AFCAT 2025: വ്യോമസേനയില്‍ ഓഫീസറാകാം, 1.77 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
AFCAT 2 Recruitment 2025 details in Malayalam: പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ജൂലൈയില്‍ പരിശീലനം തുടങ്ങും. ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ 62 ആഴ്ചയാകും പരിശീലനം. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 52 ആഴ്ചയാകും പരിശീലനം
ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫീസറാകാന്‍ അവസരം. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (AFCAT) ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം. ജൂലൈ 26ന് തുടങ്ങുന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഫ്‌ളൈയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ച് എന്നീ വിഭാഗങ്ങളിലാണ് അവസരം. ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഫ്‌ളൈയിങ് ബ്രാഞ്ച് വിഭാഗത്തില്‍ 20 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത് 2002 ജൂലൈ രണ്ടിനും, 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. ഡിജിസിഎ അംഗീകരിച്ച സാധുതയുള്ള കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സുള്ള 26 വയസ് വരെയുള്ളവര്‍ക്കും അപേക്ഷിക്കാം.
20-26 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തിലേക്ക് അയയ്ക്കാം. careerindianairforce.cdac.in, afcat.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ വിശദമായ വിജ്ഞാപനം ലഭ്യമാകും. 550 രൂപയും, ജിഎസ്ടിയും ആണ് അപേക്ഷാ ഫീസ്. എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി വഴി അപേക്ഷിക്കുന്നവര്‍ക്ക് ഫീസില്ല.




പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം ജൂലൈയില്‍ പരിശീലനം തുടങ്ങും. ഫ്‌ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ 62 ആഴ്ചയാകും പരിശീലനം. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ 52 ആഴ്ചയാകും പരിശീലനം.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി ഫ്‌ളൈയിങ് ഓഫീസറായി നിയമിക്കപ്പെടുന്നവരുടെ പേ സ്‌കെയില്‍ 56100-177500 ആണ്. വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമായതിന് ശേഷം അത് പൂര്‍ണമായും വായിച്ച് മനസിലാക്കണം. തുടര്‍ന്ന് afcat.cdac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും.