World Youngest Billionaires: സ്കൂൾ സുഹൃത്തുക്കൾ ഇപ്പോൾ ശതകോടീശ്വരന്മാർ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യുവ സംരംഭകർ
ലോകത്തെ തൊഴിൽ വിപണിയിലെ വിടവുകളെ കുറിച്ചും ടെക്നോളജിയുടെ സാധ്യതകളെക്കുറിച്ചുമുള്ള ഇവരുടെ ചർച്ചകളാണ് MERCOR എന്ന സ്റ്റാർട്ടപ്പിലേക്ക് വഴി തെളിയിച്ചത്
സിൽക്കൺ വാലിയിലെ ഹൈസ്കൂളിൽ നിന്നും തുടങ്ങിയ സൗഹൃദമാണ് ഇന്ന് ലോക റെക്കോർഡ് തിരുത്തി കുറിച്ച് ഒരു ഒരു സാമ്രാജ്യമായി വളർന്നിരിക്കുന്നത്. ഇന്ത്യൻ വംശജരായ ആദർശ് ഹിരേമത്ത്, സൂര്യ മിധ എന്നിവരാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാർ എന്ന നേട്ടത്തിൽ എത്തിയിരിക്കുന്നത്. ഈ നേട്ടത്തിനൊപ്പം ഇവരുടെ സുഹൃത്തായ ബ്രണ്ടൻ ഫുഡിയും ഉണ്ട്.
സാൻ ജോസിലുള്ള ബെല്ലാർമൈൻ കോളേജ് പ്രിപ്പറേറ്ററി എന്ന സ്കൂളിലാണ് ഈ സൗഹൃദം തുടങ്ങുന്നത്. പിന്നീട് അവർ പ്രമുഖ സർവ്വകലാശാലകളിലേക്ക് തുടർ പഠനത്തിനു വേണ്ടി പോയി. ആദർശ് ഹാർവാഡിൽ കമ്പ്യൂട്ടർ സയൻസിനും, സൂര്യയും ബ്രണ്ടനും ജോർജ്ജ് ടൗണിൽ പഠനത്തിനുമായി ചേർന്നു.
ലോകത്തെ തൊഴിൽ വിപണിയിലെ വിടവുകളെ കുറിച്ചും ടെക്നോളജിയുടെ സാധ്യതകളെക്കുറിച്ചുമുള്ള ഇവരുടെ ചർച്ചകളാണ് MERCOR എന്ന സ്റ്റാർട്ടപ്പിലേക്ക് വഴി തെളിയിച്ചത്. ആഗോളതലത്തിൽ മികച്ച ടെക്ക് ടാലന്റുകളെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവരെ യുഎസ് കമ്പനികളുമായി ബന്ധിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം.
അങ്ങനെ 2023 ൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഈ 20 കാർ അവരുടെ സ്വപ്നത്തിലേക്ക് ചുവട് വച്ചു. MERCOR എന്ന റിക്രൂട്ട്മെന്റ് സ്റ്റാർട്ടപ്പ് സ്ഥാപിച്ചു.അവശ്വസനീയമായാണ് ഇവരുടെ സ്ഥാപനത്തിന്റെ വളർച്ച. ലോകത്തിലെ മുൻനിര AI ലാബുകൾക്ക് അവരുടെ മോഡലുകൾ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ “ഹ്യൂമൻ-ഇൻ-ദി-ലൂപ്പ്” സേവനങ്ങൾ നൽകിക്കൊണ്ട് Mercor സാങ്കേതിക രംഗത്ത് അവരുടെ ചുവടുറപ്പിച്ചു.
അടുത്തിടെ, കമ്പനി 350 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചിരുന്നു. ഇതോടെ Mercor-ൻ്റെ മൊത്തം മൂല്യം 10 ബില്യൺ ഡോളറായി ഉയർന്നു.ഇതോടെ ഇരുപത്തിമൂന്നാം വയസ്സിൽ ശതകോടീശ്വരനായ മെറ്റാ സിഇ ഒ മാർക്ക് സക്കർബർഗിന്റെ റെക്കോർഡും തിരുത്തിയിരിക്കുകയാണ് ഈ 22 കാർ.
അതേസമയം ആഴ്ച്ചകൾക്കു മുമ്പ് ഇൻ്റർകോണ്ടിനെന്റൽ എക്സ്ചേഞ്ചിൽ നിന്നുള്ള നിർണ്ണായക നിക്ഷേപത്തിലൂടെ, 27-കാരനായ ഷെയ്ൻ കോപ്ലാൻ (പോളിമാർക്കറ്റ്) ശതകോടീശ്വരപ്പട്ടികയിൽ ഇടംനേടിയിരുന്നു. അതിനുമുമ്പ്, ഏറ്റവും പ്രായം കുറഞ്ഞ സ്വയം നിർമ്മിത ശതകോടീശ്വരൻ എന്ന പദവി 28-കാരനായ അലക്സാണ്ടർ വാങ്ങിനായിരുന്നു (സ്കെയിൽ എഐ).എന്നാൽ ഇപ്പോൾ ഈ കിരീടം മെർകോർ സ്ഥാപകർ കൈക്കലാക്കിയിരക്കുകയാണ്.