AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Starbucks: രക്തവും കാപ്പിയും തമ്മിൽ എന്ത് ബന്ധം? ലോഗോയിലും രഹസ്യം ഒളിപ്പിച്ച സ്റ്റാർബക്ക്സ് തരും ഉത്തരം!

Starbucks Success Story: കാപ്പിക്ക് പൊന്നുംവിലയാണെങ്കിലും വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. കേവലം ഒരു കാപ്പിയെ ലോകപ്രസിദ്ധമാക്കിയത് എന്താണ്? അറിയാം, സ്റ്റാർബക്ക്സ് എന്ന ഏറ്റവും വലിയ കോഫി ഹൗസ് ശൃംഖലയുടെ കഥ.....

Starbucks: രക്തവും കാപ്പിയും തമ്മിൽ എന്ത് ബന്ധം? ലോഗോയിലും രഹസ്യം ഒളിപ്പിച്ച സ്റ്റാർബക്ക്സ് തരും ഉത്തരം!
Starbucks Image Credit source: Getty Images
nithya
Nithya Vinu | Published: 04 Dec 2025 14:53 PM

വർഷങ്ങളുടെ രുചിപാരമ്പര്യവുമായി ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ബ്രാൻഡ്….ഒരു കാപ്പിക്ക് പൊന്നുംവിലയാണെങ്കിലും വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. കേവലം ഒരു കാപ്പിയെ ലോകപ്രസിദ്ധമാക്കിയത് എന്താണ്? പണത്തിന് വേണ്ടി രക്തം പോലും വിറ്റിരുന്ന ഒരു ദരിദ്ര ജൂതബാലനിൽ നിന്നും ലോകകോടീശ്വരനായുള്ള വളർച്ചയ്ക്ക് ഒരു കാപ്പി സഹായകമായത് എങ്ങനെ? അറിയാം, സ്റ്റാർബക്ക്സ് എന്ന ഏറ്റവും വലിയ കോഫി ഹൗസ് ശൃംഖലയുടെ കഥ…..

 

ഹോവാർഡ് ഷുൾസ്

 

1953 അമേരിക്കയിലെ ന്യൂയോർക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ഹോവാർഡ് ഷുൾസ് ജനിച്ചത്. സ്വന്തമായി വീടും ഇല്ലായിരുന്ന ഒരു ജൂത കുടുംബമായിരുന്നു ഷുൾസിന്റേത്. അച്ഛൻ ട്രക്ക് ഡ്രൈവറായിരുന്നു. ഒരു ദിവസം ഫാക്ടറിലെ ജോലിക്കിടെ ഷുൾസിന്റെ അച്ഛന് കാലിന് പരിക്ക് പറ്റി. ഹെൽത്ത് ഇൻഷുറൻസ് ഒന്നും ഇല്ലാത്തിനാൽ വളരെ കഷ്ടപ്പെട്ടു. അച്ഛന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയും ചി‌കിത്സചെലവുകളും ഏറിയതോടെ കുടുംബം കടുത്ത പട്ടിണിയിലായി.

ദിവസം കഴിയുംതോറും കടക്കാരുടെ ശല്യവും രൂക്ഷമായി. പണത്തിന് അത്യാവശ്യം നേരിട്ട ചില അവസരങ്ങളിൽ സ്വന്തം രക്തം വിൽക്കേണ്ടി വന്നിട്ടുള്ളതായും ഷുൾസ് പറയുന്നുണ്ട്. ദാരിദ്രത്തിലും ഹോവാർഡ് ഷുൾസ് കഷ്ടപ്പെട്ട് പഠിച്ചു. പഠനത്തോടൊപ്പം സോക്കർ കളിയിലും മികവ് പുലർത്തി. 1971ൽ സ്പോട്സ് കോട്ടയിൽ മിഷി​ഗൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിച്ചു.

 

സ്റ്റാർബക്ക്സിലേക്ക്….

