Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം; ആദ്യ ആലോട്ട്മെൻ്റ് എന്ന്? ക്ലാസ് ആരംഭിക്കുന്നത് ജൂണിൽ തന്നെ
Kerala HSCAP Plus One First Allotment Date: ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിഷൻ പെർമനൻ്റായോ താൽക്കാലികമായോ എടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുളള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതായിരിക്കില്ല. അവർ ഏകജാലക സംവിധാനത്തിൽ നിന്നും പുറത്താകുന്നതായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് തീയതി പ്രഖ്യാപിച്ചു. തുടർന്ന് മൂന്ന് ദിവസത്തേക്ക് വിദ്യാർഥികൾക്ക് പ്രവേശനം തേടാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റ് ജൂൺ രണ്ടിന് നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്മെൻ്റ് പ്രസ്ദ്ധീകരിച്ച ശേഷം, ജൂൺ മൂന്നിന് രാവിലെ പത്ത് മണി മുതൽ ജൂൺ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ വിദ്യാർഥികൾക്ക് പ്രവേശനം തേടാവുന്നതാണ്.
ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിഷൻ പെർമനൻ്റായോ താൽക്കാലികമായോ എടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുളള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതായിരിക്കില്ല. അവർ ഏകജാലക സംവിധാനത്തിൽ നിന്നും പുറത്താകുന്നതായിരിക്കും.
ആദ്യ അലോട്ടുമെൻ്റിനോടൊപ്പം തന്നെ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്. അലോട്ട്‌മെന്റുകൾ പൂർത്തീകരിച്ച് പ്ലസ്‍ വൺ ക്ലാസ്സുകൾ ജൂൺ 18-ന് തന്നെ ആരംഭിക്കുമെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചിരിക്കുന്നത്.
പ്ലസ് വൺ 2025 പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ചത് 4,62,768 അപേക്ഷകളാണ്. ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്‌മെന്റ് മെയ് 24-നാണ് പ്രസിദ്ധീകരിച്ചത്.
പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് (TC & CC), ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കേണ്ടതാണ്. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ അവരുടെ റേഷൻ കാർഡ് കൂടെ കയ്യിൽ കരുതുക.