AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Streesuraksha: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ, ഇന്ന് മുതൽ അപേക്ഷിക്കാം; അവസരം ആർക്കെല്ലാം?

How to Apply for Sthree Suraksha Pension Scheme: കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് അവസരം. തെറ്റായവിവരം നൽകി പെൻഷൻ കൈപ്പറ്റിയാൽ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കുമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

Streesuraksha: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ, ഇന്ന് മുതൽ അപേക്ഷിക്കാം; അവസരം ആർക്കെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 22 Dec 2025 07:41 AM

തിരുവനന്തപുരം: സ്ത്രീസുരക്ഷ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.
കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയാണിത്.

മുഖ്യമന്ത്രി പിണറായി വിജയൻ നവംബറിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തുടർനടപടികളെടുക്കാനായില്ല. അതേസമയം തെറ്റായവിവരം നൽകി പെൻഷൻ കൈപ്പറ്റിയാൽ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കുമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

 

എങ്ങനെ അപേക്ഷിക്കണം ?

 

ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഇതിനായി തദ്ദേശ വാർഡ് മെമ്പർമാരെ സമീപിച്ച് സഹായം തേടാവുന്നതാണ്. ഇല്ലെങ്കിൽ പഞ്ചായത്തിൽ നേരിട്ടു ചെന്നും ആവശ്യപ്പെടാം.

 

ആർക്കെല്ലാം അപേക്ഷിക്കാം ?

 

സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് അപേക്ഷിക്കാം.

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് അവസരം.

അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല.

കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെയും പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

ആവശ്യമായ സർട്ടിഫിക്കറ്റുകൾ

 

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.

ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.

ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം.

ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല.

ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.