 

ഇതേസമയം,  1971ൽ തന്നെ ഗോൾഡൻ ബൗക്കർ, സേവ് സീ​ഗൽ, ജെറി ബാൾവിൻ എന്ന ചെറുപ്പക്കാർ ചേർന്ന് സ്റ്റാർബക്സ് എന്ന സംരംഭം ആരംഭിക്കുന്നു. കോഫി ബീനുകൾ വിൽക്കുന്ന കടയായിരുന്നു ഇത്. റീട്ടെയിൽ ആയിട്ടായിരുന്നു കച്ചവടം. വെറുമൊരു സാധാരണ കാപ്പിബീനുകളിൽ നിന്ന് വ്യത്യസ്തമായ ഇവരുടേതായ ഫ്ലേവറുകൾ ചേർത്തായിരുന്നു കോഫി ബീനുകൾ വിറ്റിരുന്നത്.

1975ൽ ഹോവാർഡ് ഷുൾസ് ​ഗ്രാജുവേഷൻ പൂർത്തിയാക്കി. പഠിച്ചിറങ്ങിയ ഉടൻ തന്നെ സെറോക്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി നേടി. മൂന്ന് വർ‌ഷം കഴിഞ്ഞപ്പോൾ മറ്റൊരു ഫ്രഞ്ച് കമ്പനിയിൽ ജനറൽ മാനേജറായി. അതിന് ശേഷം സ്വീഡിഷ് കമ്പനിയായ ഹമാമാപ്ലാസ്റ്റിൽ ചേർന്നു. കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത് സ്റ്റാർബക്ക്സ് സന്ദർശിക്കാനുള്ള അവസരം കിട്ടി. സ്റ്റാർബക്ക്സിന്റെ ഉൽപന്നങ്ങളുടെ മേന്മ ഷുൾസിന് വളരെയധികം ഇഷ്ടപ്പെട്ടു.

ALSO READ: സൂചിയിൽ നിന്ന് പിറന്ന ബുള്ളറ്റ് പ്രണയം; റോയൽ എൻഫീൽഡിന്റെ രാജകീയ യാത്രയുടെ കഥ

1976ൽ സ്റ്റാർബക്ക്സിന്റെ റീട്ടൈൽ ഓപ്പറേഷൻ ആന്റ് മാർക്കറ്റിം​ഗ് ഡിപ്പാർട്ട്മെന്റിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1980കളുടെ തുടക്കത്തിൽ സ്റ്റാർബക്ക്സിൽ ജോലി ചെയ്തിരുന്ന സമയത്തെ ഇറ്റലി സന്ദർശനവേളയിൽ അവിടത്തെ കോഫി ഷോപ്പിൽ കയറിയ ഷുൾസ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നു. കാപ്പി കുടിക്കുന്നതിനുപരിയായി കോഫി ഷോപ്പുകളിൽ  ജനം കൊച്ചുവർത്തമാനം പറഞ്ഞ് ആസ്വദിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

കോഫി സെർവ് ചെയ്യുന്നവർ ഓരോരുത്തരുടെയും പേര് വിളിച്ച് കോഫി കൊടുക്കുന്ന രീതിയും ഇഷ്ടപ്പെട്ടു. ഇതേ ആശയം അമേരിക്കയിൽ അവതരിപ്പിക്കാൻ അദ്ദേഹം ആ​ഗ്രഹിച്ചു. അമേരിക്കയിലെത്തി സ്റ്റാർബക്ക്സ് ഉടമകളോട് തന്റെ ആശയത്തിന്റെ കൃത്യമായ പ്ലാൻ പറഞ്ഞു. എന്നാൽ അവർ അത് തള്ളിക്കളഞ്ഞു.

 

ഇൽ ജർണ്ണാലേ കോഫി ഷോപ്പ്

 

ഷുൾസിന് തന്റെ ആശയത്തിൽ ഏറെ പ്രതീക്ഷയുണ്ടയിരുന്നു. അദ്ദേഹം സ്റ്റാർബക്ക്സ് വിട്ട് സ്വന്തമായി കമ്പനി തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ പുതുതായി കമ്പനി തുടങ്ങുന്നത് അത്ര എളുപ്പമായിരുന്നില്ല. ഏകദേശം നാല് ലക്ഷം യുഎസ് ഡോളറാണ് ചെലവ് വരുന്നത്. നിക്ഷേപകരെ കണ്ടുസംസാരിച്ചു. ആദ്യം തന്നെ ഒന്നര ലക്ഷം ഡോളർ നിക്ഷേപം നൽകി സഹായിച്ചത് സ്റ്റാർബക്ക്സ് ആണ്. പിന്നീട് 242 നിക്ഷേപകരുമായി സംസാരിച്ചു. അതിൽ 217 പേരും അദ്ദേഹത്തിന്റെ ആശയത്തെ തള്ളിക്കളഞ്ഞു.

