Kerala Gramin Bank Recruitment: കേരള ഗ്രാമീൺ ബാങ്കിൽ 350 ഒഴിവുകൾ; അഭിമുഖമില്ല, ഉടൻ അപേക്ഷിക്കൂ
Kerala Gramin Bank Assistant Recruitment 2025: അഭിമുഖമില്ലാതെ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 21ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.

പ്രതീകാത്മക ചിത്രം
കേരള ഗ്രാമീൺ ബാങ്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 350 ഒഴിവുകളാണ് ഉള്ളത്. അഭിമുഖമില്ലാതെ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 21.
അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദവും പ്രാദേശിക ഭാഷയായ മലയാളത്തിൽ പ്രാവീണ്യവും ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകരുടെ പ്രായം 2025 സെപ്റ്റംബർ 9ന് 18നും 25 വയസിനും ഇടയിലായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.
പ്രിലിമിനറി, മെയിൽ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷകൾ അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സിലക്ഷൻ (IBPS) ഉദ്യോഗാർഥികളെ ബാങ്കിലേക്ക് തിരഞ്ഞെടുക്കുന്നത്. റീസണിങ്ങ് (40 ചോദ്യങ്ങൾ, 40 മാർക്ക്, 25 മിനിറ്റ്) ന്യൂമറിക്കൽ എബിലിറ്റി (40 ചോദ്യങ്ങൾ, 40മാർക്ക്, 20 മിനിറ്റ്) എന്നീ രണ്ട് വിഷയങ്ങൾ മാത്രമാണ് പ്രിലിമിനറി പരീക്ഷയ്ക്ക് ഉള്ളത്. ഇതിൽ യോഗ്യത നേടുന്നവരെയാണ് മെയിൻ പരീക്ഷയ്ക്ക് വിളിക്കുക.
മെയിൻ പരീക്ഷയ്ക്ക് 200 മാർക്കിനുള്ള 200 ചോദ്യങ്ങളാണ് ഉണ്ടാവുക. ഓരോ തെറ്റുത്തരത്തിനും 0.25 നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുക. തുടർന്ന്, നിയമന നടപടികൾക്കായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികളുടെ വിവരങ്ങൾ ബാങ്കിന് കൈമാറും.
പ്രിലിമിനറി പരീക്ഷ നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിലും, മെയിൻ പരീക്ഷ ഡിസംബറിനും 2025 ഫെബ്രുവരിക്കും ഇടയിലായിരിക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മെയിൻ പരീക്ഷക്ക് കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും സെന്ററുകൾ ഉണ്ടാകും. 850 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക/ ഭിന്നശേഷി/ വിമുക്‌തഭടന്മാർ-ആശ്രിതർ എന്നിവർക്ക് 175 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.ibps.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.