Sukanya Samriddhi Yojana: 21 വയസിനുള്ളിൽ 71 ലക്ഷം വരെ നേടാൻ അവസരം; ഈ പദ്ധതിയെ കുറിച്ച് അറിയില്ലേ?
Sukanya Samriddhi Yojana Details: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ഫണ്ട് സ്വരൂപിക്കാൻ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് സുകന്യ സമൃദ്ധി യോജന (SSY). പെൺകുട്ടികൾക്കായി മാത്രമുള്ള ഈ പദ്ധതി ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ഫണ്ട് സ്വരൂപിക്കാൻ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്.
സുകന്യ സമൃദ്ധി യോജന
അക്കൗണ്ട് തുറക്കുന്നതിനുള്ള യോഗ്യത
10 വയസ്സ് തികയാത്ത പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിന് പോസ്റ്റ് ഓഫീസുകളിലോ അംഗീകൃത ബാങ്കുകളിലോ അക്കൗണ്ട് തുറക്കാവുന്നതാണ്. ഒരു കുടുംബത്തിൽ പരമാവധി രണ്ട് പെൺകുട്ടികൾക്കായി അക്കൗണ്ട് തുറക്കാം. ഇരട്ടകളോ ട്രിപ്പിൾറ്റുകളോ ആണെങ്കിൽ, മൂന്നാമതൊരു അക്കൗണ്ടിന് പ്രത്യേക ഇളവുകൾ അനുവദനീയമാണ്.
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷിതാവിൻ്റെ തിരിച്ചറിയൽ രേഖയും (ആധാർ/പാൻ കാർഡ് പോലുള്ളവ), താമസസ്ഥലം തെളിയിക്കുന്ന രേഖ, അക്കൗണ്ട് തുറക്കാനുള്ള അപേക്ഷാ ഫോം എന്നിവയാണ് ആവശ്യമായ രേഖകൾ.
ALSO READ: സീനിയർ സിറ്റിസൺ സേവിംഗ്സ് vs ബാങ്ക് എഫ്ഡി; ഉയർന്ന പലിശ നിരക്ക് നൽകുന്നത് ഏത്?
നിക്ഷേപ തുക, കാലാവധി
ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. അതിനുശേഷം 100 രൂപയുടെ ഗുണിതങ്ങളായ ഏത് തുകയും നിക്ഷേപിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1,50,000 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ, ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തിക വർഷാവസാനമുള്ള അക്കൗണ്ട് ബാലൻസിൻ്റെ 50% വരെ പിൻവലിക്കാൻ അനുവദിക്കും.
അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷത്തേക്ക് നിക്ഷേപം നടത്തണം. അതിനുശേഷം കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കും. സർക്കാർ കാലാകാലങ്ങളിൽ അറിയിക്കുന്ന പലിശ നിരക്കുകൾ വാർഷിക കോമ്പൗണ്ടഡ് അടിസ്ഥാനത്തിൽ കണക്കാക്കുകയും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.
നികുതി ആനുകൂല്യങ്ങൾ
നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതിയിളവിന് അർഹതയുണ്ട്. ലഭിക്കുന്ന പലിശയ്ക്കും മെച്യൂരിറ്റി തുകയ്ക്കും നികുതിയില്ല.