1986ൽ സിയാറ്റിൽ കേന്ദ്രമായി ‘ഇൽ ജർണ്ണാലേ’ എന്ന കോഫി ഷോപ്പ് ഷുൾസ് തുടങ്ങി. രണ്ട് വർഷം കൊണ്ടുതന്നെ വലിയ വിജയമായി മാറി. ഏകദേശം 3.8 മില്യൺ യുഎസ് ഡോളർ കൊടുത്ത് സ്റ്റാർബക്ക്സിനെ തന്നെ സ്വന്തമാക്കാൻ കമ്പനിക്ക് സാധിച്ചു. 1987ൽ ആറ് ഷോപ്പുകളും 100 ജോലിക്കാരുമായി തുടങ്ങിയ സംരംഭം 10 വർഷത്തിനുള്ളിൽ 1300 ഷോപ്പുകളും 25,000 ജോലിക്കാരുമായി വളർന്നു.

ALSO READ: ഇന്ത്യക്കാരുടെ പട്ടിണി മാറ്റിയ ബിസ്കറ്റ്, 17,100 കോടിയുടെ കച്ചവടം; കവറിലും പേരിലുമുണ്ട് ഒരു രഹസ്യം!

 

സ്റ്റാർബക്ക്സ് ലോ​ഗോ

 

സൈറൺ എന്ന മത്സ്യകന്യകയാണ് സ്റ്റാർബക്ക്സിന്റെ ലോഗോ. 1971ലാണ്‌ അമേരിക്കൻ നോവലിസ്റ്റായ ഹെർമൻ മേൽവില്ലിയുടെ മോബി ഡിക്ക് എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിയാറ്റലിൽ സ്റ്റാർബക്ക്സ് ആരംഭിക്കുന്നത്. സിയാറ്റിൽ പോർ‌ട്ട് സിറ്റി ആയതുകൊണ്ട് തന്നെ കപ്പലിൽ വരുന്ന കോഫിയും തങ്ങളുടെ ബ്രാൻഡും കടലിനോട് ചേർന്ന് നിൽക്കുന്നതാകാണമെന്ന് സ്റ്റാർബക്ക്സിന്റെ ഉടമകൾ തീരുമാനിച്ചു. ലോ​ഗോയ്ക്ക വേണ്ടിയുള്ള അന്വേഷണം ചെന്ന് നിന്നത് പതിനാറാം നൂറ്റാണ്ടിലാണ്.

സൈറൺ എന്ന് പേരുള്ള ഇരട്ട വാലുള്ള ന​ഗ്നയായ മത്സ്യകന്യക സ്റ്റാർബക്ക്സിന്റെ ഭാ​ഗ്യചിഹ്നമായി. ​ഗ്രീക്ക് മിത്തോളജിയിൽ സൈറൺ പക്ഷിയായും ഡ്രാ​ഗണായും കാണപ്പെടുന്നുണ്ട്. എന്നാൽ രൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും സ്വഭാവം ഒന്നായിരുന്നു. ആരെയും വശീയകരിക്കാൻ കഴിയുന്ന അപകടകാരി.

സൈറൺ കടലിലെ യാത്രക്കാരെ വശീകരിച്ച് മരണക്കെണിയിൽ തള്ളിയിടുന്നതായാണ് കഥകൾ.എന്തുതന്നെയായാലും  സൈറൺ തന്റെ സൗന്ദര്യം കൊണ്ട് ആളുകളെ വശീകരിക്കുന്നത് പോലെ സ്റ്റാർബക്ക്സ് തന്റെ രുചികൊണ്ട് ലോകമെമ്പാടുമുള്ള കാപ്പിപ്രേമികളെ ഇന്നും വശീകരിക്കുന്നു.