KEAM 2026: എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം
Kerala Engineering Supplementary Rank List: 2026-27 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കീം പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജൂണ്‍ 27-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
2026-27 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കീം പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ജൂണ്‍ 27-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുകയും, എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ റാങ്ക് ലിസ്റ്റ് ഉള്‍പ്പെടാതിരുന്നവര്‍ക്ക് സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഒരു സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ അഡ്മിഷന്‍ നേടുന്നതിന് അര്‍ഹരായവരുടെ സപ്ലിമെന്ററി റാങ്ക് ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. സംശയമുണ്ടെങ്കില്‍ 04712332120, 2338487 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ സഹായം തേടാം.
ഫാര്‍മസി അലോട്ട്‌മെന്റ്
അതേസമയം, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളേജുകളിലെ ഫാര്‍മസി കോഴ്‌സിലേക്ക് ഓണ്‍ലൈനായി ഓപ്ഷനുകള്‍ നല്‍കാം.
ജൂലൈ 31-ന് വൈകുന്നേരം നാലു മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഓഗസ്ത് ഒന്നിന് താത്കാലിക അലോട്ട്‌മെന്റ് പുറത്തുവിടും. ഓഗസ്ത് രണ്ടിനാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്.
ഓഗസ്ത് മൂന്ന് മുതല്‍ ഓഗസ്ത് അഞ്ച് വരെയുള്ള സമയപരിധിക്കുള്ളില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കേണ്ടതും, അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ അഡ്മിഷന്‍ നേടേണ്ടതുമാണ്. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളുടെ സമയക്രമം സമയാസമയങ്ങളില്‍ വിജ്ഞാപനത്തിലൂടെ പുറത്തുവിടും.
ഫാര്‍മസി കോഴ്‌സിലെ അഡ്മിഷന് ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ടായിരം രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ച അഡ്മിഷന്‍ നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും.
ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള പരിശോധന
മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ അഡ്മിഷന് അപേക്ഷിച്ചവരില്‍ ഭിന്നശേഷി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓഗസ്ത് ആദ്യ വാരം തിരുവനന്തപുരത്ത് നടക്കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാകാന്‍ താത്പര്യമുണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.
മെയ് 20 മുതല്‍ മെയ് 23 വരെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വെച്ച് മെഡിക്കല്‍ ബോര്‍ഡ് നടത്തിയിരുന്നു. ഇതില്‍ ഹാജരാകാത്തവര്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. ജൂലൈ 31-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ceekinfo.cee@kerala.gov.in എന്ന ഇമെയില്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
English Summary
The supplementary rank list for 2026-27 engineering admissions has been published. It includes candidates who qualified the entrance exam but failed to upload their Plus Two marks on time. This list allows eligible students to apply for management quota seats in self-financing engineering colleges. Candidates can view the list on the official website or contact the helpline numbers for queries.