Nykaa: ലിപ്സ്റ്റിക് ജീവിതം മാറ്റി, അമ്പതാം വയസിൽ കോടികളുടെ ആസ്തി; ഇത് നൈകയുടെ കഥ
Success Story of Falguni Nayar and Nykaa: മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് പടിയിറങ്ങി സ്വന്തമായൊരു സംരംഭം ആരംഭിക്കുമ്പോൾ ഫാൽഗുനിക്ക് കൈവശമുണ്ടായിരുന്നത്, വിജയിക്കണമെന്ന നിശ്ചയദാർഢ്യം മാത്രമായിരുന്നു. അമ്പതാം വയസിൽ കോടികളുടെ സാമ്രാജ്യം പടുതുയർത്തിയ, നൈകയുടെ അമരക്കാരിയുടെ കഥ അറിയാം...
വിജയം സ്വന്തമാക്കാൻ പ്രായമോ മുൻകാല അനുഭവങ്ങളോ തടസങ്ങളാകില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യൻ ശതകോടീശ്വരന്മാരിലെ പെൺ പുലി, ഫാൽഗുനി നയ്യാർ. മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് പടിയിറങ്ങി സ്വന്തമായൊരു സംരംഭം ആരംഭിക്കുമ്പോൾ ഫാൽഗുനിക്ക് കൈവശമുണ്ടായിരുന്നത്, വിജയിക്കണമെന്ന നിശ്ചയദാർഢ്യം മാത്രമായിരുന്നു. അമ്പതാം വയസിൽ കോടികളുടെ സാമ്രാജ്യം പടുതുയർത്തിയ, നൈകയുടെ അമരക്കാരിയുടെ കഥ അറിയാം…
ഫാൽഗുനി നയ്യാർ
ഏഷ്യയിലെ ഏറ്റവും ശക്തയായ വനിത സംരംഭകരിൽ ഒരാളായ ഫാൽഗുനി നയ്യാരുടെ ജീവിതം വിജയത്തിന് പ്രായം തടസമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. അമ്പതാം വയസിൽ കൊട്ടക് മഹീന്ദ്ര കാപിറ്റൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജോലി ഉപേക്ഷിച്ചാണ് ഫാൽഗുനി നയ്യാർ ബിസിനസ് രംഗത്തേക്ക് കുതിച്ചത്.
ഒരു സ്റ്റാർട്ടപ്പായി തുടങ്ങിയ നൈക എന്ന സ്ഥാപനം പിന്നീട് രാജ്യത്തെ പ്രമുഖ ബ്യൂട്ടി റീറ്റൈലായി വളർന്നു. നാലായിരത്തിലധികം ബ്യൂട്ടി പേഴ്സൺൽ കെയർ ഉൽപന്നങ്ങളാണ് കമ്പനി വിറ്റഴിക്കുന്നത്. കമ്പനി തുടങ്ങി ഒമ്പത് വർഷങ്ങൾക്കുള്ളിലാണ് ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. നിലവിൽ അവൈവ ഇൻഷുറൻസ് ബോർഡ്, ഡാബർ ഇന്ത്യ എന്നീ കമ്പനികളുടെ ബോർഡ് അംഗം കൂടിയാണ് ഫാൽഗുനി.
നൈക മാറ്റിയ ജീവിതം
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ബ്യൂട്ടി ഇ-മാർക്കറ്റ് പ്ലേസാണ് നൈക. തന്റെ 50-ാം പിറന്നാളിന് തൊട്ടുമുമ്പാണ് 2012-ൽ, ജോലി ഉപേക്ഷിച്ച് അവർ നൈകക്ക് തുടക്കമിട്ടത്. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്ന ഒരു ഇ-മാർക്കറ്റ് പ്ലേസ് എന്ന ആശയം അന്ന് ഇന്ത്യയിൽ പുതിയതായിരുന്നു. ‘നായിക’ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് ‘Nykaa’ എന്ന പേര് സ്വീകരിച്ചത്. സ്ത്രീകളെ ശാക്തീകരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
ALSO READ: പരാജയം 1009 തവണ, വിജയം 65ാം വയസിലും; ജീവിതം മാറ്റിയ ഒരു ‘കോഴിക്കാലിന്റെ’ കഥ
നൈകയുടെ വളർച്ച
തുടക്കത്തിൽ സാങ്കേതിക വെല്ലുവിളികളും ഓർഡറുകൾ കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങളും നൈക നേരിട്ടു. എന്നാൽ സ്ഥിരമായ പരിശ്രമത്തിലൂടെ 850-ൽ അധികം ബ്രാൻഡുകളും 35,000-ത്തിലധികം ഉൽപ്പന്നങ്ങളുമായി നൈക വളർന്നു. തുടർന്ന് ഓൺലൈനിന് പുറമെ, ‘നൈക ലക്‌സ്’, ‘നൈക ഓൺ ട്രെൻഡ്’ എന്നിങ്ങനെ രണ്ട് ഫോർമാറ്റുകളിൽ രാജ്യത്തുടനീളം ഫിസിക്കൽ സ്റ്റോറുകളും നൈക സ്ഥാപിച്ചു.
ഐപിഒ വിജയം, നിലവിലെ ആസ്തി
2020-ൽ, നൈക ഐപിഒ-ക്ക് വേണ്ടിയുള്ള പ്രക്രിയ ആരംഭിച്ചു. ഒരു യൂണികോൺ കമ്പനി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായി ഫാൽഗുനി മാറി. കോവിഡ് മഹാമാരിയുടെ ആഘാതം ഉണ്ടായിരുന്നിട്ടും, നൈകയുടെ ഐപിഒ ഏകദേശം 80% പ്രീമിയത്തോടെയാണ് അരങ്ങേറ്റം കുറിച്ചത്. ഫോബ്‌സ് മാഗസിൻ്റെ കണക്കനുസരിച്ച്, ഫാൽഗുനി നായരുടെ നിലവിലെ മൊത്തം ആസ്തി ഏകദേശം 2.7 ബില്യൺ ഡോളർ (ഏകദേശം ₹22,262 കോടി) ആണ്.