Coconut Oil Price: വെളിച്ചെണ്ണ വില കുറച്ച് നൽകി, ഓണവിപണിയിൽ റെക്കോർഡ് വരുമാനവുമായി സപ്ലൈകോ
Supplyco Onam Sale: ഒരു കാർഡിന് 8 കിലോഗ്രാം സബ്സിഡി നിരക്കിലും ഓണത്തിന് കാർഡ് ഒന്നിന് 20 കിലോ അരി 25 രൂപ നിരക്കിലും അധികമായി നൽകി.
തിരുവനന്തപുരം: ഓണവിപണിയിൽ റെക്കോർഡ് വരുമാനവുമായി സപ്ലൈകോ. തിങ്കളാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 319.3 കോടി രൂപ വിറ്റുവരവ് നേടിയതായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ പറഞ്ഞു. വെളിച്ചെണ്ണ വില കുറച്ച് നൽകിയ നീക്കമാണ് സപ്ലൈകോയ്ക്ക് നേട്ടമായത്. 457 രൂപ വിലയുള്ള കേരവെളിച്ചെണ്ണ ഓഗസ്റ്റ് 25 മുതൽ വില 429 രൂപയായി കുറച്ചിരുന്നു.
ശബരിയുടെ ഒരുലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 349 രൂപയായിരുന്നത് 339 രൂപയായും സബ്സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽനിന്ന് 389 രൂപയായും കുറച്ചിരുന്നു. കൂടാതെ 25 രൂപ നിരക്കിൽ 20 കിലോ അരിയും ലഭ്യമാക്കിയതോടെ ജനം സപ്ലൈകോയിൽ ഇടിച്ചുകയറി. വെളിച്ചെണ്ണ വില ഇനിയും കുറയ്ക്കും. ഒരു ബില്ലിന് ഒരുലിറ്റർ കേര വെളിച്ചെണ്ണ എന്ന നിബന്ധനയിൽ മാറ്റം വരുത്തിയതായും മന്ത്രി അറിയിച്ചു.
വെളിച്ചെണ്ണ, അരി, മുളക് എന്നിവയുടെ കാര്യത്തിൽ വിപണി ഇടപെടൽ ഫലപ്രദമായി. ഓണം പ്രമാണിച്ച് 92.8 ലക്ഷം കിലോ അരിയാണ് വിറ്റുപോയത്. ഒരു കാർഡിന് 8 കിലോഗ്രാം സബ്സിഡി നിരക്കിലും ഓണത്തിന് കാർഡ് ഒന്നിന് 20 കിലോ അരി 25 രൂപ നിരക്കിലും അധികമായി നൽകി.
48,15 ലക്ഷം പേർ സപ്ലൈകോയിൽ എത്തിയതായാണ് കണക്ക്. 250ലേറെ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾ വില കുറവിൽ നൽകി. ഇത്തവണ 300 കോടിയുടെ വിൽപനയാണ് പ്രതീക്ഷിച്ചതെങ്കിലും അതിൽ കൂടുതൽ വരുമാനം നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.