Year Ender 2025: പതുങ്ങി… കുതിച്ചു; 2025ൽ തിളങ്ങിയത് വെള്ളി തന്നെ! വില പോയപോക്കേ…
Silver Price in 2025: 1979-ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് വെള്ളി നിലവിൽ കാഴ്ചവെക്കുന്നത്. ഇന്ത്യയിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 211 രൂപയും കിലോഗ്രാമിന് 2,11,000 രൂപയുമാണ്.
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുകയാണ്. ഒരു പവന് ഒരു ലക്ഷം എന്ന മാന്ത്രിക സംഖ്യ പിന്നിടാൻ ഇനി കുറച്ച് ദൂരം മാത്രമേ ബാക്കിയുള്ളൂ. പണ്ടൊക്കെ സ്വർണം ഇല്ലെങ്കിൽ എന്താ, വെള്ളിയുണ്ടല്ലോ എന്ന പ്രയോഗം പൊതുവേ ഉണ്ടായിരുന്നു. വിലയിലെ കുറവും ഈ വെള്ള ലോഹത്തിന്റെ ഭംഗിയുമൊക്കെയാണ് വെള്ളിയെ സ്വർണത്തിന്റെ പകരക്കാരനാക്കിയത്. എന്നാൽ ഇനി അതിന് കഴിയുമോ?
വിപണിയിൽ സ്വർണത്തെ കടത്തിവെട്ടി വെള്ളി വില കുതിക്കുകയാണ്. ഒരു കിലോയ്ക്ക് രണ്ട് ലക്ഷമെന്ന റെക്കോർഡും കഴിഞ്ഞ ആഴ്ച പിന്നിട്ടു. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് വെള്ളി നിലവിൽ കാഴ്ചവെക്കുന്നത്. ഇന്ത്യയിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 211 രൂപയും കിലോഗ്രാമിന് 2,11,000 രൂപയുമാണ്.
2025-ൽ മാത്രം വെള്ളി വിലയിൽ ഏകദേശം 102 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായാണ് കണക്ക്. നിക്ഷേപകർക്ക് സ്വർണ്ണത്തേക്കാൾ ഉയർന്ന ലാഭം നൽകുന്നതിൽ വെള്ളി നിലവിൽ മുന്നിലാണ്. 2023 ഒക്ടോബറിന് ശേഷം മാത്രം വെള്ളിയുടെ വിലയിൽ 163 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ALSO READ: ലക്ഷം തൊടാൻ സ്വർണം, കുറച്ചതെല്ലാം കൂട്ടി; ചങ്കായി വെള്ളിയും കൂടെ….
വെള്ളി വില വർദ്ധനവിന് കാരണങ്ങൾ
വ്യാവസായിക ആവശ്യങ്ങളാണ് വെള്ളി വില കുതിച്ചതിന് പ്രധാന കാരണം. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ (EV), 5G സാങ്കേതികവിദ്യ എന്നിവയിൽ വെള്ളിയുടെ ഉപയോഗം കൂടിയത് വിലയിലും പ്രതിഫലിച്ചു. എന്നാൽ ഡിമാൻഡിനനുസരിച്ച് വിതരണം നടത്താൻ കഴിയാത്തത് വെള്ളി വില കുതിക്കുന്നതിന്റെ ആക്കം കൂട്ടി. ആഗോളതലത്തിൽ വെള്ളിയുടെ ഉൽപാദനം ആവശ്യത്തേക്കാൾ കുറയുകയാണ്.
അതുപോലെ, ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പോയതും ഇന്ത്യയിൽ വെള്ളി വില കൂടാൻ കാരണമായി. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും കാരണം നിക്ഷേപകർ വെള്ളിയെ സുരക്ഷിത മാർഗ്ഗമായി കണ്ടതും വെള്ളിക്ക് കരുത്തേക്കി.
2025ൽ വെള്ളി വിലയുടെ സഞ്ചാരം
ജനുവരി: ₹1,03,000 – ₹1,05,000
ഫെബ്രുവരി: ₹1,04,500
മാർച്ച്: ₹1,03,900
ഏപ്രിൽ: 1,10,000
മെയ്: ₹1,18,000
ജൂൺ: ₹1,25,000
ജൂലൈ: ₹1,28,000
ഓഗസ്റ്റ്: ₹1,30,000
സെപ്റ്റംബർ: ₹1,51,000
ഒക്ടോബർ: ₹1,90,000
നവംബർ: ₹1,85,000
ഡിസംബർ: ₹2,00,000+