Silver Rate: ഡിസംബറിൽ വെള്ളി വില ചരിത്രമെഴുതും? നിർണായകം ഫെഡിന്റെ ആ തീരുമാനം….
Silver Price Prediction: 2026ൽ വില രണ്ട് ലക്ഷം കടക്കുമെന്നാണ് പ്രവചനങ്ങൾ. ഡിസംബർ 10ന് നടക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ യോഗം വെള്ളി വിലയിൽ നിർണായകമാകും.
വരുംദിവസങ്ങളിൽ വെള്ളി വിലയിൽ എന്തുസംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആഭരണപ്രേമികളും നിക്ഷേപകരും. നിലവിൽ രണ്ട് ലക്ഷത്തോളം അടുപ്പിച്ചാണ് വെള്ളി വില രേഖപ്പെടുത്തിയിരിക്കുന്നത്. 2026ൽ വില രണ്ട് ലക്ഷം കടക്കുമെന്നാണ് പ്രവചനങ്ങൾ. ഡിസംബർ 10ന് നടക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ യോഗം വെള്ളി വിലയിൽ നിർണായകമാകും.
ലോഹവിലകളിലെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തികളിലൊന്നാണ് യു.എസ്. ഫെഡറൽ റിസർവ്. ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വെള്ളി വിലയിലെ നിലവിലെ വർദ്ധനവിന് കാരണം. ‘അവസരച്ചെലവ്’ (Opportunity Cost) എന്ന സാമ്പത്തിക ആശയമാണ് ഇവിടെ നിർണായകമാകുന്നത്.
വെള്ളി വിലയും ഫെഡും തമ്മിലുള്ള ബന്ധം
വെള്ളിക്ക് ആദായമില്ല, അതിനാൽ അതിന്റെ അവസര ചെലവ് പലിശ നിരക്കുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമ്പോൾ ട്രഷറി ബോണ്ടുകൾ, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയ മറ്റ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം വർദ്ധിക്കുന്നു. അതുകൊണ്ട് വരുമാനം തരാത്ത വെള്ളി പോലുള്ള ആസ്തികളുടെ ആകർഷണം കുറയുകയും വരുമാനം നൽകുന്ന മറ്റ് ആസ്തികളിലേക്ക് നിക്ഷേപകർ പണം മാറ്റുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി വെള്ളി വില കുറയുന്നു.
എന്നാൽ, ഫെഡ് പലിശ നിരക്ക് കുറയ്ക്കുമ്പോൾ, ബോണ്ടുകളിൽ നിന്നും മറ്റ് സ്ഥിര നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം കുറയുന്നു. ഇത്തരത്തിൽ മറ്റ് നിക്ഷേപങ്ങൾ ആകർഷകമല്ലാതാകുമ്പോൾ, വരുമാനം നൽകുന്നില്ലെങ്കിൽ പോലും, മൂല്യം നിലനിർത്തുന്ന സുരക്ഷിത ആസ്തികളായ സ്വർണ്ണത്തിലും വെള്ളിയിലും നിക്ഷേപകർക്ക് താൽപ്പര്യം വർദ്ധിക്കുന്നു. ഇതിൻ്റെ ഫലമായി വെള്ളി, സ്വർണം തുടങ്ങിയവയുടെ വില ഉയരുന്നു.