Kerala Christmas Exam 2025: ക്രിസ്മസ് പരീക്ഷാ ടൈം ടേബിള്‍ പുറത്ത്; അവധിയുടെ കാര്യത്തിലും തീരുമാനം
Kerala Christmas Exam And Holiday 2025: ക്രിസ്മസ് പരീക്ഷയുടെ ടേം ടേബിള്‍ പുറത്ത്. അഞ്ച്, മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 15 മുതല്‍ 23 വരെ പരീക്ഷ നടത്തും. ഒന്ന് മുതല്‍ നാലു വരെയുള്ള കുട്ടികള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ നടത്തുന്നത്. അവധി ഡിസംബര്‍ 24ന് ആരംഭിക്കും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ടേം ടേബിള്‍ പുറത്ത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തും. അഞ്ച്, മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 15 മുതല്‍ 23 വരെ പരീക്ഷ നടത്തും. ഒന്ന് മുതല്‍ നാലു വരെയുള്ള കുട്ടികള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ നടത്തുന്നത്. അവധി ഡിസംബര്‍ 24ന് ആരംഭിക്കും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനഃരാരംഭിക്കും. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളത് കണക്കിലെടുത്താണ് പരീക്ഷ പുനഃക്രമീകരിച്ചത്.
ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണും. മിക്കയിടത്തും വോട്ടെടുപ്പ് നടക്കുന്നത് സ്‌കൂളുകളിലാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് സമയത്ത് പരീക്ഷ നടത്തുന്നത് അപ്രായോഗികമാണ്. ഇതും കൂടി കണക്കിലെടുത്താണ് പരീക്ഷ പുനഃക്രമീകരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷ രണ്ട് ഘട്ടമായി നടത്തുന്നത് നേരത്തെ ആലോചനയിലുണ്ടായിരുന്നു. അവധിക്ക് മുമ്പും ശേഷവും പരീക്ഷ നടത്താനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ രണ്ടു ഘട്ടമായി പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ തീരുമാനിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പുകള്‍ പരീക്ഷാ സമയത്ത് പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ കലണ്ടര്‍ താളം തെറ്റി. നേരത്തെ തീരുമാനിച്ച വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11നായിരുന്നു ക്രിസ്മസ് പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. അവധി ഡിസംബര്‍ 20ന് ആരംഭിക്കേണ്ടതായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്നും നാല് ദിവസം വൈകിയാണ് ഇത്തവണ പരീക്ഷ ആരംഭിക്കുന്നത്. 15ന് തുടങ്ങുന്ന പരീക്ഷ 20നുള്ളില്‍ പൂര്‍ത്തിയാക്കുക അസാധ്യമായതിനാല്‍ അവധിയും പുനക്രമീകരിക്കേണ്ടി വന്നു. വോട്ടെണ്ണലിന് ശേഷമുള്ള തൊട്ടടുത്ത പ്രവൃത്തി ദിനം കണക്കാക്കിയാണ് 15ന് പരീക്ഷ ആരംഭിക്കാന്‍ തീരുമാനിച്ചത്.