AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SIP നിക്ഷേപം ദിവസവും വേണോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ?

Daily or Monthly SIP: Does Investment Frequency Really Matter?: നിക്ഷേപത്തിന്റെ ഇടവേള മാത്രം മാറ്റിയാല്‍ ദീര്‍ഘകാല വരുമാനത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന്, പത്ത് വര്‍ഷത്തെ വലിയ ഓഹരി ഫണ്ട് എസ്‌ഐപിയില്‍ ദിവസേന നിക്ഷേപിച്ചാല്‍ ശരാശരി വാര്‍ഷിക വരുമാനം 11.69 ശതമാനവും ആഴ്ചതോറുമുള്ള നിക്ഷേപത്തില്‍ 11.71 ശതമാനവും മാസത്തിലെ നിക്ഷേപത്തില്‍ 11.67 ശതമാനവുമായിരുന്നു.

SIP നിക്ഷേപം ദിവസവും വേണോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ?
പ്രതീകാത്മക ചിത്രം Image Credit source: Catherine Falls Commercial/Moment/Getty Images
Shiji M K
Shiji M K | Published: 14 Sep 2026 | 10:32 AM

എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പലപ്പോഴും ഉണ്ടാകുന്ന സംശയമാണ് എത്ര ഇടവേളയില്‍ പണം നിക്ഷേപിക്കണം എന്നത്. ദിവസേന ചെറിയ തുക നിക്ഷേപിക്കുന്നതാണോ, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നതാണോ, അതോ മാസത്തിലൊരിക്കല്‍ നിക്ഷേപിക്കുന്നതാണോ കൂടുതല്‍ നേട്ടം നല്‍കുക എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. ഓരോരുത്തരും അവര്‍ക്ക് എന്ന് ശമ്പളം ലഭിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐപി നിക്ഷേപം ക്രമപ്പെടുത്തുന്നത്.

വരുമാനത്തില്‍ വലിയ വ്യത്യാസമില്ല

നിക്ഷേപത്തിന്റെ ഇടവേള മാത്രം മാറ്റിയാല്‍ ദീര്‍ഘകാല വരുമാനത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന്, പത്ത് വര്‍ഷത്തെ വലിയ ഓഹരി ഫണ്ട് എസ്‌ഐപിയില്‍ ദിവസേന നിക്ഷേപിച്ചാല്‍ ശരാശരി വാര്‍ഷിക വരുമാനം 11.69 ശതമാനവും ആഴ്ചതോറുമുള്ള നിക്ഷേപത്തില്‍ 11.71 ശതമാനവും മാസത്തിലെ നിക്ഷേപത്തില്‍ 11.67 ശതമാനവുമായിരുന്നു.

മിഡ് ക്യാപ് വിഭാഗത്തില്‍ ഇതേ കാലയളവില്‍ യഥാക്രമം 17.71 ശതമാനം, 17.73 ശതമാനം, 17.65 ശതമാനം എന്നിങ്ങനെയായിരുന്നു ശരാശരി വരുമാനം. സ്‌മോള്‍ ക്യാപില്‍ ദിവസേന 18.89 ശതമാനവും ആഴ്ചതോറും 18.91 ശതമാനവും മാസത്തില്‍ 18.85 ശതമാനവുമായിരുന്നു. അതായത്, നിക്ഷേപത്തിന്റെ ആവൃത്തി മാറ്റിയതുകൊണ്ട് മാത്രം വലിയ സമ്പത്ത് വ്യത്യാസം ഉണ്ടാകുന്നില്ല.

പിന്നെ എന്തുകൊണ്ട്…

മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് ദിവസേനയുള്ള എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. ദിവസേനയുള്ള എസ്‌ഐപി കൂടുതല്‍ വരുമാനം നേടാന്‍ സഹായിക്കുന്നതിനേക്കാള്‍ നിക്ഷേപകന്റെ വരുമാന രീതിയുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുന്നതാണ് ഇതിന് കാരണം. ദിവസക്കൂലി തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് മാസത്തില്‍ ഒരു വലിയ തുക മാറ്റിവയ്ക്കുന്നതിനേക്കാള്‍ ദിവസേന ചെറിയ തുക നിക്ഷേപിക്കുന്നതായിരിക്കും എളുപ്പം.

Also Read: SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ

കൂടുതല്‍ ഇടവേളകള്‍ വന്നാലോ?

ഓഹരി വിപണിയിലെ ചെറിയ കാലയളവിലെ വിലമാറ്റങ്ങള്‍ കൂടുതല്‍ തവണ പ്രയോജനപ്പെടുത്താന്‍ ദിവസേനയോ ആഴ്ചതോറുമോ നിക്ഷേപിക്കുന്നത് സഹായിക്കുമെന്ന ധാരണയുണ്ട്. എന്നാല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ പോലും പത്ത് വര്‍ഷത്തെ കണക്കില്‍ മൂന്ന് രീതികളിലുമുള്ള വരുമാന വ്യത്യാസം വളരെ ചെറുതായിരിക്കും. മറുവശത്ത്, ദിവസേനയോ ആഴ്ചതോറുമോ നിക്ഷേപിക്കുന്നവര്‍ക്ക് വിപണിയിലെ ചലനങ്ങള്‍ കൂടുതല്‍ തവണ ശ്രദ്ധിക്കേണ്ടി വരാം. ഇടയ്ക്കുണ്ടാകുന്ന നഷ്ടം കണ്ട് നിക്ഷേപം നിര്‍ത്താനുള്ള സാധ്യതയും ചില നിക്ഷേപകരില്‍ ഉണ്ടാകാം. മാസത്തിലൊരിക്കല്‍ മാത്രം നിക്ഷേപം നടത്തുന്നത് ഇത്തരം ഹ്രസ്വകാല വിപണി ചലനങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ സഹായിക്കും.

മികച്ചതേത്?

ദിവസേന, ആഴ്ചതോറും, മാസത്തിലൊരിക്കല്‍ എന്നിങ്ങനെ എസ്‌ഐപി തിരഞ്ഞെടുക്കുന്നതില്‍ പല സംശയങ്ങളുണ്ടാകും. നിക്ഷേപകന്റെ വരുമാനം, പണം ലഭിക്കുന്ന രീതി, സൗകര്യം, നിക്ഷേപ ശീലം എന്നിവ പരിഗണിച്ചാണ് ആവൃത്തി തീരുമാനിക്കേണ്ടത്.

ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതില്‍ എസ്‌ഐപിയില്‍ എത്ര തവണ നിക്ഷേപിച്ചു എന്നതിനേക്കാള്‍ നിക്ഷേപ തുക കാലക്രമേണ വര്‍ധിപ്പിക്കുക, ശരിയായ ആസ്തി വിഭജനം പാലിക്കുക, ഇടവേളയില്ലാതെ ദീര്‍ഘകാലം നിക്ഷേപം തുടരുക എന്നീ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. അതിനാല്‍ ദിവസേനയുള്ള എസ്‌ഐപി മാസത്തിലെ എസ്‌ഐപിയേക്കാള്‍ കൂടുതല്‍ സമ്പത്ത് നല്‍കും എന്ന് കരുതരുത്.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

Does investing through SIP daily, weekly or monthly make a difference to long-term wealth creation? Here is what investors should know about SIP frequency and returns.

Follow Us