ പലിശനിരക്ക് 7.50% നും 8.45% നും ഇടയിലായിരുന്നു, എന്നാൽ ഇപ്പോൾ അവ 7.50% നും 8.70% നും ഇടയിലാണ്.

പ്രതീകാത്മക ചിത്രം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2025 ഓഗസ്റ്റ് 1 മുതൽ ഭവന, ഭവന വായ്പ പലിശ നിരക്കുകൾ പരിഷ്കരിച്ചു. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, പതിവ് ഭവനവായ്പകൾ (ടേം ലോണുകൾ) ഇപ്പോൾ 7.50% മുതൽ 8.70% വരെ ലഭ്യമാകും.
25 ബേസിസ് പോയിന്റുകളാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ, എസ്‌ബിഐയുടെ ഭവനവായ്പ പലിശനിരക്ക് 7.50% നും 8.45% നും ഇടയിലായിരുന്നു, എന്നാൽ ഇപ്പോൾ അവ 7.50% നും 8.70% നും ഇടയിലാണ്. റിപ്പോ നിരക്ക് 5.55 ശതമാനമായി നിലനിർത്താനുള്ള ആർബിഐ തീരുമാനത്തിന് പിന്നാലെയാണ് എസ്ബിഐ ഭവനവായ്പ നിരക്ക് വർദ്ധിപ്പിച്ചത്.
ഓവർഡ്രാഫ്റ്റ് ഫെസിലിറ്റി 7.75% മുതൽ 8.95% വരെ പലിശ നിരക്കുകൾ ലഭിക്കും. ടോപ്പ്-അപ്പ് വായ്പകൾക്ക് 8.00% മുതൽ 10.75% വരെയാണ് പലിശ. ഓവർഡ്രാഫ്റ്റ് ടോപ്പ്-അപ്പ് വായ്പകൾക്ക് 8.25% മുതൽ 9.45% വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രോപ്പർട്ടി ഈടുനൽകുന്ന വായ്പ (P-LAP) 9.20% മുതൽ 10.75% വരെയാണ്.
ALSO READ: 16,000 രൂപയുണ്ടെങ്കില്‍ 14 കോടിയുണ്ടാക്കാം; എത്ര വര്‍ഷം വേണ്ടിവരും?
അതേസമയം റിവേഴ്സ് മോർട്ട്ഗേജ് വായ്പകൾ 10.55% ആയി നിശ്ചയിച്ചിട്ടുണ്ട്. എസ്‌ബിഐ യോനോ ഇൻസ്റ്റാ ഹോം ടോപ്പ്-അപ്പ് വായ്പയും 8.35% ആയി നിലനിർത്തിയിട്ടുണ്ട്. എല്ലാ ഭവനവായ്പ നിരക്കുകളും നിലവിൽ 8.15% ആയ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്കുമായി (EBLR) ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.
വായ്പക്കാരെ എങ്ങനെ ബാധിക്കും?
ഭവന വായ്പ പലിശ നിരക്കുകളുടെ ഉയർന്ന പരിധി 8.45% ൽ നിന്ന് 8.70% ആയി ഉയർത്താനുള്ള എസ്‌ബിഐയുടെ തീരുമാനം ഉയർന്ന വായ്പകൾ തിരഞ്ഞെടുക്കുന്ന വായ്പക്കാരെ നേരിട്ട് ബാധിക്കും. ഇവരുടെ ഇ.എം.ഐ നേരിയ തോതിൽ വർധിക്കുന്നത് വഴി ആകെ വായ്പാ ഭാരവും ഉയരും. വർദ്ധനവ് വെറും 25 ബേസിസ് പോയിന്റുകളാണെങ്കിലും, ദീർഘകാല കാലയളവുകളിൽ അതിന്റെ ഫലം ഗണ്യമായിരിക്കാം.
ഉദാഹരണമായി 20 വർഷത്തെ കാലാവധിയുള്ള 30 ലക്ഷം രൂപയുടെ വായ്പയ്ക്ക്, 8.45% നിരക്കിൽ ഇഎംഐ ഏകദേശം 25,830 രൂപയായിരുന്നു. 8.70% എന്ന പുതിയ നിരക്കിൽ, ഇഎംഐ 26,278 രൂപയായി ഉയരുന്നു – ഓരോ മാസവും ഏകദേശം 450 രൂപയുടെ വ്യത്യാസം.