Sukanya Samriddhi Yojana: 250 രൂപ നിക്ഷേപിച്ച് 70 ലക്ഷം ലക്ഷം നേടാം; സുരക്ഷിതമാകുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവി
Sukanya Samriddhi Yojana Details: സോവറിൻ ഗ്യാരണ്ടിയും നികുതി ആനുകൂല്യങ്ങളും ഉള്ളതിനാൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള ഏറ്റവും സുരക്ഷിതമായ ദീർഘകാല നിക്ഷേപങ്ങളിലൊന്നാണിത്.
ഇന്നത്തെ കാലത്ത് ഒരു കുട്ടിയെ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കി വളർത്തുന്നത് കുറച്ചധികം ചെലവുള്ള കാര്യമാണ്. എന്നാൽ പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒരു സർക്കാർ പദ്ധതിയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?
സർക്കാർ പിന്തുണയുള്ള ഈ ചെറുകിട സമ്പാദ്യ പദ്ധതിയിലൂടെ മാതാപിതാക്കൾക്ക് പ്രതിമാസ നിക്ഷേപങ്ങളിലൂടെ വലിയൊരു തുക പെൺകുട്ടിക്കായി കരുതാൻ സഹായിക്കും. സോവറിൻ ഗ്യാരണ്ടിയും നികുതി ആനുകൂല്യങ്ങളും ഉള്ളതിനാൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള ഏറ്റവും സുരക്ഷിതമായ ദീർഘകാല നിക്ഷേപങ്ങളിലൊന്നാണിത്. 2015 ൽ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ സംരംഭത്തിന് കീഴിൽ അവതരിപ്പിച്ച സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ)യെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ…
സുകന്യ സമൃദ്ധി യോജന
10 വയസ്സോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികൾക്കായി അക്കൗണ്ട് തുറക്കാം.
കുറഞ്ഞ വാർഷിക നിക്ഷേപം: 250 രൂപ
പരമാവധി വാർഷിക നിക്ഷേപം: 1.5 ലക്ഷം രൂപ
നിക്ഷേപം ആരംഭിച്ച തീയതി മുതൽ 15 വർഷത്തേക്ക് നടത്താം.
അക്കൗണ്ട് 21 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകും.
പെൺകുട്ടി 21 വയസ്സിന് മുമ്പ് വിവാഹിതയായാൽ, അക്കൗണ്ട് അവസാനിപ്പിക്കുന്നതാണ്.
യോഗ്യതയും നിയമങ്ങളും
10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് വേണ്ടി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഒരു പെൺകുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം.
ഈ തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടാൽ അക്കൗണ്ട് “ഡിഫോൾട്ട്” ആയി മാറും. അക്കൗണ്ട് തുറന്ന് 15 വർഷത്തിനുള്ളിൽ, കുടിശ്ശികയുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപവും പ്രതിവർഷം 50 രൂപ പിഴയും അടച്ചുകൊണ്ട് ഡിഫോൾട്ട് ആയ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാവുന്നതാണ്.
തപാൽ വകുപ്പിന്റെ സർക്കുലർ (2024 ഓഗസ്റ്റ് 21) പ്രകാരം, പെൺകുട്ടിയുടെ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ മാത്രമേ അക്കൗണ്ട് കൈകാര്യം ചെയ്യാൻ കഴിയൂ.
മകൾക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ മാതാപിതാക്കൾ എല്ലാ വർഷവും 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 15 വയസ്സിനുള്ളിൽ ആകെ സംഭാവന 22.5 ലക്ഷം ആയിരിക്കും. ശരാശരി 8.2% പലിശ നിരക്കിൽ, അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോഴേക്കും ഈ നിക്ഷേപം 70 ലക്ഷം രൂപയായി വളരും.