AI curriculum for schools: സ്‌കൂളുകള്‍ക്കായി എഐ പാഠ്യപദ്ധതി ഒരുങ്ങുന്നു; ഐഐടി പ്രൊഫസറുടെ നേതൃത്വത്തില്‍ പാനല്‍ രൂപീകരിച്ച് സിബിഎസ്ഇ
Artificial Intelligence and Computational Thinking curriculum: 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കംപ്യൂട്ടേഷണൽ തിങ്കിങു'മായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി ഐഐടി മദ്രാസ് പ്രൊഫസറുടെ നേതൃത്വത്തില്‍ സിബിഎസ്ഇ വിദഗ്ധ സമിതി രൂപീകരിച്ചു

CBSE
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി ഐഐടി മദ്രാസ് പ്രൊഫസറുടെ നേതൃത്വത്തില്‍ സിബിഎസ്ഇ വിദഗ്ധ സമിതി രൂപീകരിച്ചു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കംപ്യൂട്ടേഷണൽ തിങ്കിങു’മായി (എഐ & സിടി) ബന്ധപ്പെട്ടാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. 2026-27 മുതൽ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കരിക്കുലം വികസിപ്പിക്കുന്നത്.
സിബിഎസ്ഇ, എൻസിഇആർടി, കെവിഎസ്, എൻവിഎസ്, അക്കാദമിക് വിദഗ്ധര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എഐ & സിടി പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി ഐഐടി മദ്രാസിലെ ഡാറ്റാ സയൻസ്, എഐ വിഭാഗം പ്രൊഫസർ കാർത്തിക് രാമന്റെ അധ്യക്ഷതയിലാണ് വിദഗ്ദ സമിതി രൂപീകരിച്ചതെന്ന് വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു.
എഐ & സിടി പാഠ്യപദ്ധതി ‘ലേണിങ്’, ‘തിങ്കിങ്’, ‘ടീച്ചിങ്’ എന്നിവയെ ശക്തിപ്പെടുത്തുമെന്നും, പൊതുനന്മയ്ക്കായി എഐ എന്ന ആശയത്തിലേക്ക് ക്രമേണ വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുന്നതിനും, എഐ ധാര്‍മികമായി ഉപയോഗിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പാണിതെന്നും സഞ്ജയ് കുമാര്‍ വ്യക്തമാക്കി.
പാഠ്യപദ്ധതി വിശാലാടിസ്ഥാനത്തിലുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകും. 2023 ലെ നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (NCF-SE) അനുസരിച്ചാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിയുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എൻസിആർടിയും സിബിഎസ്‌ഇയും തമ്മിലുള്ള ഏകോപനത്തിലൂടെ ഇത് സുഗമമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, 18,000-ത്തിലധികം സിബിഎസ്ഇ സ്കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ 15 മണിക്കൂര്‍ മൊഡ്യൂള്‍ വരെ എഐ ഒരു സ്‌കില്‍ സബ്ജക്ടായി നല്‍കുന്നുണ്ട്. എന്നാല്‍ 9-12 ക്ലാസുകളില്‍ ഇത് ഓപ്ഷണല്‍ വിഷയമാണ്.