Govind Krishnan: നാലാം ക്ലാസിൽ സ്കൂൾ വിട്ടു, വേദം പഠിച്ചു; ഇന്ന് ഐഎസ്ആർഒയിൽ
Govind Krishnan’s Journey to ISRO Scientist: നാലാം ക്ലാസ്സിന് ശേഷം സാധാരണ സ്കൂൾ പഠനം ഉപേക്ഷിച്ച് തൃശ്ശൂരിലെ ഗുരുകുലത്തിൽ യജുർവേദം പഠിക്കാൻ പോയ ഗോവിന്ദ്, വർഷങ്ങൾക്കിപ്പുറം ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയെ നേരിട്ട്, ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി എത്തിയിരിക്കുകയാണ്. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് നാലാം ക്ലാസ്സ് പൂർത്തിയാക്കിയ ശേഷമാണ് ഗോവിന്ദ് വേദപഠനത്തിലേക്ക് തിരിഞ്ഞത്.
പരമ്പരാഗത വിദ്യാഭ്യാസ രീതികളും ആധുനിക ബഹിരാകാശ ശാസ്ത്രവും ഒത്തുചേരുന്ന അപൂർവ്വ കഥയാണ് കണ്ണൂർ കൈതപ്രം സ്വദേശിയായ ഗോവിന്ദ് കൃഷ്ണൻ എന്ന യുവാവിന് പറയാനുള്ളത്. നാലാം ക്ലാസ്സിന് ശേഷം സാധാരണ സ്കൂൾ പഠനം ഉപേക്ഷിച്ച് തൃശ്ശൂരിലെ ഗുരുകുലത്തിൽ യജുർവേദം പഠിക്കാൻ പോയ ഗോവിന്ദ്, വർഷങ്ങൾക്കിപ്പുറം ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയെ നേരിട്ട്, ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി എത്തിയിരിക്കുകയാണ്.
നാലാം ക്ലാസ്സിൽ സ്കൂൾ വിട്ടതിന് കാരണം..
2011-ൽ പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് നാലാം ക്ലാസ്സ് പൂർത്തിയാക്കിയ ശേഷമാണ് ഗോവിന്ദ് വേദപഠനത്തിലേക്ക് തിരിഞ്ഞത്. 2009-ൽ ഇന്ത്യൻ നേവിയിൽ നിന്ന് സ്വയം വിരമിച്ച പിതാവ് ഹരീഷ് കുമാറിന്റെ താൽപ്പര്യപ്രകാരമായിരുന്നു അത്. ഉപനയനത്തിന് പിന്നാലെ തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിൽ യജുർവേദം പഠിക്കാനായി ചേർന്നു.
പാഠപുസ്തകങ്ങളോ ക്ലാസ്സ് മുറികളോ ഇല്ലാത്ത, കേട്ടറിവിലൂടെയും മനഃപാഠത്തിലൂടെയും അറിവ് നേടുന്ന ഗുരുകുല സമ്പ്രദായവുമായി പൊരുത്തപ്പെടുക തുടക്കത്തിൽ പ്രയാസമായിരുന്നു. വീട്ടുകാരിൽ നിന്ന് മാറിനിൽക്കുന്നതിന്റെ വിഷമങ്ങളുണ്ടായിരുന്നെങ്കിലും, അഞ്ച് പേരടങ്ങുന്ന ബാച്ചിൽ അഞ്ച് വർഷത്തെ കോഴ്സ് വെറും നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഗോവിന്ദിന് സാധിച്ചു.
ALSO READ: എറണാകുളം നാഷണൽ ആയുഷ് മിഷനിൽ വൻ ഒഴിവുകൾ; യോഗ്യതയും അപേക്ഷാ രീതിയും അറിയാം
വേദപഠനവും സ്കൂൾ പഠനവും
ഗുരുകുല പഠനത്തിനിടയിലും വിദ്യാഭ്യാസവുമായുള്ള ബന്ധം ഗോവിന്ദ് പൂർണ്ണമായി ഉപേക്ഷിച്ചിരുന്നില്ല. അടുത്തുള്ള സർക്കാർ സ്കൂളിൽ പേര് ചേർത്ത് പരീക്ഷകൾ എഴുതിയിരുന്നു. ഗുരുകുല പഠനത്തിന്റെ അഞ്ചാം വർഷം തൃശ്ശൂർ നടുവിലാൽ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ്സിൽ ചേർന്ന് റെഗുലർ പഠനം പുനരാരംഭിച്ചു.
രാവിലെ 8.30 വരെ ഗുരുകുലത്തിലെ പഠനം, തുടർന്ന് സ്കൂൾ, വൈകുന്നേരം തിരിച്ചെത്തി രാത്രി 9 മണി വരെ വീണ്ടും വേദപഠനം, അതിനുശേഷം രാത്രി 11 മണി വരെ സ്കൂൾ പാഠഭാഗങ്ങളുടെ പഠനം എന്നിങ്ങനെയായിരുന്നു ഗോവിന്ദിന്റെ ദിനചര്യ. പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. തുടർന്ന് മംഗളൂരു മൂഡബിദ്രിയിലെ ആൽവാസ് കോളേജിൽ നിന്ന് ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കി.
ഐഐഎസ്ടി വഴി ഐഎസ്ആർഒയിലേക്ക്
പ്ലസ് ടു പഠനത്തോടൊപ്പം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി തയ്യാറെടുത്ത ഗോവിന്ദ് ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ മികച്ച വിജയം നേടി. 2021-ൽ തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിടെക് കോഴ്സിന് പ്രവേശനം ലഭിച്ചു. 2025-ൽ ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെട്ട ഗോവിന്ദ്, തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് നിയമിതനായത്.
English Summary:
Govind Krishnan, has achieved an inspiring milestone by securing selection for a scientist’s position at the Indian Space Research Organisation, despite taking an unconventional educational path. He left regular schooling after Class 4 in 2011 to study Yajurveda at the traditional Bhramaswam Madham Gurukula in Thrissur.