UPI Payment Updates : വ്യക്തിഗത യൂപിഐ ഇടപാടുകൾ സൗജന്യമായി തുടരും; എംഡിആർ വ്യാപാരികളുടെ വലിയ ഇടപാടുകൾക്ക് മാത്രം
UPI Payment Latest Updates And MDR New Rule : വ്യക്തിഗത ഇടപാടുകൾക്ക് ബാങ്കുകളോ യുപിഐ ആപ്പുകളോ യാതൊരുവിധ പ്ലാറ്റ്‌ഫോം ഫീസോ അധിക നിരക്കോ ഈടാക്കില്ല. 2,000 രൂപ വരെയുള്ള എല്ലാത്തരം വ്യാപാരി പേയ്‌മെന്റുകൾക്കും എംഡിആർ ഈടാക്കില്ലെന്ന് എൻപിസിഐ വ്യക്തമാക്കി
യുപിഐ ഇടപാടുകളിൽ പുതിയ പരിഷ്കാരങ്ങളുമായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI). വ്യക്തികൾ തമ്മിലുള്ള എല്ലാ ഇടപാടുകളും പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും, ഉപഭോക്താക്കൾ യാതൊരുവിത സേവന നിരക്കുകളും നൽകേണ്ടതില്ലെന്നും NPCI വ്യക്തമാക്കി. എന്നാൽ 2,000 രൂപയ്ക്ക് മുകളിലുള്ള ചില വലിയ വ്യാപാര ഇടപാടുകൾക്ക് (P2M) കുറഞ്ഞ നിരക്കിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്തുമെന്ന് എൻപിസിഐ അറിയിച്ചു. വ്യാപാരികൾ നടത്തുന്ന ഇടപാടുകൾക്ക് ആകെ വരുന്ന തുകയുടെ 96 ശതമാനത്തെയും പുതിയ തീരുമാനം ബാധിക്കില്ല. ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ യുപിഐ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എൻപിസിഐ വ്യക്തമാക്കി.
സൗജന്യമായി തുടരുന്ന സേവനങ്ങൾ
- ഒരു വ്യക്തി മറ്റൊരു വ്യക്തിയിലേക്ക് അയക്കുന്ന തുകയ്ക്ക് അ തുകയുടെ പരിധിയില്ലാതെ പൂർണ്ണമായും സൗജന്യമായിരിക്കും. ഇതിന് ബാങ്കുകളോ യുപിഐ ആപ്പുകളോ യാതൊരുവിധ പ്ലാറ്റ്‌ഫോം ഫീസോ അധിക നിരക്കോ ഈടാക്കില്ല.
- ₹2,000 വരെയുള്ള വ്യാപാരി ഇടപാടുകൾ: ₹2,000 വരെയുള്ള എല്ലാത്തരം വ്യാപാരി പേയ്‌മെന്റുകൾക്കും എം.ഡി.ആർ ഈടാക്കില്ല.
- ക്യു.ആർ കോഡ് വഴി മാസം ₹1 ലക്ഷം വരെ സ്വീകരിക്കുന്ന തെരുവ് കച്ചവടക്കാർക്കും ചെറുകിട സ്ഥാപനങ്ങൾക്കും ഇടപാടുകൾ പൂർണ്ണമായും സൗജന്യമായിരിക്കും.
എം.ഡി.ആർ ബാധകമാകുന്നത് എപ്പോൾ?
2,000 രൂപയ്ക്ക് മുകളിലുള്ള വലിയ പി2എം ഇടപാടുകൾക്ക് 0.4% നിരക്കിൽ എം.ഡി.ആർ ബാധകമാകും. എന്നാൽ 75,000 രൂപ അല്ലെങ്കിൽ അതിന് മുകളിലുള്ള ഇടപാടുകൾക്ക് എം.ഡി.ആർ പരമാവധി 300 രൂപ ആയി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കൃഷി തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫ്ലാറ്റ് നിരക്കായി അഞ്ച് രൂപ മാത്രമായിരിക്കും എം.ഡി.ആർ. മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി ഇടപാടുകൾക്ക് 0.02% എം.ഡി.ആർ ബാധകമായിരിക്കും അതിൻ്റെ പരമാവധി 300 രൂപയാണ്.
ഉപഭോക്താക്കൾ പണം നൽകേണ്ടതുണ്ടോ?
എംഡിആർ ഉപയോക്താക്കളെ ബാധിക്കില്ല.. എം.ഡി.ആർ എന്നത് വ്യാപാരികളും ബാങ്കുകളും തമ്മിലുള്ള നിരക്കാണ്. ഇതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാൻ പാടില്ലെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം എൻപിസിഐ നൽകിയിട്ടുണ്ട്. കൂടാതെ, യുപിഐ ആപ്പുകൾക്ക് പ്ലാറ്റ്‌ഫോം ഫീസോ മറ്റ് മറഞ്ഞിരിക്കുന്ന നിരക്കുകളോ ഈടാക്കാൻ അനുമതിയില്ല. ദിവസേനയുള്ള ഇടപാടുകൾക്ക് യാതൊരുവിധ പ്രതിമാസ ലിമിറ്റോ ചാർജുകളോ ഉണ്ടാകില്ല.
ചെറുകിട വ്യാപാരികൾക്കായി പുതിയ ഫണ്ട്
വ്യാപാരികളിൽ നിന്നും പിരിച്ചെടുക്കുന്ന ആകെ എം.ഡി.ആർ തുകയുടെ 5 ശതമാനം ഉപയോഗിച്ച് ചെറുകിട വ്യാപാരികൾക്കിടയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കും. ഇത് ഗ്രാമീണ-നഗര മേഖലകളിൽ യുപിഐ ശൃംഖല വ്യാപിപ്പിക്കാൻ സഹായിക്കും.
2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം യുപിഐ സ്റ്റീയറിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകളുടെ സാങ്കേതിക സൗകര്യങ്ങളും സൈബർ സുരക്ഷയും മെച്ചപ്പെടുത്താൻ ഈ ഫണ്ട് ബാങ്കുകൾക്കും പേയ്‌മെന്റ് ആപ്പുകൾക്കും സഹായകരമാകും. സാധാരണക്കാർക്ക് യുപിഐ സൗജന്യമായി തന്നെ തുടരും.